2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

Haridwar Sri Ayyappa Temple -ഹരിദ്വാറിൽ ഹരിഹരപുത്രൻ ശ്രീ ധർമശാസ്താവ്

   ഹരിദ്വാരിൽ  ഹരിഹരപുത്രൻ  ശ്രീ  ധർമശാസ്താവ് ......                                       

   ഇത്   ഹരി ദ്വാർ ......
ഹരിഹരന്മാർ (മഹാ വിഷ്ണുവും  പരമശിവനും )കുടികൊള്ളുന്ന  ദേവഭൂമി ....
ഹിമവൽ ശ്രുംഗങ്ങളെ     നെഞ്ചിലേറ്റിയ  ഉത്തരാഖണ്ഡ് ന്റ്റെ   ഹൃദയ ഭൂമി .... 
ഹിമഗിരികൾ  താണ്ടിയെത്തുന്ന പവിത്രമായ  ഗംഗയെ  സമതലത്തിൽ  സ്വീകരിക്കുന്ന  പുണ്യഭൂമി ...  
     ഹൈന്ദവ   സംസ്ക്കാരത്തിന്റ്റെ ആത്മചൈതന്യം  നിറഞ്ഞുനിൽക്കുന്ന ഈ പുണ്യഭൂമിയിൽ  ഹരിഹരപുത്രൻ ശ്രീഅയ്യപ്പന്റ്റെ   നിറസാന്നിദ്ധ്യം ....
പമ്പാതീരങ്ങൾ  താണ്ടിയെത്തിയ  പൊന്നമ്പലമേട്ടിലെ  ഈ    പൊൻവെളിച്ചം  ഗംഗയുടെ  പവിത്ര തീരങ്ങളിൽ  ജ്വലിച്ചുണരുന്നു .....
അതെ  സഹ്യമുടിയുടെ   ദേവദേവൻ  , ശബരിമലയുടെ   സർവാധിപൻ   ശ്രീ അയ്യപ്പന്  ഗംഗയുടെ  പുണ്യതീരങ്ങളിൽ   ഒരു  പുണ്യക്ഷേത്രം ......
ഹരിദ്വാർ  ശ്രീ  അയ്യപ്പ ക്ഷേത്രം .....!!

അരനൂറ്റാണ്ടിൻറ്റെ   ചരിത്രം   പേറുന്ന  ഈ   ക്ഷേത്രം   കേരളത്തിനു   വെളിയിൽ  സ്ഥാപിക്കപ്പെട്ട   രണ്ടാമത്തെ   അയ്യപ്പ ക്ഷേത്രം  എന്നത്   ഏറെ   പ്രസക്തം ...
പമ്പാതീരങ്ങൾ   താണ്ടിയ   കലിയുഗവരദനെ   ആദ്യം കാത്തിരുന്നത്   കലികാല  ദുഖങ്ങൾക്ക്‌   അറുതി  വരുത്തുന്ന  കാശിയുടെ   തീരങ്ങളാണ് ....
ബനാറസ്   തിലപാണ്ടേശ്വാർ  അയ്യപ്പ ക്ഷേത്രം  കേരളത്തിനു  വെളിയിൽ   സ്ഥാപിക്കപ്പെട്ട പ്രഥമ   അയ്യപ്പ ക്ഷേത്രമാണ് .
    തുടർന്ന്     1955 - ൽ  ഹരിദ്വാർ   ശ്രീ അയ്യപ്പ ക്ഷേത്രം  സ്ഥാപിതമായി .അങ്ങനെ  ഹരിഹരസുതൻ   പിതൃ സമക്ഷം  ഉപവിഷ്ടടനായി . 

         ഈ   ക്ഷേത്ര  സ്ഥാപനത്തിനു   പിന്നിൽ   നിറംപിടിപ്പിക്കാത്ത   ഒരു  ചരിത്ര   യാഥാർത്യമുണ്ട്.
 ഡേരാഡൂണിൽ  കൽക്കരി   എഞ്ചിനിയറായി   സേവനം   അനുഷ്ടിച്ചിരുന്ന   ഹരപ്രസാദ്  ശർമ  എന്ന   സാത്വികനിൽ    നിന്നും   തുടങ്ങുന്നു   ആ  ചരിത്രം ....

    ഹരപ്രസാദ്  ശർമയുടെ   ഒരു  പുത്രന്  ജന്മനാൽ   സംസാര ശേഷി  ഇല്ലായിരുന്നു .ഇതിൽ  അദ്ദേഹം  ഏറെ  ദുഖിതനായിരുന്നു .ദക്ഷിണേന്ത്യയിൽ   നിന്നുള്ള  ചില  സഹപ്രവർത്തകർ  നടത്താറുള്ള   മണ്ഡല പൂജകളിൽ  ഇദ്ദേഹം  നിരന്തരം  പങ്കെടുക്കുക  പതിവായിരുന്നു ...ഇവരിൽ  ചിലർ  ഇദ്ദേഹത്തോട്  പറഞ്ഞു: സംസാര ശേഷി  ഇല്ലാത്ത   മകനെയും  കൂട്ടി  മണ്ഡല  വ്രതം  എടുത്ത്  പൊന്നുപതിനെട്ടാംപടി  ചവുട്ടിയാൽ  ആഗ്രഹങ്ങൾ  എല്ലാം  സഫലമാകുമെന്ന് ...
സുഹൃത്തുക്കളുടെ  വാക്കുകൾ   ശ്രീ  ഹരപ്രസാദ് ശർമയുടെ   ഉള്ളിൽ  പുത്തൻ   പ്രതീക്ഷകളുടെ   വിത്ത് വിതറി ....
പിന്നെ   ഒന്നും   ആലോചിച്ചില്ല   അടുത്ത  മണ്ഡലകാലത്ത്  മകനെയും കൂട്ടി  ഹരപ്രസാദ്ശർമ 
ശബരിഗിരിയുടെ   സർവാധിപനെ  തേടിയെത്തി .
      ഹരിഹരസുതൻറ്റെ  അനുഗ്രഹവും  വാങ്ങി  ഹരിദ്വാരിൽ   മടങ്ങിയെത്തിയ  ഹരപ്രസാദ്ശർമ   അത്ഭുത പരതന്ത്രനായി ....തൻറ്റെ  പ്രതീക്ഷകൾ  മുള പൊട്ടുന്നതും   പൂത്തുലയുന്നതും   അദ്ദേഹം  കണ്ടു .
ജന്മനാൽ  സംസാരശേഷി ഇല്ലാത്ത അദ്ദേഹത്തിൻറ്റെ  മകൻ  സംസാരിച്ചു  തുടങ്ങിയിരിക്കുന്നു.....
 ഇതിൽ  സംതുഷ്ടടനായ  ഹരപ്രസാദ്  ശർമ  ഹരിദ്വാരിൽ  തനിക്കു  പൈതൃകമായി  കിട്ടിയ  ഭൂമിയിൽ  ഹരിഹര പുത്രൻ  ശ്രീ  അയ്യപ്പനെ  കുടിയിരുത്താൻ   തീരുമാനിച്ചു .
  ഈ  ആഗ്രഹഹവുമായി  ഇദ്ദേഹം  ആസേതുഹിമാചലം   അയ്യപ്പ  ദർശനങ്ങളുമായി   യാത്ര  ചെയ്യ്‌തിരുന്ന   സംപൂജ്യനായ  വിമോചനാനന്ദ  സ്വാമികളെ  സമീപിച്ചു  . പല സ്ഥലത്തും  അയ്യപ്പ  പ്രതിഷ്ഠകൾ   നടത്തിയിട്ടുള്ള   ശബരിഗിരിയിലെ   ആ  താപസ ശ്രേഷ്ഠൻ  ഹരപ്രസാദ്  ശർമയുടെ  ആഗ്രഹ  സഫലീകരനത്തിനു   സമ്മതം  അറിയിച്ചു . 
      അങ്ങനെ   1955 - ൽ  ഋഷിവര്യനായ വിമോചനാനന്ദ   സ്വാമികൾ   ഹരിദ്വാരിൽ  ഹരിഹരപുത്രൻ   ശ്രീ  അയ്യപ്പനെ  പിതൃസമക്ഷം   പ്രതിഷ്ടിച്ചു ....
തുടർന്ന്  ഗംഗയുടെ  തീരത്തെ  ഈ  കൊച്ച് അമ്പലത്തിൽ  ശ്രീ  അബ്ലിവാദ്യ കൃഷ്ണൻ  നമ്പൂരി   ആദ്യത്തെ   തന്ത്രിയായി  എത്തി .
   ക്ഷേത്ര  നഗരമായ  ഹരിദ്വാറിലെ   പടുകൂറ്റൻ  ക്ഷേത്ര  സമുച്ചയങ്ങൾക്ക്  ഇടയിൽ  ശ്രീ  അയ്യപ്പ ക്ഷേത്രം  അധികം  ആരാലും  ശ്രദ്ധിക്കപ്പെടാതിരുന്ന  കാലത്താണ്  ശ്രീ  ചേറ്റൂർ  വിഷ്ണു കൃഷ്ണൻ  നമ്പൂരി  ഇവിടുത്തെ   രണ്ടാമത്തെ  പൂജാരിയായി  എത്തുന്നത് ...
തികഞ്ഞ   സാത്വികനും  അവിവാഹിതനുമായ  ശ്രീ  ചേറ്റൂർ  വിഷ്ണു കൃഷ്ണൻ  നമ്പൂരി  തൻറ്റെ  ജീവിതം   ഹരിഹരപുത്രനായി   ഉഴിഞ്ഞു വെച്ചു .
ഇദ്ദേഹത്തിൻറ്റെ  നിരന്തര   പരിശ്രമ ഫലമായി  ക്ഷേത്രം  വികസനത്തിൻറ്റെ   പാതയിൽ  എത്തി .
ശ്രീ അയ്യപ്പൻറ്റെ  ശ്രീകോവിലിനോട്  അനുബന്ധിച്ച്  പരമശിവൻ , ശ്രീ പാർവതി , മഹാവിഷ്ണു , ഗണപതി ,ആഞ്ജനേയൻ തുടങ്ങിയ   ദേവിദേവന്മാരുടെ   പ്രതിഷ്ഠകളും സ്ഥാനംപിടിച്ചു. 
ആളും  ആരവവും  കുറവാണെങ്കിലും  ഹരിദ്വാരിൽ  മണിമുഴങ്ങുന്ന  ദിനരാത്രങ്ങളിൽ   ഹരിഹര പുത്രൻറ്റെ  നിത്യ പൂജകൾ  നിർബാധം   തുടർന്ന്  പോന്നു .
ശ്രീ ചേറ്റൂർ  വിഷ്ണു കൃഷ്ണൻ  നമ്പൂതിരിയുടെ  നിശ്ചയ ദാർഡ്യത്തോടുള്ള  ശ്രമഫലമായി  ശ്രീ അയ്യപ്പ  ക്ഷേത്രം   ഒരു  ട്രസ്റ്റായി  രൂപാന്തരപ്പെടുകയും  1970 - ൽ  ക്ഷേത്രത്തോട്  അനുബന്ധിച്ച്  ശ്രീ  അയ്യപ്പ സദനം  എന്നപേരിൽ   ഒരു ബഹുനില  മന്ദിരം   നിർമിക്കുകയും  ചെയ്തു .
മൂന്നു നിലകളിലായി   പടുത്തുയർത്തിയിരിക്കുന്ന   ഈ  മന്ദിരത്തിൽ  ഹരിദ്വാറിൽ  എത്തുന്ന  ഭക്ത ജനങ്ങൾക്ക്‌   മിതമായ  നിരക്കിൽ  താമസ സൗകര്യം   ഒരുക്കിയിരിക്കുന്നു .              ക്ഷേത്രത്തോട്  അനുബന്ധിച്ചുള്ള   ഊട്ടുപുഅയിൽ  ശുദ്ധമായ  വെജിറ്റേറിയൻ  ഭക്ഷണം  ലഭ്യമാണ് .
ശ്രീ ചേറ്റൂർ വിഷ്ണു കൃഷ്ണൻ  നമ്പൂതിരിയുടെ  ഇളമുറക്കാരിൽ  പലരും  ഇന്നും  ക്ഷേത്ര  നടത്തിപ്പിൽ   പങ്കാളികളാണ് .
   നിലവിൽ  സുപ്രീംകോടതിയിലെ  മുതിർന്ന   അഭിഭാഷകൻ  ശ്രീ  എ .ശ്രീധരൻ നമ്പ്യാരാണ്  ഹരിദ്വാർ  ശ്രീ  അയ്യപ്പ ട്രസ്റ്റിൻറ്റെ  പ്രസിഡണ്ട് .
മാനേജിംഗ്  ട്രസ്റ്റി  ശ്രീ  പി . പരമേശ്വരൻ , സെക്രട്ടറി ശ്രീ ജി . രാഘവൻ , ട്രസ്റ്റിമാരായ  ശ്രീമതി  ഗീതാപൊതുവാൾ  തുടങ്ങിയവർ   ശ്രീ  അയ്യപ്പ  ക്ഷേത്രത്തിൻറ്റെയും  ട്രസ്റ്റിൻറ്റെയും  വികസനത്തിനായി   പ്രവർത്തിക്കുന്നു .
    എന്തായാലും   ഹരിദ്വാരിലെ   ഈ  ഹരിഹരപുത്ര   സാന്നിദ്ധ്യം   ദക്ഷിണേന്ത്യയിൽ  നിന്നുള്ള   ഭക്തജനങ്ങളെ   ധന്യരാക്കുന്നു .
    ഹരിദ്വാർ  റെയിൽവേ  സ്റ്റേഷനിൽ  നിന്നും  ഏതാണ്ട്  അരകിലോ മീറ്റർ  അകലെയുള്ള  ശിവമൂർത്തി  ചൗക്കിനു  സമീപം  ശിവമൂർത്തി  ഗല്ലിയിലാണ്  ശ്രീ  അയ്യപ്പ  ക്ഷേത്രം   സ്ഥിതി ചെയ്യുന്നത് .
ക്ഷേത്രത്തിനു  ചുറ്റു വട്ടത്ത്‌  ചെറുതും  വലുതുമായ അസംഖ്യം   ക്ഷേത്ര  സമുച്ചയങ്ങൾ .....
എവിടെയും   മുഴങ്ങുന്ന   മന്ത്ര  ധ്വനികളും  മണി ഒച്ചകളും ....

വിളിപ്പാടകലെ   ഗംഗയുടെ  പവിത്ര  തീരങ്ങൾ .....
  ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നിന്നും ഏതാണ്ട്  രണ്ടു കിലോമീറ്റർ അകലെ  മഹാവിഷ്ണുവിൻറ്റെ  
പാദ സ്പർശമേറ്റ  ഹരി -കി -പൗരി  ബ്രഹ്മകുണ്ഡ് .
ഇവിടെയാണ്‌  നിറദീപങ്ങളുടെ  നേർക്കാഴ്ച  ഒരുക്കി  പ്രസിദ്ധമായ   ഗംഗാ ആരതി  നടക്കുന്നത് .
                              നാല് ദിവസത്തെ  ദേവ ഭൂമിയുടെ  അത്മാവറിഞ്ഞുള്ള   യാത്ര .....
നിറദീപങ്ങൾ  കണ്ട്  , മന്ത്രധ്വനികളും  മണിഒച്ചകളും  കേട്ട്  ഇനി   മടക്കയാത്ര ....
ഞങ്ങൾക്ക്   ആതിഥ്യമരുളിയ  ശ്രീ  അയ്യപ്പ സദനത്തോട്  വിടപറയുമ്പോൾ  ഹരിദ്വാരിൽ  കുടികൊണ്ട  ഹരിഹരപുത്രൻറ്റെ  അനുഗ്രഹങ്ങൾ  പൊന്നമ്പല  മേട്ടിലെ  പൊൻവെളിച്ചമായി   വഴി   തെളിയിക്കുന്നത്  ഞങ്ങൾ  തിരിച്ചറിയുന്നു ....




സ്നേഹപൂർവ്വം 
ഗിരീഷ്‌  മാന്നാനം 


    

     
     

2015, ജൂലൈ 30, വ്യാഴാഴ്‌ച

Yathra -Monsoon Dreams- ബീർപൂരിൽ ഒരു മഴക്കാലം ...








ബീർപൂരിൽ  ഒരു  മഴക്കാലം ...

മഴ പെയ്യ്‌തിറങ്ങുകയാണ് .......
            ഹിമാലയൻ  ഹിമശ്രുംഗങ്ങളിലൂടെ ....... ശിവാലിക്  കുന്നുകളുടെ   ഹരിത സമൃദ്ധിയിലൂടെ .....മസൂരിയുടെ   മഞ്ഞണിഞ്ഞ   മലനിരകളിലൂടെ ...  .ബീർപൂരിന്റ്റെ   മണ്ണിലേക്ക് ..... 

         ബീർപൂർ  വൃന്ദാവനത്തിലെ   പാഴ്മരക്കൊമ്പുകൾക്ക്  അപ്പുറത്ത്  മസൂരി  മലമടക്കുകളിൽ  വിതുമ്പിനിന്ന  മഴമേഘങ്ങൾ  പെയ്യ്‌തുതുടങ്ങി .....മഞ്ഞിന്റ്റെ   കുളിരും  ,മണ്ണിന്റ്റെ  മണവുമായി .....
    ഊഷരമായ   മണ്ണിന്റ്റെ   ഗർഭഗൃഹങ്ങളിലേക്ക്   ഉർവരതയുടെ  ജീവജലവുമായി   മഴ  പെയ്യ്‌തിറങ്ങുകയാണ് ....                                          ഇലകൊഴിഞ്ഞ   മരച്ചില്ലകളിൽ  പച്ചപ്പിന്റ്റെ   പറുദീസയൊരുക്കാൻ  ........ മഴയുടെ  താളം   ഒരു   മന്ദ്രധ്വനിയായി   മനസിനുള്ളിൽ   നിറയുമ്പോൾ ,അകലെ  കൈലാസത്തിലെ   കടുംതുടിയുടെ   രുദ്രതാളം   ഞാൻ  തിരിച്ചറിയുന്നു .  കാടിന്റ്റെ  ഗീതവും  കാട്ടരുവിയുടെ   ഗർജനവും   കാതുകളിൽ   കടുംതുടിയായി   മുഴങ്ങുന്നു .....
മണ്ണിന്റ്റെ   മണവും  മഞ്ഞിന്റ്റെ   കുളിരും  ഞാൻ   തൊട്ടറിയുന്നു  ....
              മഴ  ഒരു   ഉന്മാദമായി   പച്ചപ്പിന്റ്റെ  പറുദീസകൾക്ക്   മുകളിൽ  പടരുകയാണ് ..... ബീർപൂരിന്റ്റെ   മണ്ണിൽ   ഇത്   മഴയുടെ   ഉത്സവകാലമാണ് ...
     ബീർപൂരിലെ   എന്റ്റെ   ഇടത്താവളത്തിന്റ്റെ   മട്ടുപ്പാവിൽ   നിൽക്കുമ്പോൾ
ബീർപൂർ   വൃന്ദാവനത്തിലെ   പച്ചപുൽത്തകിടികളിൽ   മഴനൂലുകൾ   നൃത്തം  ചെയ്യുന്നത്  കാണാം ...... പച്ചിലത്തുമ്പ്‌ കളിലൂടെ   ഊർന്നു വീഴുന്ന  മഴത്തുള്ളികളുടെ   വിതുമ്പലുകൾ   കേൾക്കാം .......പിന്നെ    പച്ചപ്പിന്റ്റെ   പറുദീസയിൽ   മദിച്ചു നടക്കുന്ന    പശുക്കിടാങ്ങൾ....... മഴയുടെ   നനഞ്ഞ  കൈകളിൽ   നിന്നും   ഓടി അകലുന്ന   അരയന്നങ്ങളും   മുയലുകളും ......
  മഴ  കാഴ്ച്ചയുടെ   ഉത്സവമായി   മനസ്സിൽ   നിറയുകയാണ് ....                            ഒരു  കിനാവിന്റ്റെ  ചാരുതയോടെ   ഓർമകളിൽ   ചേക്കേറുകയാണ് .....
         ഉത്തരാഖണ്ഡ് ന്റ്റെ   ഭൂപടത്തിൽ   ഉറങ്ങിക്കിടക്കുന്ന   ബീർപൂർ  എന്ന  കൊച്ചു  ഗ്രാമത്തിന്റ്റെ   മലനിരകൾ  ഉണരുന്നത്   മഴക്കാലത്താണ് .
 കാറ്റിൻറ്റെ   ശീൽക്കാരം  കേട്ട് ....കാടിന്റ്റെ   സംഗീതം   കേട്ട് .... കിളിക്കൂട്ടങ്ങളുടെ   കലപില  കേട്ട് ..... മഴയുടെ   കുളിരണിഞ്ഞു  ബീർപൂരിന്റ്റെ  മണ്ണ്   ഉണരുകയാണ് ..
      എന്റ്റെ   ബാൽക്കണിയിലെ   ചെടിച്ചട്ടികളിൽ   മഴത്തുള്ളി ക്കിലുക്കം   ഞാൻ   കേട്ടു .....പച്ചില തുംബുകളിലൂടെ   ഊർന്നിറങ്ങുന്ന   സ്പടികമണികൾ  കൗതുക   കാഴ്ചയായി   കണ്ണുകളിൽ   നിറയുകയാണ് ......
മഴനനഞ്ഞ  ടെറസ്സിലെ  കൊച്ചു പൂന്തോട്ടത്തിൽ  പുതുചെടികൾ   നടുന്ന  തിരക്കിലാണ്  ഭാര്യ  ലളിതാംബികയും  മകൻ  അതീന്ദ്രയും ...
.
         ഇടയ്ക്കെപ്പോഴോ    മഴയൊന്നു  ഇടമുറിഞ്ഞപ്പോൾ  നനവുണങ്ങാത്ത   എന്റ്റെ  തിരുമുറ്റത്ത്   പച്ച പനം തത്തകളുടെ   ചിറകടി   ഒച്ച  ഞാൻ  കേട്ടു .
പച്ചപ്പിന്റ്റെ   പറുദീസകൾക്ക്   മുകളിലൂടെ   പറന്നെത്തിയ  പച്ച തത്തകൾ ....
മരതക ക്കാടിന്റ്റെ   മന്ത്രധ്വനികളുമായി   തത്തകൾ   എന്റ്റെ   മുറ്റത്ത്  നൃത്തം  ചെയ്യ്തു ....
മഴനൂലുകൾ   വാരിവിതറിയ   ആലിപ്പഴത്തിനൊപ്പം   അരിമണികൾ  കൊത്തിപ്പെറുക്കുന്ന    പച്ച തത്തകൾ   എന്റ്റെ   മനസിന്റ്റെ   പച്ചപ്പിൽ   പകൽ വെളിച്ചമായി  നിറയുകയായിരുന്നു ....
പകൽ വെളിച്ചത്തിന്റ്റെ   പറുദീസയിൽ   വീണ്ടും   കിളികളെത്തുകയായി .....
മഴ നനഞ്ഞ   ചിറകുകൾ   ഉണക്കാൻ ....എന്റ്റെ   മകൻ  അതീന്ദ്ര   വാരിവിതറിയ   അരിമണികൾ   കൊത്തിപ്പെറുക്കാൻ .....
കുഞ്ഞിക്കുരുവിയും   കരിയിലം പിടച്ചിയും  ,കാ ട്ടു മൈനയും   പിന്നെ  പേരറിയാത്ത   അസംഖ്യം   കിളിക്കൂട്ടങ്ങളും ........
കാതുകളിൽ   പുനർജനിയുടെ   ചിറകടി  ഒച്ച   ഞാൻ  കേട്ടു ...
ബാല്യത്തിന്റ്റെ   ബാലിശമായ കൌതുകങ്ങൾ  കൌമാര സ്വപ്‌നങ്ങൾ പോലെ കാലങ്ങൾ താണ്ടി  ചിറകടിച്ചെത്തി ....
      എന്റ്റെ   തിരുമുറ്റത്ത്   പ്രണയ  വസന്തമൊരുക്കിയ  പക്ഷി  ക്കൂട്ടങ്ങൾ ....
പ്രകൃതിയുടെ   പച്ചപ്പിനു മുകളിൽ   പടരുന്ന   പ്രണയത്തിന്റ്റെ   ചൂടും  ചൂരും   ഞാൻ   അടുത്തറിഞ്ഞു .  മരങ്ങളിലൂടെ   മലകളിലൂടെ    പ്രണയം   പെയ്യ്ത്  ഇറങ്ങുകയാണ്  .....
      ചുണ്ടോട് ചുണ്ട്  ചേർത്ത്   പ്രണയം   പങ്കുവയ്ക്കുന്ന  പച്ചപനം തത്തകൾ....
  തത്തമ്മകളുടെ   രക്ത വർണമാർന്ന   ചുണ്ടുകൾ   കൂടുതൽ   ചുവന്നു  വരുന്നതായി   എനിക്ക്  തോന്നി .
  കൌമാരത്തിൽ   എപ്പോഴോ   കേട്ട  ഒരു   പഴംപാട്ടിന്റ്റെ   ഈണം   എന്റ്റെ   ചുണ്ടുകളിൽ   തത്തിക്കളിച്ചു ....
"തത്തമ്മ  ചുണ്ടു  ചുവന്നത്   കളിവെറ്റില   തിന്നിട്ടോ ....
മാരനൊരാൾ   ചുണ്ടിൽ വന്ന്  കളി മുത്തം   തന്നിട്ടോ ..."
        എവിടെ നിന്നോ   പറന്നെത്തിയ    അരിപ്രാവിന്റ്റെ   ചിറകടി  ഒച്ചകേട്ട്   പച്ചപനം  തത്തകൾ   പ്രണയ   നൊമ്പരങ്ങളുമായി    പറന്നകന്നു ....
         മഴ നനഞ്ഞ   മുറ്റത്ത്   ഞാൻ   വീണ്ടും   കാത്തിരുന്നു   പ്രണയത്തിന്റ്റെ   ചിറകടി  ഒച്ചകൾക്കായി .....
എന്റ്റെ   കാത്തിരിപ്പിന്   സാഫല്യം  നൽകിക്കൊണ്ട്   മുറ്റത്തിന്  അതിരിട്ട   പച്ച  വേലിക്കരുകിൽ   കുഞ്ഞിക്കുരുവികൾ   പറന്നെത്തി .....                        കുഞ്ഞിളം   കാറ്റുപോലെ   ചിറകടിച്ചെത്തിയ    കുഞ്ഞിക്കുരുവികൾ ....
     കൂട്ടം തെറ്റിയ   രണ്ട്   ഇണക്കുരുവികൾ  എന്റ്റെ  പച്ചവേലിക്ക് മുകളിൽ   ഒരു   സ്വപ്ന ശകലം  പോലെ  ഇരിക്കുന്നത്  ഞാൻ  കണ്ടു .....
അവർ   പ്രണയത്തിന്റ്റെ   മധു നുകരുകയാണ് ....                                                 ചുണ്ടുകൾ   വേർപെടുത്താൻ  വയ്യാത്തവിധം  കോർത്തിണക്കിയിരിക്കുന്നു ...
ഈ   പ്രകൃതിയിലെ   മുഴുവൻ   പ്രണയവും  ആ   ഇളംചുണ്ടുകളിൽ  ജ്വലിക്കുന്നത്   ഞാൻ  കണ്ടു ....
വീണ്ടും   കാറ്റൊന്നു  വീശിയപ്പോൾ   കാടൊന്നിളകിയപ്പോൾ   ഇണക്കുരുവികൾ   നേർത്ത   നാണത്തോടെ   എന്റ്റെ   മുന്നിൽ  നിന്നും   പറന്നകന്നു  .
വീണ്ടും   മഴ പെയ്യുകയാണ് ..... ബീർപൂരിലെ   പച്ചിലക്കാടുകളിൽ  പ്രണയത്തിന്റ്റെ   പനിനീർമഴ  ....
                                 മഴമേഘങ്ങൾ    പെയ്യാൻ   മടിച്ചുനിന്ന  ഒരു  ഇടവേളയിൽ   വീണ്ടും   കിളിക്കൂട്ടങ്ങൾ   എന്റ്റെ  തിരുമുറ്റത്ത്   എത്തുകയായി ....എന്റ്റെ   കണ്ണുകൾക്ക്‌   വിരുന്നൊരുക്കാൻ ....
കാതടപ്പിക്കുന്ന   കലപിലയുമായി   കാടിന്റ്റെ  ഉള്ളറകളിൽ  നിന്നും  പറന്നെത്തിയ   കരിയിലം പിടച്ചികൾ ....
കാഴ്ചക്ക്‌   ചന്തമില്ലാത്ത  കരിയിലംപിടച്ചികൾ   ഒരു   കൌതുക കാഴ്ച്ച  അല്ലെങ്കിലും   പ്രണയത്തിന്റ്റെ   മൃദുതൂവൽ സ്പർശവുമായി   അവ  സല്ലപിക്കാൻ   തുടങ്ങിയപ്പോൾ   ഞാൻ   അത്ഭുതപ്പെട്ടു ....
കരിയിലം പിടച്ചിക്കും   ഇത്   പ്രനയകാലമോ ....?
നെഞ്ചോട്‌  നെഞ്ചുചേർത്ത് , ചുണ്ടോടു  ചുണ്ടുചേർത്ത്  പ്രണയമണിത്തൂവൽ   തഴുകി  അവ   എന്റ്റെ   വേലിത്തലപ്പിൽ   പ്രണയത്തിന്റ്റെ  കയ്യൊപ്പ്ചർത്തി . അപൂർവങ്ങളിൽ   അപൂർവമായ   ഈ  പ്രണയക്കാഴ്ച   കണ്ടപ്പോൾ  എനിക്ക് തോന്നി  ലോകത്തിലെ  ഏറ്റവും  സുന്ദരപക്ഷികളാണ്  ഇവയെന്ന് ...
   ഞാൻ   അറിയാതെ  ഓർത്തു , ബീർപൂരിന്റ്റെ    താഴ്വരകളിൽ    ഇത്   പ്രണയത്തിന്റ്റെ    പെരുമഴക്കാലമാണ് ....
        മടിച്ചുനിന്ന   മഴ   വീണ്ടും   പെയ്യ്തുതുടങ്ങി ....പച്ചിലച്ചാർത്തുകളിൽ   പ്രണയത്തിന്റ്റെ   സ്പടികമണികൾ   ഉതിർത്തുകൊണ്ട് .....
പാടാൻ   മറന്നുപോയ   ഒരു   പ്രണയ ഗാനത്തിന്റ്റെ  സാന്ദ്ര താളങ്ങളുമായി   മഴ  പെയ്യുകയാണ് ....
 ..മഴത്തുള്ളികളുടെ  മാന്ത്രിക സ്പർശമേറ്റ്  ആളിപ്പഴങ്ങൾ  പെയ്യ്തിറങ്ങിയത്
  അവിചാരിതമായാണ്  ...പവിഴ മുത്തുകൾ  പോലെ  ടെറസ്സിൽ  ചിതറിവീഴുന്ന  ആളിപ്പഴങ്ങൾ  അത്ഭുത കാഴച്ചകളായി ....അടക്കാനാവാത്ത  ആഹ്ലാദത്തോടെയാണ്  ആലിപ്പഴം  പെറുക്കാൻ  ഞങ്ങൾ  മഴനൂലുകൾക്ക്  ഇടയിലേക്ക്  ഓടിയിറങ്ങിയത്
     ബീർപൂരിന്റ്റെ   അരികുപറ്റി  ഒഴുകുന്ന  താമസാ നദിയുടെ  തീരങ്ങളിൽ   ആകാശത്തിന്റ്റെ   അതിരുകൾ   താണ്ടിയെത്തിയ  ഒരു  സൂര്യവെളിച്ചം ......
മഴ  പെയ്യ്ത്  ഒഴിയുകയാണ് .....
മഴമേഘങ്ങൾ   ഒഴിഞ്ഞ   ആകാശത്ത്  സന്ധ്യയുടെ  രക്തവർണങ്ങൾ   പടർന്നുതുടങ്ങി  .....
ആകാശത്ത്   വിസ്മയകാഴ്ച്ചകളൊരുക്കി   ഒരു   മാരിവില്ല് .....
മഴ   സമ്മാനിച്ച   സപ്ത വർണങ്ങളുടെ   വിസ്മയക്കാഴ്ച .....                             
ഇത് , പുത്തൻ  പ്രതീക്ഷകളുടെ   വർണ വിസ്മയം ....
മനസിന്റ്റെ   ശാദ്വല  തീരങ്ങളിൽ   ആഹ്ലാദത്തിന്റ്റെ   കുളർ മഴ  പെയ്യുന്നത്  ഞാനറിഞ്ഞു .
അകലെ    കാടുകൾക്കും   മലനിരകൾക്കും   അപ്പുറത്ത്  അസ്തമന  സൂര്യന്റ്റെ അരുണപ്രഭയിൽ   പ്രകൃതി  ഒരുക്കിയ   മാന്ത്രിക ചിത്രം ....
മനസിനെ   മദിപ്പിച്ച   ആ   വിസ്മയക്കാഴ്ച  വരച്ചു  കാണിക്കാൻ  വാക്കുകൾ ഇല്ലെനിക്ക്.....
           അതെ   ബീര്പൂരിലെ   ഈ   മഴക്കാലം   പ്രണയത്തിന്റ്റെ  ,പ്രതീക്ഷയുടെ , നിറച്ചാർത്തുകളുടെ   വിസ്മയക്കാഴ്ചകളാണ്   എനിക്ക്  സമ്മാനിച്ചത്‌ ....







സ്നേഹപൂർവ്വം
ഗിരീഷ്‌  മാന്നാനം