2019, ജൂൺ 8, ശനിയാഴ്‌ച

പുന്നമടക്കായൽ തീരത്ത് ഒരു പുനസമാഗമം

 പുന്നമടക്കായൽ  തീരത്ത്  ഒരു           പുനസമാഗമം 

2019  ഫെബ്രുവരി  10  .....
കിഴക്കിൻറ്റെ  വെനീസ്  എന്നറിയപ്പെടുന്ന ആലപ്പുഴയുടെ  ആത്മാവായ  പുന്നമടക്കായാൽ  അവിചാരിതമായ  ഒരു  പുനഃസമാഗമത്തിന്  വേദിയായി . 
മരുഭൂമിയുടെ  നാട്ടിൽ  മരുപ്പച്ച തേടിപ്പോയ  മലയാളി  സൗഹൃദങ്ങളുടെ  ഒരു  വ്യാഴവട്ടത്തിന്  ശേഷമുള്ള  ഒത്തുചേരൽ  ...
.
സൗദിഅറേബ്യായിലെ  പ്രശസ്‌തമായ  നാഷണൽ പേപ്പർ കമ്പനിയിൽ  (NAPCO ) ജോലിചെയ്യിതിരുന്ന  സൗഹൃദങ്ങൾ  പ്രവാസത്തിൻറ്റെ  പടിയിറങ്ങാതിയതിനു  ശേഷം  കണ്ടുമുട്ടിയിട്ട്  പതിറ്റാണ്ടുകൾ  കഴിഞ്ഞിരുന്നു .....
അതുകൊണ്ടുതന്നെ  ഈ  പുനസമാഗമം  വികാരനിർഭരമായിരുന്നു  .
കാസർകോട്  മുതൽ  കന്യാകുമാരി വരെ ചിതറിക്കിടന്നിരുന്ന  സൗഹൃദങ്ങൾ  ഒത്തുചേരാൻ  നിമിത്തമായത്  ആലപ്പുഴയിലെ  ഒരു  സുഹൃത്തിൻറ്റെ  ഗൃഹപ്രവേശമാണ്  .....
അദ്ദേഹത്തിന്റെ  ക്ഷണം  സ്വീകരിച്ചാണ്  എല്ലാവരും  ആലപ്പുഴയിൽ  എത്തിയത് .
പലരും  എത്തിയത്  സകുടുംബസമേതമാണ്   .... അതുകൊണ്ടുതന്നെ  ഈ  പുനഃസമാഗമത്തിനു  ഒരു  കുടുംബസംഗമത്തിൻറ്റെ  ഊഷ്‌മളത  നിറഞ്ഞു നിന്നിരുന്നു .
ഒറ്റയ്ക്ക്  കടൽകടന്നവർ  വീണ്ടും  ഒരു  കായൽത്തീരത്ത്  ഒത്തുചേർന്നു ....
കാലം  കാത്തുവച്ച  ഈ  സൗഹൃദ സംഗമം  അവിസ്മരണീയം  ആക്കിയത്  പുന്നമടക്കായലിലൂടെയുള്ള  ഒരു  ഹൗസ്‌ബോട്ട്  യാത്രയാണ് ....
കായൽ കാറ്റിൻറ്റെ  കുളിരറിഞ്ഞു  .......കുട്ടനാടൻ  ഗ്രാമവിശുദ്ധിയുടെ  നേർക്കാഴ്ചകളിലൂടെയുള്ള   ഒരു  ഉല്ലാസയാത്ര  .....
     കായലും  കനാലുകളും  കൈകോർത്ത്  നിൽക്കുന്ന  കുട്ടനാടൻ  ഗ്രാമ ഭംഗിയുടെ  ഹൃദയ ഭൂമിയാണ്  പുന്നമടക്കയാൽ  തീരം  .....
ആഗോള  വിനോദസഞ്ചാര  ഭൂപടത്തിൽ  ഇടംപിടിച്ച  ആലപ്പുഴയുടെ  ആത്മാവായ  പുന്നമടക്കയാൽ  ഇന്ത്യയിലെ  ഏറ്റവും  വലിയ  ലവണജല  തടാകങ്ങളിൽ  ഒന്നായ  വേമ്പനാട് കയലിൻറ്റെ  ഭാഗമാണ്  ......
ലോകപ്രശസ്തമായ   നെഹ്രു ട്രോഫി  വള്ളമകളിക്കു  അരങ്ങൊരുങ്ങുന്നത്  ഈ  കായൽപ്പരപ്പിലാണ്  ....
കളിയോടങ്ങൾ  കരുത്തുകാ
ട്ടുന്ന  ഈ  കായൽപ്പരപ്പ്  ഇന്ന്  അസംഖ്യം  ആഢംബര  നൗകകളുടെ  വിഹാരവേദിയാണ്  ....
പുന്നമടക്കായലിലൂടെ  ഒഴുകിനീങ്ങുന്ന  ചെറുതും  വലുതുമായ  ഈ  ഹൗസ് ബോട്ടുകളാണ്  വിദേശികൾ  ഉൾപ്പെടെയുള്ള  വിനോദസഞ്ചാരികളെ  ഈ  കായൽ തീരത്തേക്ക്  ആകർഷിക്കുന്നത്  .
   വെയിൽ പരന്നുതുടങ്ങിയ    പ്രഭാതത്തിൽ  ഞങ്ങൾ  പുന്നമടക്കായൽ  തീരത്ത്  എത്തുമ്പോൾ  ഹൗസ്ബോട്ടുകളുടെ  ഒരു  നീണ്ട  നിരതന്നെ  സഞ്ചാരികളെ കാത്ത്  കായൽ  തീരത്ത്  തമ്പടിച്ചിരുന്നു  .
 ആലപ്പുഴക്കാരനായ  ഞങ്ങളുടെ  സുഹൃത്ത്  മുൻകൂട്ടി  ബുക്കുചെയ്‌തിരുന്ന  ഹൗസ്‌ബോട്ട്  ഞങ്ങളെയുംകാത്ത്  കായൽ തീരത്ത്  കിടന്നിരുന്നു ....
ആഡംബര  ഭവനം  പോലുള്ള  ഒരു  ഇരുനില ബോട്ട് ....
കയറിച്ചെല്ലുന്നതുതന്നെ  ലിവിങ്‌റൂമിന്‌  സമാനമായി  മോടിപിടിപ്പിച്ച  മുൻഭാഗത്തേക്കാണ്  ...ഇവിടെ  സോഫയും  കസേരകളും , ഡൈനിങ്  ടേബിളും , LED TV യും  സജ്ജീകരിച്ചിരിക്കുന്നു  ;
അതിനുമപ്പുറത്തുള്ള  ഇടനാഴിയുടെ  വശങ്ങളിലായി  ശീതീകരിച്ച  കിടപ്പുമുറികൾ ....തടിയിൽ തീർത്ത  മനോഹരമായ  കട്ടിലുകളിൽ  പത്തുപതുത്ത കിടക്കകൾ .....
ആധുനിക സൗകര്യങ്ങളുള്ള  അറ്റാച്ചഡ്  ബാത്ത് റൂമുകളോടു  കൂടിയതാണ്  കിടപ്പുമുറികൾ .
ഇടനാഴിയിൽ  തന്നെ  ഭംഗിയുള്ള  വാഷ് ബേസിൻ  ഒരുക്കിയിരിക്കുന്നു..... ബോട്ടിന്റെ  പിൻഭാഗത്തായി  ആധുനിക  സൗകര്യങ്ങളുള്ള  അടുക്കള  സജ്ജീകരിച്ചിരിക്കുന്നു  ....ഇവിടെയാണ്  കുട്ടനാടൻ  രുചിഭേദങ്ങളോടെ  സഞ്ചാരികൾക്കായുള്ള   ഭക്ഷണം  ഒരുക്കുന്നത്  ..
.
ഇടനാഴിയുടെ  തുടക്കത്തിൽ  ബോട്ടിൻറ്റെ  മുകൾത്തട്ടിലേക്കു  കയറുന്ന  തടിയിൽ  തീർത്ത  പടിക്കെട്ടുകൾ  .... ഈ  പടിക്കെട്ടുകൾ  നയിക്കുന്നത്  മേലാപ്പുള്ള  മനോഹരമായ  ഒരു  മട്ടുപ്പാവിലേക്കാണ്  .... ഇവിടെയും  കസേരകളും  മറ്റ്  സജ്ജീകരണങ്ങളും  സഞ്ചാരികൾക്കായി  ഒരുക്കിയിരിക്കുന്നു  .
        ശീതള പാനീയങ്ങൾ  നൽകി  സ്വീകരിച്ചുകൊണ്ടാണ്  ബോട്ടു  ജീവനക്കാർ  ഞങ്ങൾക്ക്  സ്വാഗതമരുളിയത്  .......
സ്ത്രീകളും കുട്ടികളുമെല്ലാം  ബോട്ടിൻറ്റെ   താഴത്തെ നിലയിൽ  ഇരിപ്പിടം  കണ്ടെത്തിയപ്പോൾ  ഞങ്ങൾ  സുഹൃത്തുക്കൾ  ഓർമ്മച്ചെപ്പുകൾ  തുറന്നുകൊണ്ട്  ബോട്ടിൻറ്റെ  മുകൾ നിലയിലേക്ക്  കയറി .
ഓളപ്പരപ്പുകളെ  കീറിമുറിച്ചു  ബോട്ട്  പുന്നമടക്കായലിൻറ്റെ  ഹൃദയത്തിലേക്ക്  ഒഴുകി നീങ്ങുമ്പോൾ  താഴത്തെ  നിലയിൽ  കുട്ടികളുടെ  ആഹ്ലാദാരവങ്ങൾ  മുഴങ്ങി  ...
  ബോട്ടിൻറ്റെ   മട്ടുപ്പാവിൽ  കുട്ടനാടൻ  കാറ്റിൻറ്റെ   കുളിരലകൾ  ഏറ്റിരുന്ന  സുഹൃത്തുക്കൾ  കാലങ്ങൾക്കപ്പുറത്ത്  നിന്നുള്ള  കഥകൾ  തിരഞ്ഞെടുക്കുന്ന  തിരക്കിലാണ്  .
പലപ്രാവശ്യം  തനിച്ചും  സകുടുംബവുമായി  കായൽ  സവാരി  നടത്താൻ  എനിക്ക്  ഭാഗ്യം ലഭിച്ചിട്ടുണ്ടെങ്കിലും  പൂർവ്വ സുഹൃത്തുക്കളുമായുള്ള  ഈ യാത്ര  സ്വപ്നതുല്യമായിരുന്നു  .
സുഹൃത്തുക്കൾ  ആട്ടവും  പാട്ടുമായി  ആഘോഷിക്കുമ്പോഴും  എൻറ്റെ  കണ്ണും  മനസ്സും  കായൽക്കാഴ്ചകളുടെ  വിസ്മയങ്ങളിലായിരുന്നു  .
  കായൽപ്പരപ്പിൽ   ആഡംബര ഭവനങ്ങൾ പോലെ  തലങ്ങും  വിലങ്ങും  ഒഴുകിനീങ്ങുന്ന   അസംഖ്യം  ഹൌസ് ബോട്ടുകൾ ...... പലതിൽ നിന്നും  ഉയർന്നുമുഴങ്ങുന്ന  അതിരുകൾ  താണ്ടിയ  ആഹ്ലാദത്തിൻറ്റെ   താളമേളങ്ങൾ  .....
കായലിൻറ്റെ   വിശാലതയിൽ  മത്സ്യബന്ധനം  നടത്തുന്ന  കൊതുമ്പുവള്ളങ്ങൾ  ......
ഇടയ്‌ക്ക്‌   കുട്ടനാടൻ  ജലയാത്രയുടെ  നേർക്കാഴ്ചകളായി  ചരക്കുകയറ്റിയ  കേട്ടുവള്ളങ്ങളും  യാത്രാ ബോട്ടുകളും ....
ഇതിനെല്ലാമുപരി   കായലോരങ്ങളിൽ  കുട്ടനാടൻ  ഗ്രാമവിശുദ്ധി  വിളിച്ചോതുന്ന  കേരവൃക്ഷങ്ങളുടെ  ഹരിത സമൃദ്ധി  ....
അതെ  , കാഴ്ചയുടെ  നിറവസന്തം  ഒരുക്കുകയായിരുന്നു  ഈ  ബോട്ടുയാത്ര .
  ഇടയ്‌ക്കെപ്പോഴോ   നടൻ കള്ളിന്റെ  നറുമണമുതിരുന്ന  കള്ളുഷാപ്പുകൾക്ക്  അടുത്തുകൂടെ  ബോട്ട് നീങ്ങിയപ്പോൾ  ബോട്ടുജീവനക്കാർ  ഓർമപ്പെടുത്തുന്നുണ്ടായിരുന്നു  :
 ' നല്ല  നാടൻ  ചെത്ത് കള്ള്  കിട്ടും , വേണമെങ്കിൽ  ബോട്ട്  ഇവിടെ അടുപ്പിക്കാം  ....'
കാഴ്ചയുടെ   ലഹരിയിൽ  നിന്നിരുന്ന  ഞങ്ങൾ  ആ  വാക്കുകൾക്ക്  ചെവികൊടുത്തില്ല .
കായലിലേക്ക്  എത്തിച്ചേരുന്ന  കനാലുകളുടെ  ഓരത്തുള്ള  ചെറിയ  കടകളിൽ  നിന്ന്  വിലപേശുന്ന  വിദേശികളെയും  ഇടയ്ക്കു കാണാം  .
     കായൽ തീരങ്ങളെ  പിൻതള്ളി  ബോട്ട്  കായൽപ്പരപ്പിൻറ്റെ   വിശാലതയിലേക്ക്   കടക്കുന്നതിനിടയിലാണ്  കേരനിരകളുടെ  ഹരിത സമൃദ്ധിക്കിടയിൽ   തലയുയർത്തി  നിൽക്കുന്ന   കൊട്ടാര സമാനമായ  'ലേക്ക് റിസോർട്ട്  ' എൻറ്റെ   ദൃഷ്ടിയിൽപ്പെട്ടത്  .....കായൽ കയ്യേറ്റത്തിൻറ്റെ  പേരിൽ  കേരളത്തിൽ  ഏറെ  വിവാദങ്ങൾ  ഉണ്ടാക്കിയ  ആഡംബര സുഖവാസ കേന്ദ്രം ....
ടൂറിസം  വലിയ  കച്ചവടമാകുമ്പോൾ  ചവുട്ടി മെതിക്കപ്പെടുന്ന  പ്രകൃതിയെക്കുറിച്ചു  ഒരുനിമിഷം  അറിയാതെ  ഓർത്തുപോയി ......
ഈ  കാറ്റും  കായലും  കാഴ്ചയുടെ  ദൃശ്യവിസ്മയങ്ങളും  കാത്തുസൂഷിക്കേണ്ടത്  നാം  ഓരോരുത്തരുടേയും   കടമയാണ് ......  കച്ചവടത്തിനു വേണ്ടി  പ്രകൃതിയെ  വ്യഭിചരിക്കുമ്പോൾ   കരയാൻ  വിധിക്കപ്പെടുന്നത്   വരും തലമുറകളാണ്  .....
        ബോട്ടിൻറ്റെ   അടുക്കളയിൽ  നിന്നുയരുന്ന  കരിമീൻ  പൊരിക്കുന്നതിൻറ്റെ   കൊതിപ്പിക്കുന്ന  മണം   ഉച്ച ഊണിനുള്ള സമയമായി എന്ന്  ഓർമ്മപ്പെടുത്തി  .
കായൽപ്പരപ്പിൽ   സൂര്യമുഖം  അഗ്നിനാളങ്ങളായി  ജ്വലിച്ചുതുടങ്ങി ....
കത്തുന്ന  വെയിലിലും  കായൽക്കാറ്റിൻറ്റെ   സാന്ത്വനം  ഞങ്ങൾ  തിരിച്ചറിഞ്ഞു  .....
ഉച്ച ഭക്ഷണത്തിനാ
യി  ബോട്ടിൻറ്റെ  താഴത്തെ  നിലയിൽ  എത്തിയപ്പോൾ  തീൻ മേശയിൽ   സ്വാദിഷ്ടമായ  വിഭവങ്ങൾ  നിരന്നുകഴിഞ്ഞിരുന്നു  .
കുട്ടനാടിൻറ്റെ   തനതു രുചികളുമായി  കരിമീനും ,കക്കയും ,പുന്നെല്ലിൽ ചോറും , നാട്ടുപച്ചക്കറിയിട്ട  നാടൻ  സാമ്പാറും  പിന്നെ  നാടൻ  അച്ചിങ്ങാ  പയറിൻറ്റെ   തോരനും  ,പടപടാ പൊട്ടുന്ന  പപ്പടവും ......
കായൽക്കാറ്റിൻറ്റെ   കുളിരറിഞ്ഞ്   ,കുട്ടനാടൻ  വിഭവങ്ങളുടെ  സ്വാദ് നുകർന്ന്  സമൃദ്ധമായ  ഒരു  ഉച്ച ഭക്ഷണം  ....
ഉച്ച ഭക്ഷണത്തിനുശേഷം   ചിലരെല്ലാം  ശീതികരിച്ച  കിടപ്പുമുറിയെ  അഭയം  പ്രാപിച്ചു .
കായൽപ്പരപ്പിൽ  കനലാടുന്ന  വെയിലിലും  കായൽക്കാറ്റിൻറ്റെ  കുളിരറിയുന്നുണ്ടായിരുന്നു  .....
വെയിൽ  ആറിത്തുടങ്ങിയപ്പോഴാണ്  ബോട്ട്   കായൽപ്പരപ്പിൻറ്റെ   ഹൃദയത്തിൽ  എത്തിയത് .
ചുറ്റും  വിശാലമായ  ജലപ്പരപ്പിൻറ്റെ   അപാരത  ....
തീരക്കാഴ്ചകളെല്ലാം   വിദൂര ദൃശ്യങ്ങളായി  ....
ഒറ്റയും  പെട്ടയുമായി   കായൽ  ഹൃദയത്തിലേക്ക്  എത്തുന്ന  ഹൌസ് ബോട്ടുകൾ  മാത്രം  സമീപ ദൃശ്യങ്ങളിൽ  ....
കരകാണാക്കായലിൻറ്റെ  തിരുമദ്ധ്യത്തിൽ   , കായൽപ്പരപ്പിൻറ്റെ  സൂര്യമുഖം  കണ്ട്  കായൽക്കാറ്റിൻറ്റെ  കുളിരറിഞ്ഞു  ശൂന്യതയിലേക്ക്  നോക്കിയിരിക്കുക  എന്നത്  അനിർവചനീയമായ  ഒരു  അനുഭൂതിയാണ്  .. അതെ , ഇവിടെ   ബഹളങ്ങൾ  ഒന്നുമില്ലാത്ത  സമാധാനത്തിൻറ്റെ
  കാറ്റുവീശുന്നു  .... വിഷമയമില്ലാത്ത  കായൽക്കാറ്റിൻറ്റെ   സാന്ത്വന  സ്‌പർശം   തൊട്ടറിയുന്നു  .....കാലം  ഇവിടെ  നിശ്ചലമായപോലെ ...
            കായൽപ്പരപ്പിൽ   സൂര്യമുഖം  ചുവന്നുതുടങ്ങിയപ്പോഴാണ്   ഞങ്ങൾ  തീരം  തേടിയുള്ള  മടക്കയാത്രയ്ക്ക്  ഒരുങ്ങിയത്  .....കാലം  വീണ്ടും  കാഴ്ചകളിലൂടെ   ചലിച്ചുതുടങ്ങി  ....
മടക്കയാത്ര  കൈനകരി  എന്ന  കുട്ടനാടൻ  ഗ്രാമത്തിൻറ്റെ   തീരങ്ങളിലൂടായിരുന്നു  . കുട്ടനാടൻ  ജീവിതത്തിൻറ്റെ  നേർക്കാഴ്ചകളൊരുക്കി  കൈനകരിയുടെ  തീരഭൂമികൾ  .....
 അകലെ  കായൽ  തീരങ്ങൾക്കു  കുടപിടിക്കുന്ന  കേരനിരകളുടെ  ഹരിതനിബിഡത...
അതിനിടയിൽ  ഒരു  സ്നേഹ സാന്ത്വനം  പോലെ  തലഉയർത്തി   നിൽക്കുന്ന  ചാവറ  ഏലിയാസ്  അച്ഛന്റെ  ദേവാലയം  ....
വിശുദ്ധനായി  പ്രഖ്യാപിക്കപ്പെട്ട  സെന്റ്  ചാവറ  കുരിയാക്കോസ്  ഏലിയാസ്  അച്ഛന്റെ   ജന്മ ഭൂമിയാണ്  ഈ  കുട്ടനാടൻ  തീരങ്ങൾ ....
   പച്ചപ്പിൻറ്റെ   പറുദീസതീർത്ത്   കൈനകരിയുടെ  തീരങ്ങൾ  ദൃശ്യ വിസ്മയങ്ങൾ  ഒരുക്കുമ്പോഴും   അറിയാതെ  ഓർത്തുപോയി  ഒരു മഹാപ്രളയത്തിൻറ്റെ   മഹാദുരന്തത്തെപ്പറ്റി .....2018 - ൽ  ഉണ്ടായ  മഹാപ്രളയത്തിൽ   ദുരന്തങ്ങൾ  ഏറെ  ഏറ്റുവാങ്ങിയവരാണ്  കുട്ടനാടുകാർ .
     നൊമ്പരപ്പെടുത്തുന്ന  ഓർമ്മകൾ  ഇല്ലാസ യാത്രയുടെ  ഊഷ്മളത  നഷ്ടപ്പെടുത്തുമെന്ന്  അറിഞ്ഞപ്പോൾ  കൈനകരിയുടെ  ദുരന്ത സ്മൃതികളിൽ  നിന്ന്  മനസ്സിനെ  പിൻവലിച്ചു .
വീണ്ടും  കായൽ  വിസ്മയങ്ങളുടെ  സുഖമുള്ള  കാഴ്ചകളിലേക്ക്  .......
മടക്കയാത്രയിൽ  വെയിൽ  ആറിത്തുടങ്ങിയതുകൊണ്ട്  സുഹൃത്തുക്കൾ  എല്ലാവരും  സകുടുംബമായി  ബോട്ടിൻറ്റെ   മുകൾത്തട്ടിൽ  എത്തി .....പിന്നെ  ആട്ടവും  പാട്ടുമായി  ഒരു  സമാപന  സമ്മേളനം  ...
.
അതിരുകളില്ലാത്ത  ആഹ്ലാദത്തിൻറ്റെ  അനർഘനിമിഷങ്ങളുമായി  ബോട്ട്   കരയ്‌ക്കടുത്തപ്പോൾ   സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു  .
തീരമണയുന്ന  ബോട്ടുകളുടെ  തിരക്കുകൾക്കിടയിൽ  നിന്നും  പുന്നമടക്കയാൽ  തീരത്തേക്ക്  ഇറങ്ങുമ്പോൾ  അതിരുകളില്ലാത്ത  ആതിഥ്യവുമായി  ആലപ്പുഴയുടെ  മണ്ണ്  ഞങ്ങൾക്ക്  സ്വാഗതമരുളി  ..
വീണ്ടും  സന്തോഷത്തിൻറ്റെയും   സമാധാനത്തിൻറ്റെയും കുളിർ തീരങ്ങളിൽ   കണ്ടുമുട്ടാം എന്ന ഉറപ്പോടെ  വിടപറയുമ്പോൾ  സഫലമായ  ഒരു  യാത്രയുടെ  സന്തോഷത്തിലായിരുന്നു  ഞങ്ങൾ ....

സ്നേഹപൂർവ്വം 
ഗിരീഷ് മാന്നാനം