2017, ഓഗസ്റ്റ് 26, ശനിയാഴ്‌ച

On the bank of River Ganga -ഗംഗ തീരത്തെ ബലിതർപ്പണ സ്‌മൃതികൾ ...

               

  ഗംഗാതീരത്തെ  ബലിതർപ്പണ  സ്‌മൃതികൾ ...

ഗംഗ ഒഴുകുകയാണ്  ഹരിദ്വാറിൻറ്റെ  ഹരിത  തീരങ്ങളിലൂടെ ....
മന്ത്രധ്വനികൾ  നിലയ്ക്കാത്ത  ഹർ കി പൗഡി  ബ്രഹ്മ കുണ്ഡിന്റെ  ആത്മാവിലൂടെ ....
ഇവിടെ  ഗംഗാതീരങ്ങൾ  സംഗീത സാന്ദ്രമാണ് .....
സഹസ്രാബ്‌ദങ്ങൾ  താണ്ടിയ  സംസ്ക്കാരത്തിന്റെ  സന്ദേശവാഹിനിയാണ്  ഗംഗ  ഇവിടെ ...
           മനസിനുള്ളിൽ  ഗംഗ  ഒരു  പ്രലോഭനമായി  നിറഞ്ഞപ്പോഴെല്ലാം  ഈ  പുണ്ണ്യ  തീരങ്ങൾ  തേടിയെത്തിയിട്ടുണ്ട് ....എല്ലാ ഋതുഭേദങ്ങളിലൂലും  ഗംഗയുടെ  നിറഭേദങ്ങൾ  കൺകുളിർക്കെ  കാണാൻ  ഭാഗ്യം  ലഭിച്ചിട്ടുണ്ട് ..
വേനലിൻറ്റെ  വറുതിയിലും  , മരംകോച്ചുന്ന  മഞ്ഞുകാലത്തും  , പ്രളയജലം  ഒഴുകുന്ന  വർഷകാലത്തും  ഇവിടെ  ഗംഗാജലത്തിനു  ഹിമവൽ നിരകളുടെ  കുളിരാണ്  ...ഈ  ഋതുഭേദങ്ങളിൽ  എല്ലാം  തിരക്കൊഴിയാത്ത  സ്നാനഘട്ടുകളിൽ  നിരവധിതവണ  മുങ്ങി നിവർന്നിട്ടുണ്ട്  ..... പാണ്ടകളുടേയും  പരദേശികളുടെയും  പ്രലോഭനങ്ങളിൽ  കുടുങ്ങാതെ  ഈ  അമൃത തീരങ്ങളിലൂടെ നിരവധിതവണ  നിസംഗനായി  നടന്നിട്ടുണ്ട് ...
     പക്ഷെ  അപ്പോഴൊന്നും  തോന്നാത്ത  ഒരു  ആദ്യാത്മിക   ഭാവമാണ്  ഒരു  ശ്രാവണ മാസപ്പുലരിയിൽ  ഈ  ഗംഗാതീരത്ത്  എത്തിയപ്പോൾ  എനിക്ക്  അനുഭവപ്പെട്ടത്  ...
ശ്രവണമാസത്തിലെ  കൃഷ്ണപക്ഷ  പുലരി ....
നമ്മുടെ  ഭാഷയിൽ  പറഞ്ഞാൽ  കർക്കിടകത്തിലെ  കറുത്തവാവ്  ...
ഹിമവൽ നിരകളിൽ  പെയ്‌തിറങ്ങിയ  വർഷധാരയുടെ   ഹർഷാരവങ്ങളുമായി   ഗംഗ  നിറഞ്ഞൊഴുകുകയാണ് .... ഗംഗയുടെ  തീരങ്ങൾ  ജനനിബിഡമാണ് ....ഹർകി പൗഡി  ബ്രഹ്മ കുണ്ഡിന്റെ  സ്നാനഘട്ടുകൾ  ജനസഹസ്രങ്ങൾ  കയ്യടക്കിയിരിക്കുന്നു ....
           പൈതൃകമായി  ആചരിച്ചുവന്ന  ആചാരങ്ങളുടെ  തുടർച്ചയായി  പിതൃ പാരമ്പരകൾക്ക്  ബലിതർപ്പണം  അർപ്പിക്കാനാണ്  ഞാൻ  ഈ  ഗംഗാതീരത്ത്  എത്തിയത് ; ഒപ്പം  ആചാരങ്ങൾക്ക്  അകമ്പടിയായി  ഭാര്യ  ലളിതാംബികയും  ,മകൾ  അരുന്ധതിയും  ,മകൻ  അതീന്ദ്രയും ...
ആചാരങ്ങളും  അനുഷ്ഠാനങ്ങളും  അന്യം നിന്നുതുടങ്ങിയ  ഈ  കാലഘട്ടത്തിൽ  പുതു  തലമുറയ്ക്ക്  ഇത്  കൗതുകക്കാഴ്ചകളാണ്  ....കുട്ടികളുടെ  കണ്ണുകളിൽ  ഈ  കൗതുകം  നിറയുന്നത്  ഞാൻ  ആഹ്ലാദത്തോടെ  നോക്കി നിന്നു  .
 ഗംഗാതീരത്ത്  എത്തുന്ന  ആരെയും  വലയിലാക്കി  പിതൃക്കൾക്ക്  ബലിതർപ്പണം  ചയ്യിക്കുക  എന്നത്  ഇവിടുത്തെ  പാണ്ഡകളുടെ   പതിവാണ് ; അതിന്  കാലമോ  സമയമോ  ഒന്നും  പ്രശ്നമല്ല ... പലപ്പോഴും  പാണ്ഡകളുടെ  പ്രലോഭനങ്ങളിൽ കുടുങ്ങി  ജീവിച്ചിരിക്കുന്ന  അച്ഛനമ്മമാർക്ക്  പോലും  ബലിതർപ്പണം  ചെയ്യാൻ  നിർബന്ധിതരാകുന്ന  ചില  നിർഭാഗ്യവാന്മാരുണ്ട് .ഇതിനെയെല്ലാം  അതിജീവിക്കാൻ  നിരന്തരമുള്ള  യാത്രകളുടെ  അനുഭവം  തുണയായി .
           ഹരിദ്വാർ  അയ്യപ്പ ക്ഷേത്രത്തിലെ  വിഷ്ണു നമ്പൂതിരി  പരിചയപ്പെടുത്തിത്തന്ന   മധുസൂദന ശർമ്മ  എന്ന  പണ്ഡിറ്റാണ്  എൻറ്റെ  പിതൃ തർപ്പണ ക്രിയകൾക്ക്  കാർമികനായി  എത്തിയത് .
ദക്ഷിണേന്ത്യൻ  ആചാരാനുഷ്ഠാനങ്ങളിൽ  പാണ്ഡിത്യമുള്ള  ആളാണത്രെ  മധുസൂദന  ശർമ്മ .
ഹർകി പൗഡി  ബ്രഹ്മ കുണ്ഡിലെ  തിരക്കേറിയ  സ്നാനഘട്ടുകൾക്കും  അപ്പുറം  സുഭാഷ് ഘട്ടിലെ  ഒരു  ബഹുനില കെട്ടിടത്തിൻറ്റെ   താഴത്തെ  നിലയിലായിരുന്നു  മധുസൂദന ശർമയുടെ  ഓഫിസ് .
 അദ്ദേഹം  എന്നെ  കണ്ടപ്പോൾ  ആദ്യം  ചോദിച്ചത് ' കേരളത്തിൽ  എവിടെ നിന്ന്  വരുന്നു ' എന്നാണ് ... ഞാൻ  സ്ഥലം  പറഞ്ഞപ്പോൾ  അദ്ദേഹം  പഴയ  ചിത്ര ശേഖരത്തിൽ നിന്നും ഒരു  ചിത്രം  എടുത്തുകാണിച്ചുകൊണ്ട്  ചോദിച്ചു : " ഇദ്ദേഹത്തെ  അറിയുമോ ? "
ഞാൻ  അത്ഭുതത്തോടെ  ആ  ചിത്രത്തിലേക്ക് നോക്കി ....ഇന്ത്യയുടെ  മുൻ  രാഷ്ട്രപതി  ശ്രീ  കെ .ആർ .നാരായണൻറ്റെ  ഒരു പഴയ  കുടുംബ ചിത്രം .
എൻ്റെ  അത്ഭുതം  അടങ്ങുന്നതിനു മുൻപ്  മധുസൂദന  ശർമ്മ  പറഞ്ഞു :
 " നിങ്ങളുടെ  നാട്ടുകാരനാണ് ; ഇദ്ദേഹം  ഹരിദ്വാറിൽ  എത്തിയപ്പോൾ  ഇദ്ദേഹത്തിന്റെ  പിതൃ തർപ്പണ ക്രിയകൾക്ക്  കാർമികനാകാൻ   എനിക്കാണ്  ഭാഗ്യം  ലഭിച്ചത് ."
മധുസൂദന  ശർമയുടെ  കണ്ണുകളിൽ  അഭിമാനം  നിറയുന്നത്  ഞാൻ  തിരിച്ചറിഞ്ഞു .പിന്നെയും  അദ്ദേഹം ചിത്ര ശേഖരങ്ങൾക്ക്  ഇടയിൽ നിന്നും  പല  പ്രമുഖ  മലയാളികളുടെയും  ചിത്രങ്ങൾ  പുറത്തെടുത്തു  ...മുൻ കേന്ദ്ര മന്ത്രിയും  എം  പി  യുമായ  ശശി തരൂരിന്റെ  കുടുംബ ചിത്രവും അതിൽ ഉൾപ്പെട്ടിരുന്നു ...ഇവരുടെയെല്ലാം  പിതൃതർപ്പണ  ക്രിയകൾക്ക്  കാർമികനാകാൻ   മധുസൂദന  ശർമയ്ക്ക്  ഭാഗ്യം  ലഭിച്ചിട്ടുണ്ടത്രെ ....

              മധുസൂദന  ശർമയ്‌ക്കൊപ്പം  ഹർകി പൗഡി  ബ്രഹ്മ കുണ്ഡിൽ  എത്തുമ്പോൾ  ബലിത്തറകളിൽ  നല്ല  തിരക്ക്  .ഹിമവൽ  നിരകളിലൂടെ  ഒഴുകിയിറങ്ങുന്ന  ഗംഗ  ആദ്യമായി  സമതലത്തിൽ  പതിക്കുന്നത്  ഇവിടെയാണ് . അതുകൊണ്ടുതന്നെ  മഹാവിഷ്ണുവിന്റെ  പാദസ്പർശമേറ്റ  ഹർകി പൗഡി  ഏറെ  പവിത്രമായികരുതപ്പെടുന്നു.
ഗംഗയുടെ  ഓളപ്പരപ്പിനു  മുകളിൽ  മാർബിളിൽ  തീർത്ത ഒരു   ബലിത്തറയിൽ  എള്ളും   പൂവും  പിണ്ഡച്ചോറും   ഉൾപ്പെടെയുള്ള  ബലിതർപ്പണ  സാമഗ്രഹികൾ  നിരന്നു.
മലയാളികൾ  ഉൾപ്പെടെയുള്ള  ദക്ഷിണേന്ത്യക്കാർ  മാത്രമാണ്  പിണ്ഡത്തിനായി   ചോറ്  ഉപയോഗിക്കുന്നത്  .വടക്കേ ഇന്ത്യക്കാർ  പിണ്ഡത്തിനായി  ഗോതമ്പു മാവാണ്  സാധാരണ  ഉപയോഗിക്കുക.
       ഒരു  കാർമികന്റെ  അധികാരത്തോടെ  മധുസൂദന  ശർമ്മ  പറഞ്ഞു :
'ഗംഗയിൽ  മുങ്ങി  ശുദ്ധംചെയ്തു  വരിക ...'
       ഞാനും  ഭാര്യ  ലളിതാംബികയും  ഹർകി പൗഡി  ബ്രഹ്മകുണ്ഡിലെ  പവിത്രമായ   ഗംഗാജലത്തിൽ  മുങ്ങിനിവർന്നു  ...ശരീരത്തിലെ  ഓരോ  രോമകൂപത്തിലൂടെയും  ഗംഗയുടെ  കുളിര്   പുതിയ  ഊർജമായി  നിറയുന്നത്   ഞങ്ങൾ  തിരിച്ചറിഞ്ഞു  .
ഇനി  മോക്ഷ  പ്രാപ്തിയുടെ  ബലിത്തറയിലേക്ക്  .മധുസൂദന ശർമ്മ എന്ന  കാർമ്മികന്   മുന്നിൽ  ഈറനണിഞ്ഞു  ഉപവിഷ്ഠനായപ്പോൾ  അദ്ദേഹം  ഓർമപ്പെടുത്തി  :
"കണ്ണടച്ച്  പ്രാർത്ഥിക്കുക ...മൺമറഞ്ഞുപോയ  ഇരുപത്തതൊന്നു  തലമുറയിലെ  പിതൃക്കളുടെ  മോക്ഷ പ്രാപ്തിക്കു വേണ്ടിയുള്ള  ബലിതർപ്പണമാണിത്  ....ഓരോരുത്തരെയും  ഓർക്കുക ...."
    മൺമറഞ്ഞുപോയ  പിതൃ  തലമുറകളെ  ഓർമകളിലേക്ക്  ആവാഹിച്ചു  . മന്ത്രോച്ചാരണത്തോടെ  അങ്കുലികളിൽ   അണിഞ്ഞ  പവിത്ര  കെട്ടുകൾ ,,,
കൈക്കുമ്പിളിൽ  ഗംഗാജലത്തിനൊപ്പം  നിറയുന്ന  എള്ളും  പൂവും  ....
മധുസൂദന  ശർമ്മ  ചൊല്ലിത്തന്ന  മന്ത്രങ്ങൾ  ഏറ്റുചൊല്ലി  ഗംഗയുടെ  ഓളങ്ങളെ  സാക്ഷിയാക്കി  പിതൃ മോക്ഷത്തിനായി  ഒരു  ബലിതർപ്പണം ....


എള്ളും  പൂവും  പിണ്ഡച്ചോറും   ഗാംഗംഗയുടെ  ഓളങ്ങൾ  ഏറ്റുവാങ്ങുമ്പോൾ   മോക്ഷപ്രാപ്‍ത്തി  ലഭിച്ച  ആത്മാക്കളുടെ  ആഹ്ളാദംപോലെ  ഗംഗാമന്ദിറിൻറ്റെ   ഗർഭ ഗൃഹങ്ങളിൽ  മന്ത്ര മണികൾ  മുഴങ്ങി .....
ഹർകി പൗഡി  ബ്രഹ്മ കുണ്ഡിന്റെ  ഗോപുരങ്ങൾക്കു  മുകളിലെ  കൃഷ്‌ണപക്ഷ  ആകാശത്ത്  കൃഷ്ണ പരുന്തുകൾ  ചിറകടിച്ചു  പറന്നു  ....
     പിതൃ  തലമുറകളുടെ  മോക്ഷ പ്രാപ്‌തിക്കായി   ഗംഗയുടെ  ഓളങ്ങളിൽ  മുങ്ങി നിവരുമ്പോൾ  ഒരു  ജന്മ സാഫല്യത്തിൻറ്റെ  നിർവൃതി  ഞാൻ  തിരിച്ചറിയുകയായിരുന്നു ....
അപ്പോഴും  ഗംഗ  ഒഴുകുകയാണ് ....
പുണ്ണ്യ  പാപങ്ങളുടെ  പുരാവൃത്തങ്ങളുമായി .....
സഹസ്രാബ്ദങ്ങൾ  താണ്ടിയ  സംസ്‌കാരത്തിന്റെ  ശുദ്ധ സംഗീതവുമായി ....
സ്നേഹപൂർവ്വം
ഗിരീഷ്  മാന്നാനം