THEKKADY - ഒരു തേക്കടി യാത്രയുടെ നൊമ്പര സ്മൃതികൾ .
പിന്നിട്ട പാതകളിലെ ഓരോ യാത്രകളും സ്മൃതി പഥങ്ങളിൽ മധുര സ്മരണകൾ ഉണർത്തുന്നവയാണ് .
പക്ഷെ 2020 ജനുവരിയുടെ അന്ത്യത്തിൽ പെരിയാർ തടാകതീരത്തേക്ക് നടത്തിയ ഒരു യാത്ര സ്മൃതി പഥങ്ങളിൽ നൊമ്പരമായി പടരുന്നു .
കാരണം എൻറ്റെ പ്രിയ സഹോദരൻ , ഞങ്ങൾ 'കുഞ്ഞുമോൻ ' എന്ന് വിളിക്കുന്ന സുരേഷ് ബാബു വുമായി നടത്തിയ ആ യാത്ര ഒരു നൊമ്പര സ്മൃതിയായി മനസ്സിൽ നിറയുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല ..
.
.
2020 നവംബർ 15 ന് എൻറ്റെ പ്രിയ സഹോദരൻ ഹൃദയാഘാതത്തെ തുടർന്ന് അകാലത്തിൽ ഞങ്ങളെ വിട്ടുപിരിഞ്ഞു എന്ന വാർത്ത ഒരു ഞെട്ടലോടെയാണ് ഞാൻ അറിഞ്ഞത് .രാജസ്ഥാനിലെ തണുപ്പിൽ നിന്നും സഹിക്കവയ്യാത്ത വേദനയോടെ നാട്ടിലേക്ക് പുറപ്പെടുമ്പോഴും ഞാൻ ഞാൻ മനസുകൊണ്ട് പ്രാർത്ഥിച്ചു ആ വാർത്ത സത്യമാവരുതേ എന്ന് ......പക്ഷെ വിധിയുടെ യാഥാർത്യത്തെ ഒരിക്കലും നിഷേധിക്കാൻ കഴിഞ്ഞില്ല .
എങ്കിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ അവൻറ്റെ മരണ വാർത്ത സമൂഹത്തെ അറിയിക്കാൻ എൻറ്റെ മനസ്സ് അനുവദിച്ചില്ല ....കാരണം അവൻ ഞങ്ങളെ വിട്ടുപിരിഞ്ഞു എന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല .
പക്ഷെ 2021 ൽ വീണ്ടും ഒരു തണുത്ത ജനുവരി അസ്തമിക്കുമ്പോൾ ഞാൻ വേദനയോടെ തിരിച്ചറിയുന്നു വിടവാക്കു ചൊല്ലാതെ പടികടന്നു പോയ പ്രിയ സഹോദരനെ ക്കുറിച്ച് ..... പെരിയാർ തടാകതീരത്ത് അവനുമായി നടത്തിയ ആ യാത്ര, നൊമ്പര ചിത്രങ്ങളായി മനസ്സിൽ നിറയുന്നു...... അതുകൊണ്ടുതന്നെ ഈ യാത്രക്കുറിപ്പ് എൻറ്റെ പ്രിയ സഹോദരൻ കുഞ്ഞുമോനുള്ള ( സുരേഷ് ബാബു ) സ്മരണാഞ്ജലിയാണ് ...
2020 ജനുവരി 28 .
ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം എന്ന മലയോര പട്ടണത്തിലേക്കുള്ള യാത്രക്കിടയിലാണ് പെരുമ്പാവൂരിൽ താമസിക്കുന്ന എൻറ്റെ സഹോദരൻ കുഞ്ഞുമോനും കുടുംബവും കുമളി എന്ന അതിർത്തി പട്ടണത്തിൽ ഉണ്ടെന്ന് അറിയുന്നത് . പിന്നെ ഒട്ടും അമാന്തിച്ചില്ല ....കുമളിയിലേക്ക് പുറപ്പെട്ടു .
കാപ്പിപൂക്കളുടെ മദിപ്പിക്കുന്ന ഗന്ധം നിറഞ്ഞ്നിൽക്കുന്ന മലമ്പാതകളിലൂടെയുള്ള യാത്ര എൻറ്റെ സുഹൃത്തും ഡ്രൈവറുമായ ദാസപ്പനു നന്നേ ഇഷ്ടപ്പെട്ടു .പാമ്പാടും പാറയും , പുളിയന്മലയും , വണ്ടൻമേടും പിന്നിട്ടാണ് യാത്ര .....
ഏലക്കായുടെ മാസ്മരിക ഗന്ധം നിറഞ്ഞുനിൽക്കുന്ന 'ഏലപ്പട്ടണം ' എന്നറിയപ്പെടുന്ന വണ്ടൻമേട്ടിൽ എത്തിയപ്പോൾ വഴിയരികിൽ പടുത്തുയർത്തിയിരിക്കുന്ന പടുകൂറ്റൻ ഗണപതി വിഗ്രഹം കണ്ണുകളിൽ കൗതുകമായി നിറഞ്ഞു .
ദാസപ്പൻ ഗണപതി വിഗ്രഹത്തിനു മുന്നിൽ വണ്ടിയൊതുക്കി .
മലനിരകളുടെ പശ്ചാത്തലത്തിൽ ഒരു മഹാ പർവ്വതത്തിന്റെ ഗാംഭീര്യത്തോടെ സ്ഥിതിചെയ്യുന്ന മഹാ ഗണപതി വിഗ്രഹത്തിനുമുന്നിൽ നിൽക്കുമ്പോൾ മനസ്സിനുള്ളിൽ മഞ്ഞിന്റെ കുളിരു നിറയുന്നതറിയുന്നു .
വണ്ടൻമേടും പിന്നിട്ട് കുമളിയിൽ എത്തുമ്പോൾ സമയം ഏതാണ്ട് ഉച്ചയോട് അടുത്തിരുന്നു . ...അതിർത്തി പട്ടണമായ കുമളിയിലെ കേരളാ - തമിഴ്നാട് അതിർത്തിയോടു ചേർന്ന് ഏതോ സമരപ്പന്തൽ ഉയർന്നിരിക്കുന്നു . പന്തലിൽ സമരക്കാരും പോലീസുകാരും സജീവമാണ് .
അതിനിടയിൽ ദാസപ്പന് തമിഴ്നാട്ടിൽ പോകണം എന്നൊരു ആഗ്രഹം . പിന്നെ ഒട്ടും താമസിച്ചില്ല ....കേരളാ അതിർത്തിക്ക് സമീപം വണ്ടിയൊതുക്കി .നാലുചുവടു വച്ചപ്പോൾ ഞങ്ങൾ തമിഴ്നാട്ടിലെത്തി .
അതിർത്തി കവാടത്തിൽ മക്കൾ തിലകം എം . ജി . ആർ ൻറ്റെ പ്രതിമയാണ് ഞങ്ങളെ വരവേറ്റത് . അതിനുമപ്പുറം തമിഴ്നാട്ടിലെ കമ്പത്തേക്ക് പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന വാഹനങ്ങളുടെ നീണ്ട നിരതന്നെ കാണാമായിരുന്നു .
അപ്പോഴേക്കും അനിയന്റെ വിളിയെത്തി ....തേക്കടിക്കവലയിൽ അവൻ ഞങ്ങളെ കാത്തുനിൽപ്പുണ്ടത്രേ . പിന്നെ ഒട്ടും സമയം കളയാതെ തേക്കടിക്കവലയിലേക്ക് .....
ലോകപ്രസിദ്ധമായ തേക്കടി വന്യജീവി സങ്കേതത്തിലേക്കുള്ള വാതായനമാണ് തേക്കടിക്കവല .
ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സംരിക്ഷിത പ്രദേശം ഉൾപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ് തേക്കടി .
നിത്യ ഹരിത വനത്തിന്റെ മാസ്മരികതയും, വന നിബിഢതയുടെ ഗാംഭീര്യവും , പെരിയാർ തടാകത്തിൻറ്റെ ശാന്തസൗന്ദര്യവും ഈ വിനോദസഞ്ചാര കേന്ദ്രത്തിന് ലോക ടൂറിസം ഭൂപടത്തിൽ ഇടം നൽകിയിരിക്കുന്നു .
ഏതാണ്ട് 925 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ വന്യജീവി സങ്കേതം ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് .
കുമളിയിലെ തേക്കടിക്കവലയിൽ നിന്നും കൗമാരകാലത്ത് ഒട്ടേറെത്തവണ കാൽനടയായി തേക്കടിയിലേക്ക് യാത്രചെയ്തിട്ടുണ്ട് .
കാടിൻറ്റെ കുളിരറിഞ്ഞു , കാട്ടുകിളികളുടെ കലപിലകേട്ടു കൗമാര സ്വപ്നങ്ങളുടെ കൗതുങ്ങളുമായുള്ള യാത്രകൾ .....
പക്ഷെ കാലം കാഴ്ചകളുടെ ദേശാന്തരങ്ങളിലേക്ക് കൈപിടിച്ച് നടത്തിയപ്പോൾ കൗമാരകാഴ്ചകളുടെ കുളിർനിലങ്ങൾ പലപ്പോഴും അന്യമായി തുടങ്ങിയിരുന്നു ....
പക്ഷെ ഇപ്പോഴിതാ ഏതാണ്ട് കാൽ നൂറ്റാണ്ടുകൾക്ക് ശേഷം ഈ കാഴ്ചകളുടെ കവലയിൽ എത്തിയിരിക്കുന്നു ..... കാഴ്ചകൾക്ക് കളമൊരുക്കാൻ എൻറ്റെ പ്രിയ സഹോദരൻ തേക്കടിക്കവലയിൽ ഞങ്ങളെ കാത്ത് നിൽപ്പുണ്ടായിരുന്നു .
ഉച്ച ആയതുകൊണ്ട് നല്ല വിശപ്പ് തോന്നിയിരുന്നു . കുഞ്ഞുമോൻ ഞങ്ങളെയുമായി സമീപത്തെ ഹോട്ടലിലേക്ക് കയറി . ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു . ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞാൻ അവനോടു പറഞ്ഞു :
"ഞാനും ദാസപ്പനും തേക്കടിയിൽ ഒന്ന് കറങ്ങിവരാം. " അതുകേട്ടപ്പോൾ അവൻ പറഞ്ഞു : " ഞാനും വരുന്നു നിങ്ങൾക്കൊപ്പം ."
എനിക്ക് ഏറെ സന്തോഷം തോന്നി ....എന്നേക്കാൾ കൂടുതൽ തേക്കടിയേയും പരിസരപ്രദേശങ്ങളെയും കുറിച്ച് അറിവുള്ളത് കുഞ്ഞുമോനാണ് ..
സ്വകാര്യ വാഹനങ്ങൾക്ക് തേക്കടിയിലേക്കുള്ള പ്രവേശന കവാടം വരെയേ അനുമതിയുള്ളു .അവിടെനിന്നും കെ ടി ഡി സി വക ബസ്സിലാണ് യാത്ര .
സമീപത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ ഞങ്ങൾ വാഹനമൊതുക്കി .ഫോറസ്റ്റ് ഡിപ്പാർട്ട് മെൻറ്റ് വക കൗണ്ടറിൽ നിന്നും മൂന്നു ബസ് ടിക്കറ്റുകൾ എടുത്തു .
ഒരേ സീറ്റിലിരുന്നാണ് ഞാനും കുഞ്ഞുമോനും യാത്രചെയ്തത് . പടുകൂറ്റൻ കാട്ടുമരങ്ങൾ തണൽവിരിച്ച പാതയിലൂടെ തേക്കടി തടാകം ലക്ഷ്യം വച്ചാണ് ബസ്സ് നീങ്ങുന്നത് . സൈഡ് സീറ്റിലിരുന്ന ഞാൻ വന്യതയുടെ ശൈത്യ ലഹരി ആസ്വദിക്കുകയായിരുന്നു .
പക്ഷെ കുഞ്ഞുമോന് ഒട്ടേറെ കാര്യങ്ങൾ പറയാനുണ്ടായിരുന്നു ....കാടിനെക്കുറിച്ചും , വഴിയോരത്ത് മിന്നിമറയുന്ന ഓരോ മരത്തിൻറ്റെ പ്രായത്തെക്കുറിച്ചും , മരച്ചില്ലകളിൽ കൂടുകൂട്ടാനെത്തുന്ന ദേശാടന കിളികളെക്കുറിച്ചുമെല്ലാം അവൻ പറഞ്ഞുകൊണ്ടിരുന്നു .എന്തിനേറെ തേക്കടിക്കാടുകളിൽ കാണപ്പെടുന്ന അപൂർവയിനം ഔഷധചെടികളെക്കുറിച്ചുപോലും അവന് നല്ല അറിവുണ്ടായിരുന്നു .
പക്ഷെ കുഞ്ഞുമോന് ഒട്ടേറെ കാര്യങ്ങൾ പറയാനുണ്ടായിരുന്നു ....കാടിനെക്കുറിച്ചും , വഴിയോരത്ത് മിന്നിമറയുന്ന ഓരോ മരത്തിൻറ്റെ പ്രായത്തെക്കുറിച്ചും , മരച്ചില്ലകളിൽ കൂടുകൂട്ടാനെത്തുന്ന ദേശാടന കിളികളെക്കുറിച്ചുമെല്ലാം അവൻ പറഞ്ഞുകൊണ്ടിരുന്നു .എന്തിനേറെ തേക്കടിക്കാടുകളിൽ കാണപ്പെടുന്ന അപൂർവയിനം ഔഷധചെടികളെക്കുറിച്ചുപോലും അവന് നല്ല അറിവുണ്ടായിരുന്നു .
തടാകതീരത്ത് ഞങ്ങൾ എത്തുമ്പോൾ കുന്നിറങ്ങിവരുന്ന ഇളവെയിൽ നീലജലപ്പരപ്പിൽ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു .
ഒരു ടൂറിസ്റ്റ് സീസൺ അല്ലാത്തതുകൊണ്ടാവും തടാകതീരത്ത് സഞ്ചാരികളുടെ തിരക്ക് നന്നേകുറവായിരുന്നു . പെരിയാർ തടാകത്തിൽ സവാരികഴിഞ്ഞു മടങ്ങിയെത്തിയ ബോട്ടുകൾ പലതും തടാക തീരത്ത് നങ്കൂരമിട്ടിരിക്കുന്നു .
മുല്ലപ്പെരിയാർ തടാകത്തിലോടുള്ള ബോട്ടുസവാരി തേക്കടി വിനോദസഞ്ചാര കേന്ദ്രത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് .
ഇടതൂർന്ന നിത്യ ഹരിത വനങ്ങൾക്കിടയിലൂടെ കാടിനേയും കാട്ടുമൃഗങ്ങളെയും അടുത്തറിഞ്ഞൊരു യാത്ര . കാടിൻറ്റെ ഉള്ളറകളിൽ നിന്നും ദാഹജലം തേടി തടാകതീരത്ത് എത്തുന്ന കാലമാനും , കാട്ടുപോത്തും , കാട്ടാനക്കൂട്ടങ്ങളും സഞ്ചാരികൾക്കുമുന്നിൽ കൗതുകകാഴ്ചകൾ ഒരുക്കുന്നു . വന്യജീവികളെ ഇത്ര സുരക്ഷിതമായി കാണാണാൻപറ്റുന്ന മറ്റൊരു ഇടം ഇന്ത്യയിൽ ഉണ്ടെന്നു തോന്നുന്നില്ല .
ഇടതൂർന്ന നിത്യ ഹരിത വനങ്ങൾക്കിടയിലൂടെ കാടിനേയും കാട്ടുമൃഗങ്ങളെയും അടുത്തറിഞ്ഞൊരു യാത്ര . കാടിൻറ്റെ ഉള്ളറകളിൽ നിന്നും ദാഹജലം തേടി തടാകതീരത്ത് എത്തുന്ന കാലമാനും , കാട്ടുപോത്തും , കാട്ടാനക്കൂട്ടങ്ങളും സഞ്ചാരികൾക്കുമുന്നിൽ കൗതുകകാഴ്ചകൾ ഒരുക്കുന്നു . വന്യജീവികളെ ഇത്ര സുരക്ഷിതമായി കാണാണാൻപറ്റുന്ന മറ്റൊരു ഇടം ഇന്ത്യയിൽ ഉണ്ടെന്നു തോന്നുന്നില്ല .
തടാകതീരത്തേക്കുള്ള കൽപ്പടവുകൾക്ക് സമീപം നിൽക്കുമ്പോൾ കുഞ്ഞുമോൻ , പെരിയാർ തീരത്തെ കണ്ണീർക്കയത്തിൽ ആഴ്ത്തിയ ഒരു മഹാ ദുരന്തത്തെക്കുറിച്ചു എന്നെ ഓർമപ്പെടുത്തി ....
2009 സെപ്റ്റംബർ 30 ന് കേരളത്തെ ആകെ നടുക്കിയ ഒരു ബോട്ട് അപകടത്തിൻറ്റെ ദുരന്ത സ്മൃതികൾ ....76 യാത്രക്കാരുമായി മുല്ലപ്പെരിയാറിലേക്കു പോയ 'ജാലകന്യ ' എന്ന കെ ടി ഡി സി വക ബോട്ടാണ് അന്ന് അപകടത്തിൽ പെട്ടത് . അന്ന് ഈ നീലജലാശയത്തിൽ പൊലിഞ്ഞമർന്നത് 45 ജീവനുകളാണ് ...
തടാകതീരത്ത് നിന്നും ഞങ്ങൾ പോയത് 'ആരണ്യനിവാസ് ' എന്ന അഥിതി മന്ദിരത്തിലേക്കാണ് . പെരിയാർ തടാകത്തിന് അഭിമുഖമായി തേക്കടി വന്യജീവി സങ്കേതത്തിൻറ്റെ തിരുമധ്യത്തിലായാണ് വന്യ സൗന്ദര്യവുമായി ഈ അതിഥി മന്ദിരം നിലനിൽക്കുന്നത് .
പടുകൂറ്റൻ മരങ്ങൾ തണൽവിരിച്ച ആരണ്യനിവാസിൻറ്റെ കൽപ്പടവുകൾ കയറുമ്പോൾ ആകാശംമുട്ടെ പടർന്നു പന്തലിച്ചുനിൽക്കുന്ന ഒരു കാട്ടുമരത്തെ ചൂണ്ടിക്കാട്ടി അതിൻറ്റെ കാലപ്പഴക്കത്തെക്കുറിച്ചു കുഞ്ഞുമോൻ എനിക്ക് വിവരിച്ചുതന്നു .
ആ മരത്തിനു ചുവട്ടിൽ നിന്ന് എൻറ്റെ ഒരു ചിത്രമെടുക്കാനും അവൻ മറന്നില്ല .
ആ മരത്തിനു ചുവട്ടിൽ നിന്ന് എൻറ്റെ ഒരു ചിത്രമെടുക്കാനും അവൻ മറന്നില്ല .
തടാകത്തിനപ്പുറത്തെ കാടുകളുടെ കരിനീലത്തലപ്പുകൾക്ക് മുകളിൽ സന്ധ്യ ചായം പൂശിത്തുടങ്ങിയപ്പോഴാണ് ഞങ്ങൾ തടാക തീരത്തോട് വിടപറഞ്ഞത് .
തിരിച്ചു കുമളിയിലെത്തുമ്പോൾ കുഞ്ഞുമോൻറ്റെ ഭാര്യ ഷീലയും മകൻ അനന്തുവും (പവൻ ) ഞങ്ങളെ കാത്ത് നിൽപ്പുണ്ടായിരുന്നു .
സന്ധ്യ മയങ്ങിത്തുടങ്ങിയതിനാൽ ഞാനും ദാസപ്പനും ഏറെസമയം അവിടെതങ്ങിയില്ല , ഉടൻ തന്നെ മടക്കയാത്രക്കൊരുങ്ങി .
ഈ യാത്രക്കുശേഷം 2020 നവംബർ 15 നാണ് എൻറ്റെ പ്രിയ സഹോദരൻ ഞങ്ങളെ വിട്ടുപോയി എന്ന നടുക്കുന്ന വാർത്ത ഞാൻ കേൾക്കുന്നത് .
ഒരിക്കൽപോലും വാക്കുകൊണ്ടോ നോക്കുകൊണ്ടോ കലഹിച്ചിട്ടില്ലാത്ത എൻറ്റെ പ്രിയ സഹോദരൻ കുഞ്ഞുമോൻറ്റെ ( സുരേഷ് ബാബു ) ഓർമകൾക്കുമുന്നിൽ വേദനയോടെ ഈ യാത്രസ്മൃതി സമർപ്പിക്കുന്നു .
ഗിരീഷ് മാന്നാനം .