2017, ജനുവരി 30, തിങ്കളാഴ്‌ച

A Rainy Day at Tapkeshwar

    തപകേശ്വരിൽ  ഒരു മഴക്കാലം  ...

        മഴ  പെയ്യിതിറങ്ങുകയാണ്  ശിവാലിക്ക്  കുന്നുകളുടെ  താഴ്വരകളിലൂടെ  ത പകേശ്വരൻറ്റെ  തിരുസന്നിധിയിലേക്ക്  .....
താമസാ നദിയുടെ  തീരങ്ങളിലേക്ക് ....
തമസാ നദിക്കരയിലെ  പച്ചിലക്കാടുകളിൽ  പുതു ജീവൻറ്റെ   അമൃത വർഷം .....
ഗരി  കാന്റിൻറ്റെ ( Garhi Cantt ) വഴിത്താരകളിലൂടെ   ഒഴുകിയിറങ്ങുന്ന  മഴവെള്ളം   തപകേശ്വരൻറ്റെ   കൽപ്പടവുകളെ  ശുദ്ധിചെയ്ത്  തമസയുടെ   പ്രവാങളിലേക്ക്   വിലയം  പ്രാപിക്കുന്നു  ....
ഇവിടെ,  ഈ   തപകേശ്വര സന്നിധിയിൽ  പ്രകൃതി  സജീവമാകുകയാണ്  .....
മഴത്തുള്ളികൾ   മരച്ചില്ലകളിൽ  മന്ത്രധ്വനിമുഴക്കുന്നു  .....
കാടിൻറ്റെ  ഉള്ളറകളിൽ   കാട്ടുകിളികളുടെ   നനഞ്ഞ  ചിറകടി ഒച്ചകൾ ....
മഴയുടെ  ഹർഷാരവത്തിൽ   ഹർഷപുളകിതയായി   ഒഴുകുന്ന  തമസയുടെ  കുഞ്ഞോളങ്ങൾ    കാലങ്ങൾ  താണ്ടിയെത്തുന്ന  കഥകൾ  പാടുന്നു ....
                  പണ്ടു പണ്ട്  തമസാ നദിക്കരയിൽ   തപസ്സിരുന്ന   ഒരു  താപസന്റെയും   പുത്രൻറ്റേയും   കഥ  ..... പാണ്ഡവരുടെ   കുലഗുരുവായ   ദ്രോണാചാര്യരുടെയും    പുത്രൻറ്റേയും   കഥ  ......
അതെ  , ദ്രോണർ   തപസ്സിരുന്ന   ഗുഹയിലാണ്   ഇന്ന്   തപകേശ്വര മഹാദേവൻ   കുടിയിരിക്കുന്നത്  ..... 
ദ്രോണപുത്രൻ  അശ്വസ്‌ഥാമാവ്  പാലിനുവേണ്ടി   ദാഹിച്ചു കരയുന്നത്   കേട്ടാണത്രെ   പരമശിവൻ   ഈ  ഗുഹയിൽ   പ്രക്ത്യക്ഷപ്പെട്ടത്  ......
മഹാദേവൻറ്റെ   ദിവ്യ തേജസിൽ   ഈ  ഗുഹയിലെ  ഓരോ കൽതുമ്പിലൂടെയും   പാൽ  അമൃതവർഷം  പോലെ  പേയ്യ്തിറങ്ങിയത്രെ  ...
പാൽകുടിച്ച്   ദാഹം  തീർത്ത   ആശ്വസ്താമാവിൻറ്റെ   കുഞ്ഞിളം  ചുണ്ടിൽ  നോക്കി  മഹാദേവൻ   മന്ദഹസിച്ചു  ....
 ഈ  അത്ഭുതം  ഇന്നും  നിർബാധം  തുടരുന്നു  എന്ന്  ജനങ്ങൾ  വിശ്വസിക്കുന്നു  .... ഗുഹയിൽ  കുടിയിരിക്കുന്ന  മഹാദേവൻറ്റെ   പ്രതിരൂപമായ  ശിവ ലിംഗത്തിൽ   പാൽ നിറത്തിൽ  ജലത്തുള്ളികൾ  നിരന്തരം  ഇറ്റുവീണുകൊണ്ടിരിക്കുന്നു  ......
മനുഷ്യ സ്‌പർശം  ഏൽക്കാത്ത   ഈ  നിത്യാഭിക്ഷേകം   ഇന്നും  നിർബാധം  തുടരുന്നു  .....
 അപൂർവങ്ങളിൽ   അപൂർവമായ  ഈ  രുദ്രാക്ഷ  ശിവലിംഗത്തിൽ  കൈകൾ  അമർത്തുമ്പോൾ   5000  വർഷം   പഴക്കമുള്ള  മഹാഭാരത  കാലഘട്ടം   മനസ്സിൽ  നിറയുന്നു  ....
. തമസയുടെ  തീരത്തുനിന്ന്  പാണ്ഡവരുടെ  പ്രാർത്ഥന   ഞാൻ  കേൾക്കുന്നു   ......അകലെയെവിടെയോ   ദാഹിച്ചു  കരയുന്ന   ആശ്വസ്താമാവിൻറ്റെ   നിലവിളികൾ  ഞാൻ  കേൾക്കുന്നു ..... സാന്ത്വന സ്പർശവുമായി  എത്തുന്ന  മഹാദേവൻറ്റെ  മന്ദസ്‌മിതം   ഞാൻ  അടുത്തറിയുന്നു   ..... 
അപ്പോഴും  മഴപെയ്യുകയാണ്  ....ഡൂൺ  താഴവരകളുടെ  കുളിരലകളുമായി ....
രുദ്ര സംഗീതത്തിൻ്റെ  ഈരടികളുമായി ...  മഴപെയ്തിറങ്ങുകയാണ്  
തസയുടെ  തീരങ്ങളിലേക്ക്  .... പിന്നെ  എൻറ്റെ  മനസ്സിലേക്കും  .....

ഉത്തരാഖണ്ഡിന്റ്റെ  തലസ്ഥാനമായ  ഡെറാഡൂൺ  നഗര ഹൃദയത്തിൽ  നിന്നും  ഏതാണ്ട്  8 കിലോമീറ്റർ അകലെ  ഗാർഹി (Garhi ) കൺറ്റോൺ മെൻറ്റ്  പ്രവിശ്യയിലാണ്  തപകേശ്വർ  മഹാദേവ  ക്ഷേത്രം  സ്ഥിതി ചെയ്യുന്നത് .
വനഛായയുടെ  ഹരിത സമൃദ്ധിയിൽ , താമസനദിയുടെ  കുളിരലകൾക്കരുകിൽ  സ്ഥിതി ചെയ്യുന്ന  വളരെ  പുരാതന  ഗുഹാക്ഷേത്രമാണ്  തപകേശ്വർ .

ഐതിഹാസികമായ  മഹാഭാരത  ചരിത്രത്തലെ  പാണ്ഡവരുടെ  കുലഗുരുവായ  ദ്രോണാചാര്യർ  തപസനുഷ്‌ഠിച്ച ദ്രോണഗുഹയാണ്  തപകേശ്വർ  മഹാദേവ  ക്ഷേത്രമായി  രൂപാന്തരപ്പെട്ടത്. അതുകൊണ്ടുതന്നെ  ഈ ഗുഹാ  ക്ഷേത്രത്തിന്  5000  വർഷത്തെ  പഴക്കം  അനുമാനിക്കാം ....  ദ്രോണപുത്രനായ  ആശ്വാസത്താമാവിൻറ്റെ  ജന്മസ്ഥലം  കൂടിയാണിത് .....
പണ്ട്  ഡെറാഡൂൺ  ദ്രോണ നഗരി എന്ന്  അറിയപ്പെട്ടിരുന്നു  എന്ന്  പറയപ്പെടുന്നു .
' തപക്ക് ' എന്ന  ഹിന്ദി വാക്കിന്റ്റെ  അർഥം  'തുള്ളി ' എന്നാണ് . ഗുഹയുടെ  മുകൾ  പ്രതലത്തിൽ  നിന്നും  വെള്ളത്തുള്ളികൾ  സ്വയം ഭൂവായ  ശിവലിംഗത്തിൽ  നിരന്തരം  പതിക്കുന്നതു കൊണ്ടാവാം  ഈ  ശിവലിംഗ  പ്രതിഷ്‌ഠയ്‌ക്ക്  തപകേശ്വർ  എന്ന  പേരുവന്നത്  . ദ്രോണപുത്രൻ  ആശ്വസ്താമാവിൻറ്റെ  ദാഹം  തീർക്കാൻ  മഹാദേവൻ  പെയ്യ്തിറക്കിയ  പാൽജലം പിന്നീട്  ശിവലിംഗ  രൂപത്തിൽ  കൂടിയിരുന്ന  ശിവഭഗവാൻറ്റെ  മേൽ  നിത്യാഭിഷേകമായി  തുടരുന്നു  എന്നത്  പുരാവൃത്തം  ...... ചുണ്ണാമ്പു കല്ലുകൾ  നിറഞ്ഞ  ഗുഹയിലൂടെ  ഒഴുകിയിറങ്ങുന്ന വെള്ളത്തുള്ളികൾക്ക്  പാൽനിറം  വരുന്നത്  സ്വാഭാവികം  എന്ന്  ശാസ്ത്രം  പറയുന്നു  ....
ശാസ്ത്രവും  പുരാവൃത്തവും  എന്തുതന്നെ  ആയാലും  പ്രകൃതി  ഒരുക്കിയ  ഈ  നിത്യാഭിഷേകം  ഇന്നും  നിർബാധം  തുടരുന്നു  ....


തപകേശ്വർ  ക്ഷേത്രത്തിലെ  ശിവലിംഗം  ഒട്ടേറെ  പ്രത്യേകതകൾ  നിറഞ്ഞതാണ്.... ശിവലിംഗത്തിന്റ്റെ  മുകൾ അഗ്രത്തിൽ  അഭിഷേകങ്ങൾ  ഏറ്റുവാങ്ങി  ശിവൻറ്റെ  തൃക്കണ്ണുപോലെ  ഒരു  വലിയ രുദ്രാക്ഷം .ഇന്ത്യയിലെ  അപൂർവങ്ങളിൽ  അപൂർവമായ  രുദ്രാക്ഷ  ശിവലിംഗമാണിത് . 
ശിവരാത്രിയാണ്  തപകേശ്വറിലെ  പ്രധാന  ഉത്സവം . അന്ന്  തപകേശ്വര  സന്നിധി  ജനനിബിഢമാകും ...
വർണാലങ്കാരങ്ങൾ  ഏറ്റുവാങ്ങി  തമസയുടെ കുഞ്ഞോളങ്ങൾ  ഹർഷപുളകിതമാകും ....

       ആധുനികതയുടെ  കടന്നുകയറ്റം  ഏറെ  ഉണ്ടായിട്ടില്ലെങ്കിലും  തമസ്സാ നദിക്കരയിലേക്ക് പണിതിരിക്കുന്ന   വൃത്തിയുള്ള  പടിക്കെട്ടുകളും ,നദിക്ക് അക്കരെ  പടുത്തുയർത്തിയിരിക്കുന്ന  ആകാശം മുട്ടെ  ഉയർന്നു  നിൽക്കുന്ന  ഹനുമാൻ  പ്രതിമയും , സന്തോഷിമാതാ  ക്ഷേത്രവും , വൈഷ്ണവി  മാതാ ക്ഷേത്രവുമെല്ലാം  പ്രകൃതിയോട്  ഇണങ്ങി  നിൽക്കുന്നു ...

അതെ  പ്രകൃതി  ഇവിടെ  ഈ  തപകേശ്വര  സന്നിധിയിൽ  ഭക്തി സാന്ദ്രമാകുന്നു .....
മഴക്കാലത്ത്  താമസാ നദിയുടെ   തീരങ്ങൾ  സജീവമാകുന്നു ...
മഴപ്പുള്ളുകളുടെ  ചിറകടി ഒച്ചകൾ  മുഴങ്ങുന്ന വനഛായകൾ ;മഴത്തുള്ളികൾ  ഉന്മാദ നൃത്തം  ചവിട്ടുന്ന തമസയുടെ  ഓളപ്പരപ്പുകൾ ...നിറഞ്ഞൊഴുകുന്ന  തമസയുടെ  തീരങ്ങളിൽ  സഞ്ചാരികളുടെ  ഹർഷാരവങ്ങൾ  ....
അതെ  തമസാ തീരങ്ങൾ  മനസിൽ  ഒരു ഉന്മാദമായി  നിറയുകയാണ്.
തമസയുടെ തീരത്ത്  മഴതോർന്ന  ഇടവേളയിൽ  കാട്ടാറിൻറ്റെ  കുളിരറിയാൻ  തിടുക്കം  കൂട്ടുന്ന  കുട്ടികൾ ....പതഞ്ഞൊഴുകുന്ന  തമസാ നദിയുടെ  ആഴമളക്കാൻ  തീരങ്ങളിലൂടെ  ഓടിയിറങ്ങുന്ന  അരുന്ധതിയും  അതീന്ദ്രയും ....കുട്ടികൾക്കൊപ്പം  നിന്ന്  സെൽഫി  എടുക്കാൻ  തിടുക്കം  കൂട്ടുന്ന  ഭാര്യ  ലളിതാംബിക .....
പക്ഷെ  അപ്പോഴും  ഞാൻ  കാതോർത്തത്  തമസ  പാടുന്ന  പഴങ്കഥൾക്കായാണ് .....
അതെ  തമസാ നദി  ഇപ്പോഴും  പാടിക്കൊണ്ടിരിക്കുന്നു  ... പഞ്ചപാണ്ഡവന്മാരുടെ  പടയൊരുക്കത്തിൻറ്റെ   കഥകൾ ....  പാണ്ഡവഗുരു  ദ്രോണാചാര്യരുടെ  വീരചരിതങ്ങൾ ....അതിരുകൾ  താണ്ടുന്ന  അശ്വസ്താമാവിൻറ്റെ  അലമുറകൾ ....
ഇനിയും  വ്രണപ്പെടാത്ത  പ്രകൃതിയുടെ  സൗന്ദര്യം  തിരയുന്ന  സഞ്ചാരിയുടെ  മനസ്സും  , ഭക്തിയുടെ  സാന്ദ്ര തീരങ്ങൾ  തേടുന്ന  ഭക്തൻറ്റെ  മനസ്സും  ഇവിടെ  ഒന്നാകുന്നു ...
     ' ഓം  നമഃ ശിവായ '

സ്നേഹപൂർവ്വം 
ഗിരീഷ് മാന്നാനം