ഇത് ദേവപ്രയാഗ് ....
തിബത്തൻ അതിർത്തികളിലെ കുളിരലകളുമായി
അൾകാപുരിയിൽ നിന്നും ഉത്ഭവിക്കുന്ന അളകനന്ദയും ഹിമഗിരികളുടെ വിശുദ്ധിയുമായി ഗംഗോത്രിയിൽ നിന്നും
ഉത്ഭവിക്കുന്ന ഭാഗീരഥി നദിയും സംഗമിച്ചു വിശുദ്ധ ഗംഗയായി പരിണമിക്കുന്നത് ഇവിടെ
.....
മുപ്പത്തി
മുക്കോടി ദേവകളും സാക്ഷ്യം വഹിച്ച പുണ്ണ്യ
സംഗമം ....
ഗിദ്ധനാഞ്ചൽ , ,ദശരഥനാഞ്ചൽ , നരസിംഹൻചാൽ എന്നീ മൂന്നു പർവ്വതനിരകൾ അതിരുകാക്കുന്ന പുണ്ണ്യ തീർത്ഥം ...
ദേവഭൂമി ഉത്തരാഖണ്ഡിലെ വിശുദ്ധ
നദികളുടെ പഞ്ചസംഗമങ്ങളിൽ ഒന്നാണ് ദേവപ്രയാഗ് ..... അളകനന്ദ നദിയുടെ അവസാനത്തെ സംഗമസ്ഥലമാണിത് .
ശിവാലിക്ക് കുന്നുകളുടെ താഴ്വരയിലെ വിശുദ്ധ നഗരമായ ഋഷികേശിൽ നിന്നും
ഏതാണ്ട് 74 കി
.മീ അകലെ ....
2016 ലെ വസന്താരംഭത്തിൽ , ഉത്തരാഖണ്ഡിലെ ഹിമാലയൻ മലനിരകളിൽ സ്ഥിതിചെയ്യുന്ന ബദരീനാഥിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഞങ്ങൾ ദേവപ്രയാഗിൽ എത്തിയത് .
ഋഷികേശിൽ നിന്നും തിബത്തൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ അവസാനത്തെ ഗ്രാമമായ 'മാന ' വരെ നീണ്ടുപോകുന്ന നാഷണൽ ഹൈവേ 58 ലൂടായിരുന്നു ഞങ്ങളുടെ യാത്ര.
ദേവപ്രയാഗിൻറ്റെ തീരങ്ങളിൽ വെയിൽ തിളയ്ക്കുന്ന ഒരു നട്ടുച്ച . നാഷണൽ ഹൈവേ 58 ൻറ്റെ ഓരത്ത് ഞങ്ങൾ വാഹനമൊതുക്കി .
ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാൾ ഡിസ്ട്രിക്ടിൽ പ്പെട്ട ചെറുപട്ടണമാണ് ഇന്ന് ദേവപ്രയാഗ് . പട്ടണത്തിൻറ്റെ പ്രൗഡി ഒന്നും ഇല്ലെങ്കിലും ഗർവാൾ ഗ്രാമത്തിൻറ്റെ വിശുദ്ധി ഇവിടെ നിലനിൽക്കുന്നു .
റോഡിൽ നിന്നുതന്നെ കാണാം മലയടിവാരത്തെ ദേവസംഗമത്തിന്റെ ഭ്രമിപ്പിക്കുന്ന കാഴ്ച്ച ...അളകനന്ദയും ഭാഗീരഥിയും ഒന്നിച്ചു ഗംഗയായി പരിണമിക്കുന്ന മനോഹര കാഴ്ച്ച ....
ദേവപ്രയാഗിൻറ്റെ തീരങ്ങളിൽ മലമുകളിലെ ഗ്രാമത്തിൻറ്റെ ഉത്തംഗമായ ഭാഗത്താണ് പടുകൂറ്റൻ കരിങ്കല്ലിൽ തീർത്ത പ്രസിദ്ധമായ രഘുനാഥ് ജി ക്ഷേത്രം സ്ഥിതിചെയ്യുന്നത് . ക്ഷേത്രത്തിൻറ്റെ വിദൂരദർശനം ദേവപ്രയാഗിൻറ്റെ തീരങ്ങളിലേക്ക് സ്വാഗതമരുളുന്നു ...
പ്രസിദ്ധമായ ഈ ശ്രീ രാമ ക്ഷേത്രത്തിന്റെ ചരിത്രം ആദിഗുരു ശ്രീ ശങ്കരാചാര്യരുമായി ബന്ധപ്പെട്ടുകിടക്കുന്നു .....ശ്രീ ശങ്കരാചാര്യരുടെ ആസേതു ഹിമാചലം വരെയുള്ള യാത്രയ്ക്കിടയിൽ ദേവപ്രയാഗിൻറ്റെ തീരത്ത് അദ്ദേഹം ശ്രീ രാമ പ്രതിഷ്‌ഠ നടത്തിയത്രെ .... അതാണ് ഇന്നുകാണുന്ന രഘുനാഥ് ജി ക്ഷേത്രം ...
ഈ യാത്രയിൽ ദക്ഷിണേന്ത്യയിൽ നിന്നുമുള്ള ചില ബ്രാഹ്മണ പണ്ഡിതരും ഇദ്ദേഹത്തെ അനുഗമിച്ചിരുന്നുവത്രെ .
അന്നത്തെ ഗർവാൾ രാജാവാണ് ക്ഷേത്രം നിർമിച്ചതെന്നും ആദി ശങ്കരനൊപ്പം എത്തിയ പണ്ഡിത ശ്രേഷ്ഠരെ ഈ ക്ഷേത്രത്തിൽ പൂജയ്ക്കായി നിയോഗിച്ചുവെന്നും ചരിത്രം . ഈ ബ്രാഹ്മണരെയാണ് പിന്നീട് പാണ്ഡകൾ എന്ന് അറിയപ്പെട്ടു തുടങ്ങിയത് .
ജഗത് ഗുരു ശ്രീ ശങ്കരാചാര്യരാൽ സ്ഥാപിക്കപ്പെട്ട ബദരീനാഥ് ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ഇന്നും പൂജകൾ നടത്തുന്നത് ഈ പാണ്ഡ പരമ്പരകളാണ് . അതുകൊണ്ടുതന്നെ ദേവപ്രയാഗ് പാണ്ഡകളുടെ (പൂജാരികളുടെ ) വാസസ്ഥലം കൂടിയാണ് .അതിശൈത്യത്തിൽ ബദരീനാഥ് ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ അടച്ചിടുന്നു സമയത്ത് പാണ്ഡകൾ കൂട്ടത്തോടെ സ്വന്തം വാസസ്ഥലമായ ദേവപ്രയാഗിൽ എത്തുന്നു .മഞ്ഞുരുകി ക്ഷേത്രങ്ങൾ തുറന്നുകഴിഞ്ഞു മാത്രമേ വീണ്ടും ഇവർ മലകയറുകയുള്ളു .
നാഷണൽ ഹൈവേയിൽ നിന്നും പൂജാദ്രവ്യങ്ങൾ വിൽക്കുന്ന ഒരു ഇടുങ്ങിയ തെരുവിലൂടാണ് ഞങ്ങൾ ദേവപ്രയാഗിന്റെ തീരങ്ങളിലേക്ക് ഇറങ്ങിയത് .
താഴേക്കുള്ള യാത്രയിൽ നീലനിറത്തിൽ പതഞ്ഞൊഴുകുന്ന ഭാഗീരഥി നദിയുടെ ചേതോഹരമായ കാഴ്ചയാണ് ഞങ്ങളെ വരവേറ്റത് ......
ഭാഗീരഥി നദിക്കു കുറുകെ ഇരുമ്പുകമ്പികളിൽ തൂക്കിയിട്ടിരിക്കുന്ന പാലം കടന്നുവേണം ദേവ സംഗമ സ്ഥാനത്തേക്ക് പോകാൻ .
പാലത്തിലൂടെ നടക്കുമ്പോൾ മക്കൾ അരുന്ധതിയും അതീന്ദ്രയും ഭാഗീരഥിയുടെ ആക്രോശങ്ങൾ ആസ്വദിക്കുന്നുണ്ടായിരുന്നു ....ഭാര്യ ലളിതാംബികയാണെങ്കിൽ കാഴ്ചകളുടെ വിസ്‌മയത്തിലും .....
പ്രയാഗ് തീരത്തേക്ക് ഇറങ്ങുന്നതിനു മുൻപ് മലയിടുക്കിലൂടെ ഒഴുകിയെത്തുന്ന അളകനന്ദയെ ഒരുനിമിഷം ഞാൻ നോക്കിനിന്നു .
ഹിമമുടികളിലൂടെ ആർത്തലച്ചു ഒഴുകിയെത്തുന്ന അളകനന്ദ സംഗമസ്ഥാനത്തെത്തുമ്പോൾ ശാന്തയായി കണ്ടു .ഇളം ചുവപ്പുകലർന്ന പച്ചനിറമാണ് അളകാനന്ദയ്ക്ക് .
അളകനന്ദയുടെ തെളിനീരലകളിൽ നീന്തിനടക്കുന്ന മത്സ്യങ്ങൾ കുട്ടികളുടെ കണ്ണുകൾക്ക് വിരുന്നൊരുക്കി .
iഇൻഡോ തിബത്തൻ അതിർത്തിയിലെ 'മാനാ ' ഗ്രാമത്തിൽ നിന്നും ഉത്ഭവിക്കുന്ന സരസ്വതി നദി ഭൂമിക്കടിയിലൂടെ ഒഴുകി രഘുനാഥ ഭഗവാൻറ്റെ പാദങ്ങൾക്കടിയിലൂടെ പ്രവഹിച്ചു ഈ സംഗമത്തിൽ ലയിക്കുന്നു എന്ന് വിശ്വസിക്കുന്നു .അപൂർവമായ ദേവ സംഗമത്തിൻറ്റെ മാസ്മരിക ഭാവം കണ്ടുനിൽക്കുന്നതിനിടെ പാണ്ഡകൾ പിന്നാലെ കൂടി .ഈ പുണ്ണ്യ സംഗമത്തിൽ പിതൃ തർപ്പണം നടത്തുന്നതിൻറ്റെ മഹത്വത്തെ ക്കുറിച്ചു അവർ പറഞ്ഞുകൊണ്ടിരുന്നു .അവസാനം ഏതോ ഒരു ശാസ്ത്രികൾ എന്ന് സ്വയം പരിചയപ്പെടുത്തിയ പാണ്ഡയുടെ മുന്നിൽ ഞാൻ പിതൃ തർപ്പണത്തിനു തയ്യാറായി .
പരിപാവനമായ ഭാഗീരഥിയെയും അളകാനന്ദയെയും സാരസ്വതിയെയും സാക്ഷിയാക്കി ഗംഗയുടെ ഉത്ഭവ സ്ഥാനത്ത് മൺമറഞ്ഞുപോയ പിതൃ പാരമ്പരകൾക്കായി ഒരു സാങ്കല്പിക ബലിതർപ്പണം .
ബലിതർപ്പണത്തിനു ശേഷം ദേവപ്രയാഗിൻറ്റെ ഓളങ്ങളിലേക്ക് ഇറങ്ങുമ്പോൾ ഭാര്യ ലളിതാംബികയും കുട്ടികളും ദേവ സംഗമത്തിൻറ്റെ കുളിരലകളുടെ സ്പർശന സുഖം നുകരുന്നതു കണ്ടു .പുണ്ണ്യ സംഗമത്തിൽ നിരവധിപ്പേർ പ്രാർത്തനകളോടെ മുങ്ങി നിവരുന്നുണ്ട്.....
ദേവ സംഗമത്തിൻറ്റെ ഓളങ്ങളെ തൊട്ടുവണങ്ങുമ്പോൾ അടുത്തുനിന്ന ശാസ്ത്രികൾ സ്നേഹപൂർവ്വം ഓർമപ്പെടുത്തി :
" സൂക്ഷിക്കണം .... അവസാന ശ്വാസവുമെടുത്ത് ഒട്ടേറെ ജീവനുകൾ ഇവിടെ മുങ്ങി
താഴുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട് ....ചിലർ സ്വന്തഇഷ്ടത്തിന് ഈ ഓളങ്ങളിൽ മോക്ഷപ്രാപ്തി തേടുന്നു
... ചിലർ അബദ്ധത്തിൽ ഒഴുക്കിൽ
പ്പെടുന്നു .... "
ശാസ്ത്രികളുടെ മുന്നറിയിപ്പ് മുഖവിലയ്ക്കെടുത്ത് വളരെ സൂക്ഷിച്ചാണ് ദേവ
സംഗമങ്ങളുടെ ഓളങ്ങളിലേക്ക് ഇറങ്ങിയത് .....
ഈ ദേവസംഗമ
ഭൂമിയിൽ നിൽക്കുമ്പോൾ മനസ്സിനുള്ളിൽ നിറയുന്നത് തീർത്ഥ
പ്രവാഹങ്ങളുടെ തിരത്തള്ളൽ ....
തിരകളിൽ മഞ്ഞിൻറ്റെ കുളിരലകളുമായി ഒഴുകുന്ന ഭാഗീരഥിയുടെ കിന്നാരവും ശാന്തയല്ലാത്ത അളകനന്ദയുടെ
അട്ടഹാസവും ഞാൻ കേൾക്കുന്നു
.....
പ്രകൃതിയിലാകെ നിറയുന്ന പ്രലോഭനങ്ങൾ ഭക്തിസാന്ദ്രമായി പരിണമിക്കുന്നത് ഞാൻ തിരിച്ചറിയുന്നു ....
.
കൈക്കുമ്പിളിൽ ഒതുങ്ങിയ ഭാഗീരഥിയും അളകനന്ദയും കർണപുടങ്ങളിലൂടെ ഒഴുകിയിറങ്ങിയപ്പോൾ ഹിമനിരകളുടെ കുളിര് ഞാൻ തിരിച്ചറിഞ്ഞു
......
ഈ പ്രവാഹ തീരത്ത് നിന്നും
സമതലങ്ങളിലേക്ക് ഒഴുകുന്ന ഗംഗയുടെ ഓളങ്ങളെ തോട്ടുവണങ്ങി പടികൾ കയറുമ്പോൾ മലമുളിലെ
രഘുനാഥ് ജി
മന്ദിറിൽ നിന്നും സാഫല്യത്തിന്റെ മണി
മുഴങ്ങുന്നത് ഞാൻ
കേട്ടു .....
വിത്യസ്തനിറങ്ങളിൽ വിത്യസ്ത ഭാഗങ്ങളിലൂടെ ഒഴുകിയെത്തി ഒന്നായിത്തീരുന്ന ഭാഗീരഥിയും അളകാനന്ദയും അനിർവചനീയമായ ഒരു ദൃശ്യ വിരുന്നാണ് സമ്മാനിച്ചത് .
ദേവപ്രയാഗിൻറ്റെ പടികൾ കയറുമ്പോൾ അപൂർവമായ ആ ദേവസംഗമം ഒരിക്കൽക്കൂടി ഞാൻ കൺകുളിർക്കെ കണ്ടുനിന്നു .ചരിത്രവും ഐതീഹ്യവും എന്തുതന്നെ ആയാലും ഈ പുണ്ണ്യ സംഗമക്കാഴ്ച്ച അനിവചനീയമായ ഒരു ആത്മ നിർവൃതിയാണ് നൽകുന്നത്
സ്നേഹപൂർവ്വം
ഗിരീഷ് മാന്നാനം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ