2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

Haridwar Sri Ayyappa Temple -ഹരിദ്വാറിൽ ഹരിഹരപുത്രൻ ശ്രീ ധർമശാസ്താവ്

   ഹരിദ്വാരിൽ  ഹരിഹരപുത്രൻ  ശ്രീ  ധർമശാസ്താവ് ......                                       

   ഇത്   ഹരി ദ്വാർ ......
ഹരിഹരന്മാർ (മഹാ വിഷ്ണുവും  പരമശിവനും )കുടികൊള്ളുന്ന  ദേവഭൂമി ....
ഹിമവൽ ശ്രുംഗങ്ങളെ     നെഞ്ചിലേറ്റിയ  ഉത്തരാഖണ്ഡ് ന്റ്റെ   ഹൃദയ ഭൂമി .... 
ഹിമഗിരികൾ  താണ്ടിയെത്തുന്ന പവിത്രമായ  ഗംഗയെ  സമതലത്തിൽ  സ്വീകരിക്കുന്ന  പുണ്യഭൂമി ...  
     ഹൈന്ദവ   സംസ്ക്കാരത്തിന്റ്റെ ആത്മചൈതന്യം  നിറഞ്ഞുനിൽക്കുന്ന ഈ പുണ്യഭൂമിയിൽ  ഹരിഹരപുത്രൻ ശ്രീഅയ്യപ്പന്റ്റെ   നിറസാന്നിദ്ധ്യം ....
പമ്പാതീരങ്ങൾ  താണ്ടിയെത്തിയ  പൊന്നമ്പലമേട്ടിലെ  ഈ    പൊൻവെളിച്ചം  ഗംഗയുടെ  പവിത്ര തീരങ്ങളിൽ  ജ്വലിച്ചുണരുന്നു .....
അതെ  സഹ്യമുടിയുടെ   ദേവദേവൻ  , ശബരിമലയുടെ   സർവാധിപൻ   ശ്രീ അയ്യപ്പന്  ഗംഗയുടെ  പുണ്യതീരങ്ങളിൽ   ഒരു  പുണ്യക്ഷേത്രം ......
ഹരിദ്വാർ  ശ്രീ  അയ്യപ്പ ക്ഷേത്രം .....!!

അരനൂറ്റാണ്ടിൻറ്റെ   ചരിത്രം   പേറുന്ന  ഈ   ക്ഷേത്രം   കേരളത്തിനു   വെളിയിൽ  സ്ഥാപിക്കപ്പെട്ട   രണ്ടാമത്തെ   അയ്യപ്പ ക്ഷേത്രം  എന്നത്   ഏറെ   പ്രസക്തം ...
പമ്പാതീരങ്ങൾ   താണ്ടിയ   കലിയുഗവരദനെ   ആദ്യം കാത്തിരുന്നത്   കലികാല  ദുഖങ്ങൾക്ക്‌   അറുതി  വരുത്തുന്ന  കാശിയുടെ   തീരങ്ങളാണ് ....
ബനാറസ്   തിലപാണ്ടേശ്വാർ  അയ്യപ്പ ക്ഷേത്രം  കേരളത്തിനു  വെളിയിൽ   സ്ഥാപിക്കപ്പെട്ട പ്രഥമ   അയ്യപ്പ ക്ഷേത്രമാണ് .
    തുടർന്ന്     1955 - ൽ  ഹരിദ്വാർ   ശ്രീ അയ്യപ്പ ക്ഷേത്രം  സ്ഥാപിതമായി .അങ്ങനെ  ഹരിഹരസുതൻ   പിതൃ സമക്ഷം  ഉപവിഷ്ടടനായി . 

         ഈ   ക്ഷേത്ര  സ്ഥാപനത്തിനു   പിന്നിൽ   നിറംപിടിപ്പിക്കാത്ത   ഒരു  ചരിത്ര   യാഥാർത്യമുണ്ട്.
 ഡേരാഡൂണിൽ  കൽക്കരി   എഞ്ചിനിയറായി   സേവനം   അനുഷ്ടിച്ചിരുന്ന   ഹരപ്രസാദ്  ശർമ  എന്ന   സാത്വികനിൽ    നിന്നും   തുടങ്ങുന്നു   ആ  ചരിത്രം ....

    ഹരപ്രസാദ്  ശർമയുടെ   ഒരു  പുത്രന്  ജന്മനാൽ   സംസാര ശേഷി  ഇല്ലായിരുന്നു .ഇതിൽ  അദ്ദേഹം  ഏറെ  ദുഖിതനായിരുന്നു .ദക്ഷിണേന്ത്യയിൽ   നിന്നുള്ള  ചില  സഹപ്രവർത്തകർ  നടത്താറുള്ള   മണ്ഡല പൂജകളിൽ  ഇദ്ദേഹം  നിരന്തരം  പങ്കെടുക്കുക  പതിവായിരുന്നു ...ഇവരിൽ  ചിലർ  ഇദ്ദേഹത്തോട്  പറഞ്ഞു: സംസാര ശേഷി  ഇല്ലാത്ത   മകനെയും  കൂട്ടി  മണ്ഡല  വ്രതം  എടുത്ത്  പൊന്നുപതിനെട്ടാംപടി  ചവുട്ടിയാൽ  ആഗ്രഹങ്ങൾ  എല്ലാം  സഫലമാകുമെന്ന് ...
സുഹൃത്തുക്കളുടെ  വാക്കുകൾ   ശ്രീ  ഹരപ്രസാദ് ശർമയുടെ   ഉള്ളിൽ  പുത്തൻ   പ്രതീക്ഷകളുടെ   വിത്ത് വിതറി ....
പിന്നെ   ഒന്നും   ആലോചിച്ചില്ല   അടുത്ത  മണ്ഡലകാലത്ത്  മകനെയും കൂട്ടി  ഹരപ്രസാദ്ശർമ 
ശബരിഗിരിയുടെ   സർവാധിപനെ  തേടിയെത്തി .
      ഹരിഹരസുതൻറ്റെ  അനുഗ്രഹവും  വാങ്ങി  ഹരിദ്വാരിൽ   മടങ്ങിയെത്തിയ  ഹരപ്രസാദ്ശർമ   അത്ഭുത പരതന്ത്രനായി ....തൻറ്റെ  പ്രതീക്ഷകൾ  മുള പൊട്ടുന്നതും   പൂത്തുലയുന്നതും   അദ്ദേഹം  കണ്ടു .
ജന്മനാൽ  സംസാരശേഷി ഇല്ലാത്ത അദ്ദേഹത്തിൻറ്റെ  മകൻ  സംസാരിച്ചു  തുടങ്ങിയിരിക്കുന്നു.....
 ഇതിൽ  സംതുഷ്ടടനായ  ഹരപ്രസാദ്  ശർമ  ഹരിദ്വാരിൽ  തനിക്കു  പൈതൃകമായി  കിട്ടിയ  ഭൂമിയിൽ  ഹരിഹര പുത്രൻ  ശ്രീ  അയ്യപ്പനെ  കുടിയിരുത്താൻ   തീരുമാനിച്ചു .
  ഈ  ആഗ്രഹഹവുമായി  ഇദ്ദേഹം  ആസേതുഹിമാചലം   അയ്യപ്പ  ദർശനങ്ങളുമായി   യാത്ര  ചെയ്യ്‌തിരുന്ന   സംപൂജ്യനായ  വിമോചനാനന്ദ  സ്വാമികളെ  സമീപിച്ചു  . പല സ്ഥലത്തും  അയ്യപ്പ  പ്രതിഷ്ഠകൾ   നടത്തിയിട്ടുള്ള   ശബരിഗിരിയിലെ   ആ  താപസ ശ്രേഷ്ഠൻ  ഹരപ്രസാദ്  ശർമയുടെ  ആഗ്രഹ  സഫലീകരനത്തിനു   സമ്മതം  അറിയിച്ചു . 
      അങ്ങനെ   1955 - ൽ  ഋഷിവര്യനായ വിമോചനാനന്ദ   സ്വാമികൾ   ഹരിദ്വാരിൽ  ഹരിഹരപുത്രൻ   ശ്രീ  അയ്യപ്പനെ  പിതൃസമക്ഷം   പ്രതിഷ്ടിച്ചു ....
തുടർന്ന്  ഗംഗയുടെ  തീരത്തെ  ഈ  കൊച്ച് അമ്പലത്തിൽ  ശ്രീ  അബ്ലിവാദ്യ കൃഷ്ണൻ  നമ്പൂരി   ആദ്യത്തെ   തന്ത്രിയായി  എത്തി .
   ക്ഷേത്ര  നഗരമായ  ഹരിദ്വാറിലെ   പടുകൂറ്റൻ  ക്ഷേത്ര  സമുച്ചയങ്ങൾക്ക്  ഇടയിൽ  ശ്രീ  അയ്യപ്പ ക്ഷേത്രം  അധികം  ആരാലും  ശ്രദ്ധിക്കപ്പെടാതിരുന്ന  കാലത്താണ്  ശ്രീ  ചേറ്റൂർ  വിഷ്ണു കൃഷ്ണൻ  നമ്പൂരി  ഇവിടുത്തെ   രണ്ടാമത്തെ  പൂജാരിയായി  എത്തുന്നത് ...
തികഞ്ഞ   സാത്വികനും  അവിവാഹിതനുമായ  ശ്രീ  ചേറ്റൂർ  വിഷ്ണു കൃഷ്ണൻ  നമ്പൂരി  തൻറ്റെ  ജീവിതം   ഹരിഹരപുത്രനായി   ഉഴിഞ്ഞു വെച്ചു .
ഇദ്ദേഹത്തിൻറ്റെ  നിരന്തര   പരിശ്രമ ഫലമായി  ക്ഷേത്രം  വികസനത്തിൻറ്റെ   പാതയിൽ  എത്തി .
ശ്രീ അയ്യപ്പൻറ്റെ  ശ്രീകോവിലിനോട്  അനുബന്ധിച്ച്  പരമശിവൻ , ശ്രീ പാർവതി , മഹാവിഷ്ണു , ഗണപതി ,ആഞ്ജനേയൻ തുടങ്ങിയ   ദേവിദേവന്മാരുടെ   പ്രതിഷ്ഠകളും സ്ഥാനംപിടിച്ചു. 
ആളും  ആരവവും  കുറവാണെങ്കിലും  ഹരിദ്വാരിൽ  മണിമുഴങ്ങുന്ന  ദിനരാത്രങ്ങളിൽ   ഹരിഹര പുത്രൻറ്റെ  നിത്യ പൂജകൾ  നിർബാധം   തുടർന്ന്  പോന്നു .
ശ്രീ ചേറ്റൂർ  വിഷ്ണു കൃഷ്ണൻ  നമ്പൂതിരിയുടെ  നിശ്ചയ ദാർഡ്യത്തോടുള്ള  ശ്രമഫലമായി  ശ്രീ അയ്യപ്പ  ക്ഷേത്രം   ഒരു  ട്രസ്റ്റായി  രൂപാന്തരപ്പെടുകയും  1970 - ൽ  ക്ഷേത്രത്തോട്  അനുബന്ധിച്ച്  ശ്രീ  അയ്യപ്പ സദനം  എന്നപേരിൽ   ഒരു ബഹുനില  മന്ദിരം   നിർമിക്കുകയും  ചെയ്തു .
മൂന്നു നിലകളിലായി   പടുത്തുയർത്തിയിരിക്കുന്ന   ഈ  മന്ദിരത്തിൽ  ഹരിദ്വാറിൽ  എത്തുന്ന  ഭക്ത ജനങ്ങൾക്ക്‌   മിതമായ  നിരക്കിൽ  താമസ സൗകര്യം   ഒരുക്കിയിരിക്കുന്നു .              ക്ഷേത്രത്തോട്  അനുബന്ധിച്ചുള്ള   ഊട്ടുപുഅയിൽ  ശുദ്ധമായ  വെജിറ്റേറിയൻ  ഭക്ഷണം  ലഭ്യമാണ് .
ശ്രീ ചേറ്റൂർ വിഷ്ണു കൃഷ്ണൻ  നമ്പൂതിരിയുടെ  ഇളമുറക്കാരിൽ  പലരും  ഇന്നും  ക്ഷേത്ര  നടത്തിപ്പിൽ   പങ്കാളികളാണ് .
   നിലവിൽ  സുപ്രീംകോടതിയിലെ  മുതിർന്ന   അഭിഭാഷകൻ  ശ്രീ  എ .ശ്രീധരൻ നമ്പ്യാരാണ്  ഹരിദ്വാർ  ശ്രീ  അയ്യപ്പ ട്രസ്റ്റിൻറ്റെ  പ്രസിഡണ്ട് .
മാനേജിംഗ്  ട്രസ്റ്റി  ശ്രീ  പി . പരമേശ്വരൻ , സെക്രട്ടറി ശ്രീ ജി . രാഘവൻ , ട്രസ്റ്റിമാരായ  ശ്രീമതി  ഗീതാപൊതുവാൾ  തുടങ്ങിയവർ   ശ്രീ  അയ്യപ്പ  ക്ഷേത്രത്തിൻറ്റെയും  ട്രസ്റ്റിൻറ്റെയും  വികസനത്തിനായി   പ്രവർത്തിക്കുന്നു .
    എന്തായാലും   ഹരിദ്വാരിലെ   ഈ  ഹരിഹരപുത്ര   സാന്നിദ്ധ്യം   ദക്ഷിണേന്ത്യയിൽ  നിന്നുള്ള   ഭക്തജനങ്ങളെ   ധന്യരാക്കുന്നു .
    ഹരിദ്വാർ  റെയിൽവേ  സ്റ്റേഷനിൽ  നിന്നും  ഏതാണ്ട്  അരകിലോ മീറ്റർ  അകലെയുള്ള  ശിവമൂർത്തി  ചൗക്കിനു  സമീപം  ശിവമൂർത്തി  ഗല്ലിയിലാണ്  ശ്രീ  അയ്യപ്പ  ക്ഷേത്രം   സ്ഥിതി ചെയ്യുന്നത് .
ക്ഷേത്രത്തിനു  ചുറ്റു വട്ടത്ത്‌  ചെറുതും  വലുതുമായ അസംഖ്യം   ക്ഷേത്ര  സമുച്ചയങ്ങൾ .....
എവിടെയും   മുഴങ്ങുന്ന   മന്ത്ര  ധ്വനികളും  മണി ഒച്ചകളും ....

വിളിപ്പാടകലെ   ഗംഗയുടെ  പവിത്ര  തീരങ്ങൾ .....
  ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നിന്നും ഏതാണ്ട്  രണ്ടു കിലോമീറ്റർ അകലെ  മഹാവിഷ്ണുവിൻറ്റെ  
പാദ സ്പർശമേറ്റ  ഹരി -കി -പൗരി  ബ്രഹ്മകുണ്ഡ് .
ഇവിടെയാണ്‌  നിറദീപങ്ങളുടെ  നേർക്കാഴ്ച  ഒരുക്കി  പ്രസിദ്ധമായ   ഗംഗാ ആരതി  നടക്കുന്നത് .
                              നാല് ദിവസത്തെ  ദേവ ഭൂമിയുടെ  അത്മാവറിഞ്ഞുള്ള   യാത്ര .....
നിറദീപങ്ങൾ  കണ്ട്  , മന്ത്രധ്വനികളും  മണിഒച്ചകളും  കേട്ട്  ഇനി   മടക്കയാത്ര ....
ഞങ്ങൾക്ക്   ആതിഥ്യമരുളിയ  ശ്രീ  അയ്യപ്പ സദനത്തോട്  വിടപറയുമ്പോൾ  ഹരിദ്വാരിൽ  കുടികൊണ്ട  ഹരിഹരപുത്രൻറ്റെ  അനുഗ്രഹങ്ങൾ  പൊന്നമ്പല  മേട്ടിലെ  പൊൻവെളിച്ചമായി   വഴി   തെളിയിക്കുന്നത്  ഞങ്ങൾ  തിരിച്ചറിയുന്നു ....




സ്നേഹപൂർവ്വം 
ഗിരീഷ്‌  മാന്നാനം 


    

     
     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ