ഗംഗാ തീരങ്ങളെ കാവിയണിയിച്ച കാവട് യാത്ര
217 - ലെ ഒരു ശ്രാവണമാസ പുലരി .
ദേവഭൂമി ഉത്തരാഖണ്ഡിന്റെ ദേവ കവാടമായ ഹരിദ്വാറിൽ എത്തുമ്പോൾ നഗരമാകെ കാവിയണിഞ്ഞു നിൽക്കുകയായിരുന്നു .
ഗ്രാമഗ്രാമാന്തരങ്ങളിൽ നിന്നും കാവിയണിഞ്ഞു കാവട് ഏന്തി ഹരിദ്വാറിൻറ്റെ ഹൃദയത്തിലേക്ക് ഒഴുകിയെത്തുന്ന ജനസഹസ്രങ്ങൾ ....
എവിടെയും മുഴങ്ങുന്ന 'ഹര ഹര മഹാദേവ ' വിളികൾ... വാദ്യഘോഷങ്ങളുടെയും വർണ ക്കാഴ്ചകളുടെയും നിലയ്ക്കാത്ത പ്രവാഹം.
ഗംഗാതീരങ്ങൾ കാവിപ്പൂക്കളുടെ പൂങ്കാവനം പോലെ വർണാഭമായിരുന്നു .
ഇനി ഗംഗാതീരത്ത് ശ്രാവണമാസ പുലരികൾ ഉണരുന്നത് ശിവമന്ത്ര ധ്വനികളോടെയാണ് .സന്ധ്യകൾ അസ്തമിക്കുന്നത് ശിവസഹസ്ര നാമ ങ്ങളോടെയും.....
ശ്രാവണമാസത്തിൽ എവിടെയും സജീവമാകുന്ന ശൈവ സാന്നിദ്ധ്യം .
ഭഗവാൻ ശിവനായി സമർപ്പിക്കപ്പെട്ട മാസമാണ് ശ്രാവണമാസം .
ഇനി ശിവബിംബങ്ങളിൽ ഗംഗാഭിക്ഷേകത്തിൻറ്റെ ദിനങ്ങളാണ് ...
സ്വന്തം ഗ്രാമങ്ങളിലും പുണ്ണ്യ സങ്കേതങ്ങളിലുമുള്ള ശിവമൂർത്തി ബിംബങ്ങളിൽ അഭിക്ഷേകം ചെയ്യാനുള്ള പവിത്രമായ ഗംഗാജലം തേടിയാണ് ഓരോ കാവട് യാത്രികനും ഈ ഗംഗാതീരത്ത് എത്തുന്നത് .അതിനായി അവർ വ്രതശുദ്ധിയോടെ കാവിയുടുത്ത് കാവടും ഏന്തി നഗ്നപാദരായി കാൽനടയായി ഗംഗാതീരത്ത് എത്തുന്നു .
ഹരിദ്വാറിൻറ്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നും സമീപ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ് ,ബീഹാർ , ഹരിയാന , ഡൽഹി ,പഞ്ചാബ് ,ജാർഖണ്ഡ് ,ഛത്തീസ് ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും മലകളും പുഴകളും താണ്ടി ,നൂറുകണക്കിന് കിലോമീറ്റർ നഗ്നപാദരായി കാൽനടയായി എത്തുന്ന ഭക്തജനങ്ങൾ ഗംഗാതീരങ്ങളെ ഭക്തിസാന്ദ്രമാക്കുന്നു .
അക്ഷരാർത്ഥത്തിൽ ഹരിദ്വാറിലെ ഗംഗാതീരങ്ങൾ ഒരു ഉത്സവ ലഹരിയിലെത്തുന്നു .
എവിടെയും മുഴങ്ങുന്ന 'ജയ് ജയ് ബോലേ നാഥ് ' വിളികൾ .
വാദ്യോപകരണങ്ങളുടെ രുദ്ര താളങ്ങൾ .
നീണ്ട ഒരു മുളംതണ്ടിൻറ്റേ ഇരു അറ്റങ്ങളിലും ജലം നിറയ്ക്കാൻ പാകത്തിലുള്ള ചെറിയ മൺകുടംങ്ങൾ തൂക്കിയിട്ടിരിക്കുന്നു .ഇതിനെയാണ് കാവട് അഥവാ കൺവർ എന്ന് പറയുന്നത് .ഇപ്പോൾ മൺ കുടങ്ങൾക്കു പകരം പ്ലാസ്റ്റിക് ടംബ്ലർ കളും വ്യാപകമായി ഉപയോഗിക്കുന്നു .പക്ഷെ ഓരോ കാവടും വർണാലങ്കാരങ്ങളുടെ വൈവിധ്യം കൊണ്ട് ദൃശ്യ വിസ്മയം തീർക്കുന്നു . നമ്മുടെ നാട്ടിൽ ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്ന വർണ കാവടികളുടെ ഒരു പതിപ്പ് .
വർണ വൈവിധ്യങ്ങൾ നിറഞ്ഞ ഈ കാവടും തോളിലേറ്റിയാണ് ഓരോ കാവട് യാത്രികനും ഗംഗാതീരത്ത് എത്തുന്നത് .അവർ ഗംഗയിലെ സ്നാനഘട്ടുകളിൽ ഭക്തിപൂർവ്വം മുങ്ങിനിവർന്ന് പ്രാർത്ഥനകളോടെ പാത്രങ്ങളിൽ പവിത്രമായ ഗംഗാജലം നിറയ്ക്കുന്നു .പിന്നെ വർണാലംകൃതമായ കാവാടും തോളിലേറ്റി മടക്കയാത്ര .
ഗംഗാജലം നിറച്ച കാവട് ശിവ മൂർത്തിക്ക് അഭിക്ഷേകം ചെയ്യുന്നതുവരെ നിലത്തുവയ്ക്കാൻ പാടില്ലത്രേ ....
പാട്ടും മേളവും ശിവമന്ത്രങ്ങളുമായി ദീർഘദൂരം യാത്രചെയ്യുന്ന കാവട് യാത്രികരുടെ വിശ്രമത്തിനായി ചില ആശ്രമങ്ങൾ ഇടാത്തവളങ്ങൾ ഒരുക്കിയിട്ടുണ്ട് .ഇവിടെ ഭൂമിയിൽ നിന്നും ഉയർത്തിക്കെട്ടിയ ദണ്ഡുകളിലാണ് കാവട് വയ്ക്കുന്നത് .
കാവട് യാത്രയുടെ ഐതീഹ്യം പാലാഴി മഥന കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു .ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി മഥനം നടത്തിയപ്പോൾ വാസുകി എന്ന സർപ്പം കൊടിയ വിഷം ശർദ്ധിച്ചുവത്രെ .ത്രിലോകങ്ങളേയും ചാമ്പലാക്കാൻ കെൽപ്പുള്ള ഈ ഉഗ്രവിഷം നിലത്ത് വീഴുന്നതിനു മുമ്പ് ഭഗവാൻ ശ്രീ പരമേശ്വരൻ വുഴുങ്ങിയെന്നും അത് ഭഗവാന്റെ തൊണ്ടയിൽ കുരുങ്ങിയെന്നും പുരാണം ...ഈ ഉഗ്രവിഷത്തിൻറ്റെ തീഷ്ണതയിൽ ശ്രീ പരമേശ്വരൻ അസ്വസ്ഥനായത്രേ ... ഇതറിഞ്ഞ ശിവഭക്തനായ രാവണൻ വിഷത്തിന്റെ തീഷ്ണത കുറയ്ക്കാൻ താൻ പൂജിക്കുന്ന ശിവലിംഗത്തിൽ ഗംഗാജലം കൊണ്ട് അഭിക്ഷേകം നടത്തി എന്ന് ഐതീഹ്യം . ഇതിന്റെ ഓർമപ്പെടുത്തലായാണ് ശ്രാവണമാസത്തിൽ ഭക്തർ പരമശിവന് ഗംഗാഭിക്ഷേകം നടത്തുന്നത് .
അഭിക്ഷേകത്തിനായുള്ള ഗംഗാജലം തേടിയുള്ള യാത്രയിൽ ആദ്യകാലങ്ങളിൽ സന്യാസിമാരും പുരോഹിതന്മാരും മാത്രമേ പങ്കെടുത്തിരുന്നുള്ളു .പിന്നീട് ഗ്രാമങ്ങളിലെ പ്രായമുള്ള ആളുകൾ ഇതിൽ പങ്കാളികളായി .ഇന്ന് കാവട് യാത്ര ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കുന്ന ഒരു മഹാ ഉത്സവമായി മാറിയിരിക്കുന്നു .
കാവട് യാത്രയോട് അനുബന്ധിച്ചു ഹരിദ്വാറിൽ അതിവിപുലമായ കാവട് മേള എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട് . ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഈ ആഘോഷ വേളയിൽ ഹരിദ്വാറും പരിസരങ്ങളും മനുഷ്യ മഹാ സമുദ്രമായി മാറും ,യാത്രികരുടെ സുരക്ഷയ്ക്കായി ഉത്തരാഖണ്ഡ് സർക്കാർ വൻ സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കുന്നത് .
ഗംഗാതീരത്തെ കാവട് യാത്രികർക്ക് ഇടയിലൂടെ നടക്കുമ്പോൾ മകൻ അതീന്ദ്രയെ ഏറെ ആകർഷിച്ചത് കാവടികളുടെ വർണ വൈവിധ്യങ്ങളാണ് .ഭാര്യ ലളിതാംബികയാണെങ്കിൽ ഭക്തിയുടെ താളമേളങ്ങളിൽ ലയിച്ചു നിൽക്കുന്നു .
എൻറ്റെ ഉള്ളിൽ ജീവിതത്തിൽ അപൂർവ്വമായി ലഭിക്കാവുന്ന ഒരു മഹാ സംഭവത്തിനു സാക്ഷ്യം വഹിച്ചതിലുള്ള സംതൃപ്തിയും .;
എൻറ്റെ ഉള്ളിൽ ജീവിതത്തിൽ അപൂർവ്വമായി ലഭിക്കാവുന്ന ഒരു മഹാ സംഭവത്തിനു സാക്ഷ്യം വഹിച്ചതിലുള്ള സംതൃപ്തിയും .;
സ്നേഹപൂർവ്വം
ഗിരീഷ് മാന്നാനം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ