2018, ജനുവരി 14, ഞായറാഴ്‌ച

Dhanolti -ഒരു മഞ്ഞുകാല യാത്രയുടെ മധുര സ്മൃതികൾ

ഇത്  മഞ്ഞുകാലം ....
മരംകോച്ചുന്ന  മകരമഞ്ഞിൽ  മതിമറന്നുറങ്ങുന്ന  മലനിരകൾ .
ഒരു  കിനാവിൻറ്റെ   സാഫല്യം  പോലെ  മണ്ണിൻറ്റെ   ഗർഭഗൃഹങ്ങളിലേക്ക്  അരിച്ചിറങ്ങുന്ന   മഞ്ഞിൻറ്റെ  കുളിര്  .
മഞ്ഞുതുള്ളിയുടെ   മാന്ത്രിക  പ്രതലത്തിൽ  മുഖം  കണ്ടുണരുന്ന  പുകമഞ്ഞിൻ  പുലരികൾ .
സൂര്യവെളിച്ചത്തിൻറ്റെ   സുതാര്യതയിൽ  സുവർണ ഗിരികളാകുന്ന  ഹിമമുടികൾ .
അതെ , ദേവഭൂമി  എന്ന്  അറിയപ്പെടുന്ന  ഉത്തരാഖണ്ഡ്  അക്ഷരാർത്ഥത്തിൽ  ദേവഭൂമി ആകുന്നത്  ഈ  മഞ്ഞുകാലത്താണ് .
      മലകളുടെ  രാജ്ഞി  ആയ  മസൂരിയുടെ  മലനിരകളിൽ  മഞ്ഞുപെയ്യ്തു തുടങ്ങിയിരുന്നു .
മലയിറങ്ങിവരുന്ന  മഞ്ഞിൻറ്റെ   കുളിര്  ഡൂൺ  താഴ്വരകളിൽ  പടരുമ്പോൾ  എൻറ്റെ  ഉള്ളിൽ  നിറയുന്നത്  ഒരു  മഞ്ഞുകാല  യാത്രയുടെ  മധുര  സ്മരണകളാണ്  .
2017  ജനുവരിയിലെ  ഒരു  മഞ്ഞുകാല   പുലരി .
മഞ്ഞണിഞ്ഞ  ഗർവാൾ  മലനിരകളിൽ  സ്ഥിതിചെയ്യുന്ന  ധനോൾട്ടിയിലേക്ക്  യാത്ര പോകാൻ  ഞങ്ങൾ  തീരുമാനിച്ചു  .
ജനുവരിയിലെ  അതി ശൈത്യത്തെ  വകവയ്ക്കാതെ  ഉത്തരാഖണ്ടിൻറ്റെ  തലസ്ഥാനമായ  ഡെറാഡൂണിൽ  നിന്നുമാണ്  ധനോൾട്ടിയിലേക്കു  ഞങ്ങൾ  യാത്ര   പുറപ്പെട്ടത്  ; ഞാനും  ഭാര്യ  ലളിതാംബികയും  മക്കൾ  അരുന്ധതിയും  അതീന്ദ്രയും  , പിന്നെ  ലളിതാംബികയുടെ  സുഹൃത്ത്  ലിസിയും  മകൾ  റിയയും  ....
ഡെറാഡൂൺ  നഗര ഹൃദയത്തിൽ  നിന്നും  രാജ്‌പൂർ  റോഡിൻറ്റെ   വഴിത്താരകൾ  താണ്ടി  മസൂരി  റോഡിലൂടെ  മലമുകളിലേക്ക്  ഒരു യാത്ര .
ഡെറാഡൂണിൽ  നിന്നും  ഏതാണ്ട്  61 കി .മീ  അകലെയാണ്  ഗർവാൾ  ഹിമാലയൻ  താഴ്വരയിലെ  ധനോൾട്ടി  എന്ന ഗ്രാമം  സ്ഥിതിചെയ്യുന്നത്  .
നഗരത്തിൻറ്റെ   തിരക്കുകളിൽ  നിന്നൊഴിഞ്ഞു  ഹിമശൈലങ്ങളുടെ  വിദൂര  വലയത്താൽ  ചുറ്റപ്പെട്ട  മനോഹരമായ  ഗർവാൾ  ഗ്രാമം .ഇന്ത്യയിലെ  പ്രസിദ്ധ  സുഖവാസ  കേന്ദ്രങ്ങളിൽ  ഒന്നായ  മസൂറിയിൽ  നിന്നും  ഏതാണ്ട്  25  കി .മീ  അകലെ .
 മസൂരി  റോഡിലൂടെ  ഞങ്ങൾ  യാത്ര  തുടരുമ്പോൾ  പുകമഞ്ഞുമൂടിയ  മലനിരകളിൽ   സൂര്യവെളിച്ചം  പടർന്നു തുടങ്ങിയിരുന്നു ....
മസൂരി  റോഡിലെ  മനോഹരമായ  പ്രകാശേശ്വർ  മഹാദേവ മന്ദിറും  പിന്നിട്ട്   മലമുകളിലെ  നാൽക്കവലയിൽ  എത്തുമ്പോൾ  ധനോൾട്ടിയിലേക്കുള്ള  വഴി പിരിയുന്നു .
ഇനി മഞ്ഞിൽ  നനഞ്ഞ  വഴിയോരങ്ങൾ ......
......
പൈന്മരങ്ങൾ  തണൽ വിരിച്ച  വഴിത്താരയിൽ  മലമുകളിക്കു  പോകുന്ന  വാഹനങ്ങളുടെ  തിരക്ക് ....
ധനോൾട്ടിയുടെ   മലനിരകളിൽ  പെയ്‌തിറങ്ങിയ  മഞ്ഞലകൾ  കാറ്റായി ,കുളിരായി  താഴ്വരകളിലേക്കു  പടർന്നപ്പോൾ  മഞ്ഞുകാണാൻ  മലകയറുന്നവരാണ്  ഏറെയും . ഏറിയപങ്കും  നഗരവാസികളായ  സ്വദേശിയരായ  സഞ്ചാരികൾ .....
മഞ്ഞിൻറ്റെ  കുളിരലകൾ  നിറഞ്ഞ  മലമ്പാതയിലൂടെ  വാഹനങ്ങളുടെ  നിലയ്ക്കാത്ത  പ്രവാഹം .
മലമുകളിലേക്കുള്ള  യാത്ര  അരുന്ധതിയിലും  ലിസിയിലും  മനംപുരട്ടൽ ഉളവാക്കിയിരുന്നു  .അതൊഴിവാക്കാൻ  ഇടയ്ക്കൊന്നു  വാഹനം  നിർത്തി...
നേർത്ത  തണുപ്പിൻറ്റെ   ആലിംഗനം  ഏറ്റുവാങ്ങി  പുറത്തിറങ്ങിയ  ഞങ്ങൾ  അത്ഭുത പ്പെട്ടുപോയി  .......
വഴിയോരങ്ങളിലും  താഴ്വരകളിലും  പുതഞ്ഞുകിടക്കുന്ന  മഞ്ഞിൻറ്റെ  വെൺപരപ്പ്  ..... 
പ്രഭാത  വെയിൽ  അരിച്ചിറങ്ങുന്ന  പൈൻമര ചില്ലകളിൽ  ഇറ്റുവീഴാൻ  വെമ്പൽ കൊണ്ടുനിൽക്കുന്ന   മഞ്ഞുത്തുള്ളികൾ .....
എന്നെ  ഏറെ  അത്ഭുതപ്പെടുത്തിയത്  തണുത്തുറഞ്ഞ  മഞ്ഞിൻ  പരലുകൾക്കിടയിൽ  പുൽനാമ്പു തിരയുന്ന  ഒറ്റക്കുതിരയാണ് ..!
മഞ്ഞിൽ തെന്നുന്ന   കുളമ്പടികളുമായി  ആ  ഒറ്റക്കുതിര  എനിക്കുസമീപം  വന്നുനിന്ന്   പച്ചപ്പിൻറ്റെ  പുതുനാമ്പു  തിരയുകയാണ് ....
ഒറ്റക്കുതിരയേയും  പുതുനാമ്പു  മുളയ്ക്കാത്ത  പുതുമഞ്ഞിൻ  പുതപ്പിനെയും  പിന്നിലാക്കി  മലമ്പാതയിലൂടെ  വീണ്ടും  യാത്ര  തുടർന്നു .
മസൂരി ,ചമ്പാ  റോഡിലൂടാണ്   ഇനിയുള്ള  യാത്ര .ഈ  റോഡിൻറ്റെ  ഇരു പുറങ്ങളിലുമായാണ്  ധനോൾട്ടി എന്ന  ഗ്രാമം  ചിതറി കിടക്കുന്നത് .
ഏതാനും  കിലോമീറ്റർ  പിന്നിട്ടപ്പോൾ  കണ്ണഞ്ചിപ്പിക്കുന്ന 
 വിസ്മയക്കാഴ്ചകളുമായി  ഹിമശൃംഗങ്ങൾ   പ്രത്യക്ഷപ്പെട്ടു  തുടങ്ങി .
ഇന്ത്യയിലെ  ഏറ്റവും വലിയ  പർവ്വത ശൃംഗങ്ങളായ   നന്ദാദേവിയും ,നീലകണ്‌ഠ പർവ്വതവുമെല്ലാം  കൺകുളിർക്കെ  കാണാൻ  ഭാഗ്യം  ലഭിച്ചിട്ടുണ്ട്  ,എങ്കിലും  മസൂരി - ചമ്പാ  റോഡിൽ നിന്നുമുള്ള  ഹിമശൈലങ്ങളുടെ  കാഴ്ച്ച  പുതിയ  ഒരു അനുഭവമായിരുന്നു .
ധനോൾട്ടിക്ക്  ഏതാണ്ട്  6 കി മീ  ഇപ്പുറം  ബറൻസ്‌കന്ദയിൽ  എത്തുമ്പോൾ  വാഹനങ്ങൾ  വഴിയോരങ്ങളിൽ  നിരനിരയായി  നിർത്തിയിട്ടിരിക്കുന്നതു  കണ്ടു  .ഇവിടെനിന്നും  വാഹനങ്ങൾ  മുൻപോട്ടു  പോകില്ലത്രേ  ....ഇനി  മഞ്ഞിൽ  തെന്നുന്ന  വഴിത്താരകളാണ്   ...ഒരു
ബറൻസ്‌കന്ദയുടെ  വഴിയോരങ്ങളിൽ  വാഹനമൊതുക്കി  മഞ്ഞിന്റെ  മായാലോകത്തേക്ക്   ഞങ്ങളിറങ്ങി .നല്ല  തണുപ്പുണ്ടെങ്കിലും  കുട്ടികളുടെ  ആഹ്ലാദത്തിനു  കുറവൊന്നുമില്ല . വർദ്ധിച്ച  ആഹ്ലാദത്തോടെയാണ്  അവർ  മഞ്ഞിൽ  തെന്നുന്ന   വഴിത്താരകളിലൂടെ  നടന്നുനീങ്ങിയത്  .
ഇടയ്കെപ്പഴോ  ഉറച്ചുപോയ  മഞ്ഞിൽ  കാലുവഴുതി  വീണപ്പോൾ  മകൻ  അതീന്ദ്ര  ചോദിക്കുന്നുണ്ടായിരുന്നു  ' അച്ഛാസ്  ഞങ്ങളെ  കൊല്ലാൻ  കൊണ്ടുവന്നതാണോ ' എന്ന് ....
ധനോൾട്ടിയുടെ  പ്രവേശന  കവാടത്തിൽ  മഞ്ഞിലെ  സാഹസിഹ അഭ്യാസ വേദിയായ  ഹിമാലയൻ  അഡ്വഞ്ചർ  സോൺ  ആണ്  ഞങ്ങളെ വരവേൽറ്റത്
അവിടെയെല്ലാം  മഞ്ഞിൻറ്റെ   കുളിരറിഞ്ഞു  അഭ്യാസത്തിൽ   ഏർപ്പെടാൻ  പ്രേരിപ്പിക്കുന്ന  ഏജൻറ്റുമാർ . പക്ഷെ  അവിടെയും  നല്ല  തിരക്കായിരുന്നു ...... പുതഞ്ഞു കിടക്കുന്ന  വെൺമഞ്ഞിൻ  പ്രതലത്തിനു  കുറുകെ  കെട്ടിയ  കയർ പാലത്തിലൂടെ  സാഹസിഹ  യാത്ര നടത്തുന്നവർ  ...
ഫ്ളയിങ് ഫോക്സിലൂടെ   ആകാശ  സഞ്ചാരം  നടത്തുന്നവർ  .....എന്തിനേറെ   മുട്ടറ്റം  താഴുന്ന  മഞ്ഞിൽ  തിമിർത്തു  മറിയുന്നവർ  .....
ചെറുതും  വലുതുമായ  അഡ്വഞ്ചർ  സോണുകളെ  പിന്നിട്ട്  ഞങ്ങൾ  ധനോൾട്ടിയുടെ  ഹൃദയത്തിലേക്ക്  കടന്നു  .
ചെറിയ  ചില  ഹോട്ടലുകളും  കടകളുമുള്ള  ചെറിയ  ഒരു  തെരുവ് .എല്ലായിടത്തും  മഞ്ഞിൻറ്റെ   കുളിർ  നുകരാനെത്തിയ  സഞ്ചാരികളുടെ  തിരക്ക് .
അധികം    തിരക്കില്ലാത്ത  ഒരു  താഴ്വരയിൽ  പുതഞ്ഞുകിടക്കുന്ന  വെൺമഞ്ഞിൻ  പരപ്പ് കണ്ട്   കുട്ടികൾ  ആഹ്ലാദപരിതരായി .. അടങ്ങാത്ത  ആവേശത്തോടെ  അവർ  ആ  മൃദുമഞ്ഞിൻ  പരപ്പിലേക്ക ഓടിയിറങ്ങി. പിന്നെ  മൃദുവായ  മഞ്ഞു  കൈകളിൽ  വാരി  ഉരുളകളാക്കി  പരസ്പ്പരം   എറിഞ്ഞുതുടങ്ങി 
.എല്ലാം  മറന്ന്   ഞങ്ങളും  അവർക്കൊപ്പം കൂടി ...
.പിന്നെ  ഐസ്ബാൾ  ഫൈറ്റിംഗിൻറ്റെ   അനർഘനിമിഷങ്ങൾ .....
വെയിൽ  പരന്നു തുടങ്ങിയെങ്കിലും എവിടെനിന്നോ  പൊടിമഞ്ഞു  മലർ പോലെ  പെയ്തു തുടങ്ങി .....
അരുന്ധതിയും  അതീന്ദ്രയും  റിയയും  ചേർന്ന്  മഞ്ഞുമനുഷ്യനെ 
നിർമിക്കാനുള്ള  മത്സരത്തിലാണ്  .....ലളിതാംബികയും  ലിസിയും  അവർക്കൊപ്പം  കൂടി .ഞാനാണെങ്കിൽ  മഞ്ഞിന്റെ  മാസ്മരിക   ലോകം  ക്യാമറയിൽ  പകർത്താനുള്ള  തിരക്കിലാണ് .
കുട്ടികൾ  നിർമിച്ച  മനോഹരമായ  മഞ്ഞുമനുഷ്യന്  ചുവന്ന  കണ്ണും  മാലയുംചാർത്തി  സുന്ദരമാക്കി  .
പിന്നെ  മഞ്ഞുമനുഷ്യന്   ഒപ്പം നിന്ന്  സെൽഫി  എടുക്കുന്ന  തിരക്കിൽ
മഞ്ഞിൽ  കളിച്ചുമടുത്ത  കുട്ടികൾക്കൊപ്പം  ഞങ്ങൾ  വീണ്ടും  ധനോൾട്ടിയുടെ  തെരുവിലേക്ക്  കയറി ....
കുട്ടികൾക്ക്  വിശന്നു  തുടങ്ങിയിരുന്നു . വഴിയോരത്ത്  മലഞ്ചെരുവിലായി  നിർമ്മിച്ചിരിക്കുന്ന   ഹോട്ടലിലേക്ക്  ഞങ്ങൾ  കയറി  .ഹോട്ടലിനു  ചുറ്റും  തലേ രാത്രിയിൽ  പെയ്ത മഞ്ഞു  ഒരടിയോളം  ഉയരത്തിൽ  പുതഞ്ഞുകിടക്കുന്നു  .ഹോട്ടലിൻറ്റെ   കണ്ണാടി ജാലത്തിലൂടെ  വെയിലിൽ  വെട്ടിത്തിളങ്ങുന്ന  ഹിമശൃംഗങ്ങളുടെ  വിദൂര  ദൃശ്യങ്ങൾ  കാണാം
.'ഹിമാലയൻ  വ്യൂ റസ്റ്റോറന്റ്'  എന്നാണ്  ഹോട്ടലിന്റെ  പേര് തന്നെ .ആവിപറക്കുന്ന  മാഗി  കഴിക്കാനായിരുന്നു  കുട്ടികൾക്ക്  ഏറെ താൽപര്യം .
ഹോട്ടലിൽ  ഏറ്റവും കൂടുതൽ  വിറ്റുപോകുന്നതും   തണുപ്പത്ത്  വേഗത്തിൽ  ചൂടുപോകാത്തതുമായ  ആഹാരം  ആവിപറക്കുന്ന  മാഗി തന്നെ .
       വീണ്ടും  മഞ്ഞിൽ  പുതഞ്ഞ  മസൂരി - ചമ്പാ  റോഡിലേക്ക് .....
വസന്തകാലത്ത്  സഞ്ചാരികളുടെ  താവളമാകുന്ന  ഇക്കോ പാർക്കും  ആപ്പിൾ  ഓർക്കാടും  പിന്നിട്ട്  ഞങ്ങൾ  യാത്ര തുടർന്നു  ....
ധനോൾട്ടിയുടെ  ഹൃദയ ധമനിയായി   കടന്നുപോകുന്ന  മസൂരി - ചമ്പാ  റോഡ്  മഞ്ഞണിഞ്ഞ  ഒരു  പറുദീസയായി   മാറുകയായിരുന്നു .എവിടെയും  വെട്ടിത്തിളങ്ങുന്ന  മഞ്ഞിൻറ്റെ   വെൺമ ....പൈൻ മരക്കൊമ്പുകളിൽ  പഞ്ഞിക്കെട്ടുപോലെ  പറ്റിപ്പിടിച്ചിരിക്കുന്ന  മഞ്ഞിൻ  പരലുകൾ 
.....ശരിക്കും  ഒരു  മാന്ത്രിക  ലോകത്ത്  എത്തിപ്പെട്ടതുപോലെ .....
മഞ്ഞിൽ  തണുത്തുറഞ്ഞു പോയ  നിരത്തിലൂടെ  ചില  യുവാക്കൾ  സാഹസികമായി  വാഹനങ്ങൾ  കടത്തി കൊണ്ടുവന്നിട്ടുണ്ട് .അതിന്റെയെല്ലാം  മുകളിൽ  അലങ്കാര  വസ്തു  എന്നപോലെ അവർ  മഞ്ഞുമനുഷ്യനെ  സ്ഥാപിച്ചിരിക്കുന്നു .
വെയിൽ  ആറിത്തടങ്ങിയപ്പോൾ   മസൂരി - ചമ്പാ  റോഡിൽ  തണുപ്പ് 
വർദ്ധിച്ചുതുടങ്ങി  .ഞങ്ങൾ  മടിച്ചു മടിച്ചു മടക്കയാത്രക്കൊരുങ്ങി .
മടക്ക യാത്രയിലാണ്  മലമുകളിലെ  വൈഷ്ണവ ദേവി  ക്ഷേത്രത്തിൽ  ഞങ്ങൾ  കയറിയത് .എനിക്കൊപ്പം  മലകയറാൻ   ഭാര്യ  ലളിതാംബികയും  മകൾ  അരുന്ധതിയും  മാത്രമാണ്  തയ്യാറായത് .
മസൂരി - ചമ്പാ  റോഡിലെ  ക്ഷേത്ര  കവാടത്തിൽ  നിന്നും  മലമുകളിലേക്ക്  മനോഹരമായ  പടിക്കെട്ടുകൾ  പണിതിരിക്കുന്നു .പടിക്കെട്ടുകളിലൂടെ  മുകളിലേക്ക്  കയറിയ  ഞങ്ങൾ  അത്ഭുത പരതന്ത്രരായി
....പടിക്കെട്ടുകൾക്ക്   ഇരുപുറവും  വെൺമെത്ത പോലെ  മഞ്ഞു  പുതഞ്ഞുകിടക്കുന്നു  .മുകളിലേക്ക്  എത്തും തോറും  തണുപ്പ്   അതി രൂക്ഷമായിക്കൊണ്ടിരുന്നു  .
ക്ഷേത്ര  മതിൽക്കെട്ടിനു  ചുറ്റും  മഞ്ഞുപരലുകൾ  വെള്ള പൂശിയിരിക്കുന്നു .ക്ഷേത്ര  മതിലിനു  പകുതിയോളം  മഞ്ഞു  കൂടിക്കിടക്കുന്നു .

ക്ഷേത്രത്തിൻറ്റെ   ഗർഭഗൃഹത്തിനു  സമീപമെത്തിയപ്പോൾ  തണുപ്പ്  അസഹ്യമായി  തുടങ്ങി . ക്ഷേത്രവും  പരിസരവും  തീർത്തും   വിജനമായിരുന്നു  .....കാരണം  അസ്ഥികൾ  തുളയ്ക്കുന്ന  തണുപ്പുതന്നെ
.
പക്ഷെ  അവിടെനിന്നുമുള്ള  കാഴ്ചകൾ  സ്വർഗീയമായിരുന്നു ....
അകലെ  അന്തിവെയിലിൽ  വെട്ടിത്തിളങ്ങുന്ന  ഹിമശൃംഗങ്ങളുടെ  നേർക്കാഴ്ച്ച  ....പിന്നെ  മഞ്ഞിൽ കുളിച്ച  താഴ്വരയുടെ  വിസ്മയിപ്പിക്കുന്ന  ദൃശ്യങ്ങൾ  ....കാഴ്ച്ചകളുടെ   വർണ്ണപ്രപഞ്ചം  വാക്കുകൾക്കും  അതീതമായിരുന്നു ...
.
മരംകോച്ചുന്ന  ആ  തണുപ്പിലും  മഞ്ഞിൻറ്റെ   മധുരം  ഞാൻ  നുണയുകയായിരുന്നു  ...ജീവിതത്തിൽ  അസുലഭമായി  ലഭിക്കാവുന്ന  അനിർവ്വചനീയ   നിർവൃതികളോടെയാണ്  ഞാൻ  മലമുകളിൽ നിന്നും  പടിക്കെട്ടുകൾ  ഇറങ്ങിയത് .
ഒരു  മാസ്മരിക  യാത്രയുടെ  മധുര  സ്മരണകളുമായി  ധനോൾട്ടിയോട്   വിടപറയുമ്പോൾ  മനസ്സിനുള്ളിൽ   മലർപോലെ   മഞ്ഞു പെയ്യുകയായിരുന്നു
....
സ്നേഹപൂർവ്വം 
ഗിരീഷ്  മാന്നാനം  


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ