2018, ജനുവരി 31, ബുധനാഴ്‌ച

Kumarakom - വേമ്പനാട് തീരത്തെ വേനൽ സ്മൃതികൾ ...

ഒരു  മദ്ധ്യവേനൽ  അവധിക്കാലത്താണ്  കുമരകം  എന്ന  കായലോര  സുഖവാസ  കേന്ദ്രത്തിൽ  ഞങ്ങൾ  എത്തിയത് .
കേരവൃക്ഷങ്ങൾ  തണൽ വിരിക്കുന്ന  കായലോരങ്ങൾ ....
സമൃദ്ധിയുടെ  ഹരിതാഭ  നിറഞ്ഞ  വയലേലകൾ .....
നോക്കെത്താ ദൂരത്തോളം  പരന്നുകിടക്കുന്ന  വേമ്പനാട്  കായലിൻറ്റെ  ദൃശ്യവിസ്മയങ്ങൾ ....
കായലോരത്തെ  കണ്ടൽക്കാടിൻറ്റെ  കുളിർ തേടിയെത്തുന്ന  ദേശാടന പക്ഷികൾ  .....
കായൽ  മത്സ്യങ്ങളുടെ   രുചിഭേദങ്ങൾ .....
പിന്നെ  കായൽപ്പരപ്പിൻറ്റെ  നിറഭേദങ്ങളറിഞ്  ,കായൽക്കാറ്റിൻറ്റെ  കുളിർ നുകർന്ന്   ഒരു  ബോട്ടുയാത്ര  ....
അതെ  , ഇതെല്ലാമാണ്  വേമ്പനാട്  കായൽത്തീരത്തെ  കുമാരകമെന്ന  മനോഹര  ഗ്രാമത്തെ  സഞ്ചാരികളുടെ  പറുദീസയാക്കി  മാറ്റുന്നത് .
 ഏതാണ്ട്  14 കിലോമീറ്റർ  വീതിയും  97 കിലോമീറ്റർ  നീളവുമുള്ള  വേമ്പനാട് കായൽ  ഇന്ത്യയിലെ  ഏറ്റവും  നീളം  കൂടിയതും  കേരളത്തിലെ  ഏറ്റവും  വലുതുമായ  ലവണ ജലതടാകങ്ങളിൽ  ഒന്നാണ് . വേമ്പനാട്  കായൽ  തീരങ്ങളെ   ഹരിതസമൃദ്ധമാക്കി  കുമാരകമെന്ന  മനോഹര  ഗ്രാമം  സ്ഥിതിചെയ്യുന്നു .......കേരളത്തിൻറ്റെ  അക്ഷര നാഗരിയായായ  കോട്ടയത്തുനിന്നും  ഏതാണ്ട്  16 കിലോമീറ്റർ  അകലെ  ....
വേനലിൻറ്റെ  വറുതിയിലും  ഇവിടെ  കായൽക്കാറ്റിൻറ്റെ   കുളിർമ നുകരാം ..
കായൽക്കാറ്റേറ്റ്‌  മധുരക്കള്ളിന്റെ  മധു  നുകരാം .....
കക്കയും  ,കൊഞ്ചും , കരിമീനും  ഉൾപ്പെടെയുള്ള  കായൽ  വിഭവങ്ങളുടെ  സ്വാദറിയാം  .....
പച്ചപ്പട്ടണിഞ്ഞ  നെൽവയലുകൾക്കു  നടുവിൽ നിന്ന്  കൊയ്ത്തു പാട്ടിൻറ്റെ  ഈണങ്ങൾക്കു  കാതോർക്കാം ....
വഞ്ചിപ്പാട്ടിൻറ്റെ   വരികൾക്കിടയിലെ  വർണാഭമായ  കാഴ്ചകൾ  കാണം ....
പിന്നെ  കൊതുമ്പുവള്ളം  തുഴഞ്ഞുപോകുന്ന  നാട്ടിൻപുറത്തിന്റെ  വിശുദ്ധികാണാം  .....
 എൻറ്റെ  കൗമാര സ്വപ്‌നങ്ങളുടെ  കളിനിലമായിരുന്നു   കുമരകത്തെ  കായലോരങ്ങൾ  ; പക്ഷെ  ഭാര്യ  ലളിതാംബികയ്ക്കും  മക്കൾ  അരുന്ധതിക്കും ,അതീന്ദ്രയ്ക്കും  കായൽ  തീരങ്ങളും  ഇവിടുത്തെ  ഹരിത സമൃദ്ധിയും  പുതിയ  ഒരു  അനുഭവമായിരുന്നു ...
കോട്ടയത്തുനിന്നും  താഴത്തങ്ങാടിയും , അയ്‌മനവും  പിന്നിട്ട്  മീനച്ചിലാറിന്റെ  തീരങ്ങളിലൂടെ  ഒരു  യാത്ര ...
അയ്‌മനം  എന്ന  ഗ്രാമ വിശുദ്ധിയിലൂടെ  കടന്നുപോകുമ്പോൾ  മകൾ  അരുന്ധതി  ചോദിക്കുന്നുണ്ടായിരുന്നു
" അരുന്ധതി  റോയിയുടെ  നാടല്ലേ  ഇത്  ? "
 ഒരുനിമിഷം  ഞാനൊന്ന്  അമ്പരന്നു ....അരുന്ധതി റോയിയും  , 
'ഗോഡ്  ഓഫ്  സ്മാൾ  തിങ്‌സു'മെല്ലാം  മനസിലൂടെ  മിന്നിമറഞ്ഞു ....
മീനച്ചിലാറിൻറ്റെ  തീരങ്ങളിൽ  പാലാട്ട് അച്ചാറിൻറ്റെ  മണം പരക്കുന്നത്  ഞാനറിഞ്ഞു ...റാഹേലും , എസ്തപ്പാനും , അമ്മുവും , വെളുത്തയും , ബേബിക്കൊച്ചമ്മയുമെല്ലാം  മീനച്ചിലാറിൻറ്റെ  തീരങ്ങളിൽ  നിരന്നു നിൽക്കുന്നതുപോലെ  എനിക്കു തോന്നി ...
മകളുടെ  ഓർമ്മപ്പെടുത്തൽ  എന്നെ  ശരിക്കും  അത്ഭുതപ്പെടുത്തി  .ഞാൻ  അവളോട്  പറഞ്ഞു :
"അരുന്ധതി റോയിക്കു  'ബുക്കർ പ്രൈസ്'  ലഭിച്ചു  ഒരു വര്ഷം കഴിഞ്ഞാണ്  നീ  ജനിച്ചത് ....അതുകൊണ്ടാണ്  നിനക്ക്  ഞാൻ  അരുന്ധതി  എന്ന് പേരിട്ടത്.
  ആ  രഹസ്യം  കേട്ടപ്പോൾ  മകളുടെ  മുഖത്ത് വിരിഞ്ഞത്  'ബുക്കർ പ്രൈസ്' ലഭിച്ച സന്തോഷമാണ് ....
കുളിർക്കാറ്റേറ്റ്‌  വയലേലകൾക്കു  നടുവിലൂടെയുള്ള  യാത്ര  കുട്ടികൾക്ക്  നന്നേ  ബോധിച്ചു .
കുമരകത്തിൻറ്റെ  ഹൃദയമായ  ചന്തക്കവലയിൽ  എത്തിയപ്പോൾ  നേരിയ  തിരക്കനുഭവപ്പെട്ടു .ഗ്രാമത്തിൻറ്റെ  ജീവവാഹിനിയായ  പുഴ  ഇരുകാരകളെയും  മുറിച്ചു  ചന്തക്കവലയുടെ  ഹൃദയത്തിലൂടെ  ഒഴുകുന്നു .ഒരുകരയിൽ  കച്ചവട  സ്ഥാപനങ്ങൾ  മറുകരയിൽ  സ്‌കൂളുകളും  ആരാധാനാലയങ്ങളും   താമസസ്ഥലങ്ങളും  ....പണ്ടൊക്കെ  വള്ളങ്ങളിൽ  കച്ചവട  സാധനങ്ങളുമായി  കച്ചവടക്കാർ  ഈ  പുഴയിലൂടെ  എത്തിയിരുന്നു .പക്ഷെ ഇന്ന്  അപൂർവം  ചില  മീൻ കച്ചവടക്കാരെ  മാത്രമേ  പുഴയിൽ  കാണാനായുള്ളു .
ഈ  പുഴയിലാണ്  ശ്രീ നാരായണ  ജയന്തിയോട്  അനുബന്ധിച്ചു    വർണാഭമായ  കുമരകം  ജലമേള  നടക്കുന്നത് .നിരവധി  കളി ഓടങ്ങൾ  പങ്കെടുക്കുന്ന  പ്രസിദ്ധമായ  കുമരകം  ബോട്ട് റൈസ്  ഈ  ജലമേളയുടെ  ഭാഗമാണ് .
പുഴയുടെ  തീരങ്ങളിൽ  സഞ്ചാരികൾക്കായി  പുതിയ  റിസോർട്ടുകളും  ഹോട്ടലുകളും  രൂപപ്പെട്ടു  കഴിഞ്ഞിരിക്കുന്നു .
ചന്തക്കവലയും  പിന്നിട്ട്  കുമരകം  ബോട്ട് ജെട്ടിയിൽ  എത്തുമ്പോൾ  വിശാലമായ  വേമ്പനാട്  കായൽ  ദൃശ്യമായിത്തുടങ്ങും . ഇവിടെനിന്നും  കേരളാ  വാട്ടർ  ട്രാൻസ്‌പോർട്ട്  ഡിപ്പാർട്ടുമെൻറ്റിൻറ്റ്   വക  യാത്രാ ബോട്ടുകൾ  കായൽ പ്പരപ്പിലൂടെ  കുമാരകത്തെയും  ആലപ്പുഴ  ജില്ലയിലെ  മുഹമ്മയെയും  ബന്ധിപ്പിച്ചു  സർവീസ്  നടത്തുന്നു .
ബോട്ടു ജെട്ടിയെ  കായലുമായി  ബന്ധിപ്പിക്കുന്ന പുഴയിലൂടെ  ഒഴുകിനീങ്ങുന്ന  ബോട്ടുകൾ ....
പുഴയോരത്തെ  ഫലസമൃദ്ധമായ  കേരവൃക്ഷങ്ങൾ .....
പുഴകടന്നെത്തുന്ന  കായൽക്കാറ്റിൻറ്റെ  കുളിരലകൾ .....
എല്ലാം  കുട്ടികൾ  ആസ്വദിക്കുന്നുണ്ടായിരുന്നു .

പക്ഷെ  അപ്പോഴും  ഒരു  മഹാ  ദുരന്തത്തിൻറ്റെ  ഓർമ്മകൾ  എന്നെ  അസ്വസ്ഥനാകുന്നുണ്ടായിരുന്നു .....2002  ജൂലൈ  27 ന്  വേമ്പനാട് കായൽ തീരത്തെ  കണ്ണീർ ക്കടലാക്കിയ  ഒരു  മഹാ ദുരന്തത്തിൻറ്റെ  ഓർമ്മകൾ ....
മുഹമ്മയിൽ  നിന്നും  ഏതാണ്ട്  300 ഓളം  യാത്രക്കാരുമായി  കുമാരകത്തേക്കു  വന്ന  കേരളാ വാട്ടർ  ട്രാൻപോർട്ട്  ഡിപ്പാർട്ട്മെൻറ്റ്  വക യാത്രാ ബോട്ട്  കുമരകം  ജെട്ടിക്കു സമീപം  കായലോളങ്ങളിൽ  മുങ്ങിത്താണു . പതിനാലു സ്ത്രീകളും  രണ്ടു കുട്ടികളും  ഉൾപ്പെടെ  ഏതാണ്ട്  29 ഓളം ജീവനുകളാണ്  അന്ന്  ഈ  കായലോളങ്ങളിൽ  പിടഞ്ഞുമരിച്ചത് .
കായലോളങ്ങളിൽ  മുങ്ങിത്താണ   ഹതഭാഗ്യരുടെ  ജീവനുവേണ്ടിയുള്ള  അവസാന  നിലവിളികൾ  കായൽക്കാറ്റിൽ   ഇപ്പോഴും  അലയടിക്കുന്നതായി  എനിക്കുതോന്നി ....
കുട്ടികളുടെ  സന്തോഷത്തിനു  ക്ഷതമേൽപ്പിക്കാതെ  നൊമ്പരപ്പെടുത്തുന്ന  ഓർമകളിൽ  നിന്നും  കണ്ണിനേയും  മനസിനേയും  ഞാൻ  പിൻവലിച്ചു .
ആ ഓർമകളുടെ  നൊമ്പരങ്ങൾ  വെച്ചൊഴിഞ്ഞത്  കുമരകം  ജെട്ടിക്കു  സമീപമുള്ള  ശ്രീ  കുമാരമംഗലം  സുബ്രഹ്മണ്യ സ്വാമി   ക്ഷേത്രത്തിൻറ്റെ  പടിക്കലാണ് .
വേമ്പനാടുകായലിൻറ്റെ  വിളിപ്പാടകലെ  പുഴയോരത്തെ  ഹരിത സമൃദ്ധിയിൽ  സ്ഥിതിചെയ്യുന്ന  മനോഹരമായ  ക്ഷേത്രം .ഏതാണ്ട്  100 വർഷത്തിലേറെ  പഴക്കമുള്ള  ഈ  പുണ്ണ്യ ക്ഷേത്രം  1903 ൽ  ശ്രീ നാരായണ  ഗുരു ദേവനാൽ  സ്ഥാപിക്കപ്പെട്ടതാണ് .
ക്ഷേത്രത്തിനു  മുന്നിലുള്ള  പുഴയിൽ  ചെറുതും  വലുതുമായ  ഹൗസ് ബോട്ടുകൾ  സ്ഥാനം  പിടിച്ചിരിക്കുന്നു .
ബോട്ടുജെട്ടിയിൽ  നിന്നും  ഞങ്ങൾ  പോയത്  പള്ളിച്ചിറ  എന്ന  ഗ്രാമഹൃദയത്തിലേക്കാണ് .ക്രിസ്ത്യൻ  പള്ളികൾ  സ്ഥിതിചെയ്യുന്ന  തുരുത്തായതുകൊണ്ടാവും   ഈ  പ്രദേശത്തിന്  പള്ളിച്ചിറ  എന്ന  പേരുവന്നത് .
കായലോരങ്ങളെ   തൊട്ടുരുമി നിൽക്കുന്ന  ബേദൽഹെം ചർച്ചിൻറ്റെ  സമീപത്ത് നിന്നുള്ള  കായൽ  കാഴ്ചകൾ  മനോഹരമായിരുന്നു .
കായലിൻറ്റെ   ഓളപ്പരപ്പുകളിൽ  തെന്നി നീങ്ങുന്ന  ചെറുവള്ളങ്ങൾ  .....
അങ്ങിങ്ങായി  കാണുന്ന  പച്ചത്തുരുത്തുകൾ ....
തെങ്ങോലത്തലപ്പുകൾക്ക്   മുകളിലൂടെ  പറന്നു നീങ്ങുന്ന  പക്ഷി കൂട്ടങ്ങൾ...
പക്ഷെ  കുട്ടികളെ  ഏറെ  ആകർഷിച്ചത്  ഏതാണ്ട്  ആറടിയോളം  ഉയരത്തിൽ  സ്വർണ വർണ  കുലകളുമായി  നിൽക്കുന്ന  ഗൗളി ഗാത്ര  തെങ്ങുകളാണ്  .
അവർ  തെങ്ങിൻ  കുലകളിൽ  തലോടി  അവരുടെ  ആഹ്ലാദം  അറിയിച്ചു . അതിനിടയിൽ  പച്ചത്തുരുത്തിനു  നടുവിലെ  കൊച്ചു കവുങ്ങിൽ  ചാടിക്കയറാനും  അതീന്ദ്ര  മറന്നില്ല .
പള്ളിച്ചിറയിൽ  നിന്നും  കുമാരകത്തിൻറ്റെ  ഗ്രാമ സൗഭാഗ്യങ്ങളിലൂടെ  വീണ്ടും  ഒരു  യാത്ര ......കുമരകം  ടൂറിസ്റ്റ്  സങ്കേതത്തിൻറ്റെ സിരാകേന്ദ്രമായ കവണാ റിൻ  തീരത്തേക്ക് ....
കവണാറ്റിൻ കരയിൽ  കേരളാ ടൂറിസ്റ്  ഡെവലപ്പ് മെൻറ്റ്  കോർപറേഷൻ (KTDC ) വക  ബാക്ക് വാട്ടർ  റിസോർട്ടും  പക്ഷി സങ്കേതവുമാണ്  ഞങ്ങളെ  വരവേൽറ്റത് .
കവണാറിൻറ്റെ  ഓളങ്ങളിൽ  സഞ്ചാരികളെ  കാത്തുകിടക്കുന്ന  ചെറുതും  വലുതുമായ  നിരവധി  ഹൗസ് ബോട്ടുകൾ ....കായൽപ്പരപ്പിൽ  ഒഴുകി നീങ്ങുന്ന  ചെറിയ  ആഡംബര ഭവനങ്ങൾ ....
ബാക് വാട്ടർ  റിസോർട്ടിന്  സമീപം  തന്നെയാണ്  പ്രസിദ്ധമായ  കുമരകം  പക്ഷി  സങ്കേതം .കവണാറിൻറ്റെ  ഹരിത തീരങ്ങളിലായി ഏതാണ്ട്  14  കിലോമീറ്റർ  വിസ്തൃതിയിൽ  കായൽ തീരങ്ങളെ  തൊട്ടുരുമി  പക്ഷിസങ്കേതം  വ്യാപിച്ചുകിടക്കുന്നു  .
കണ്ടൽക്കാടുകളുടെ  സമൃദ്ധിയും  വൃക്ഷ  ലതാതികളും  നിറഞ്ഞ  ഈ  ഹരിത തീരങ്ങൾ  സൈബീരിയൻ  കൊക്കുകൾ  ഉൾപ്പെടെയുള്ള  നിരവധി  ദേശാടന പക്ഷികളുടെ  ആവാസകേന്ദ്രമാണ് .
ജോർജ്  ആൽഫ്രഡ്‌  ബേക്കർ ൻറ്റെ  ഉടമസ്ഥതയിൽ  ഉണ്ടായിരുന്ന  റബ്ബർ എസ്റ്റേറ്റ്  ആണ്  പിന്നീട്  പക്ഷിസങ്കേതവും  ടൂറിസ്റ്റ്  കോപ്ലക്‌സുമെല്ലാമായി  വികസിച്ചത് . 'കാരീ സായിപ്പ് ' എന്ന്  നാട്ടുകാർ  വിളിച്ചിരുന്ന  ബേക്കർ  സായിപ്പിന്റെ  സ്മരണകളുമായി  ഇപ്പോഴും  ദേശാടന പക്ഷികൾ  കാതങ്ങൾ താണ്ടി   കടൽ കടന്ന്   ഇവിടെയെത്തുന്നു  ..
..
കായൽ കാറ്റേറ്റ്  , കാടിൻറ്റെ  കുളിരറിഞ്ഞു ,കാഴ്ചയുടെ  വിരുന്നൊരുക്കുന്ന  ദേശാടന  പക്ഷികളെക്കണ്ട്  കായൽകാഴ്ചയുടെ  തീരങ്ങളിലൂടെ  ഒരു യാത്ര .
   പക്ഷി സങ്കേതത്തിൻറ്റെ  കുളിർ നിലങ്ങളിൽ  നിന്നും  പുറത്തു കടക്കുമ്പോൾ  വേമ്പനാട്  കായൽ തീരത്ത്  വെയിൽ  കനത്തുതുടങ്ങി ...എങ്കിലും  കായൽക്കാറ്റിൻറ്റെ   കുളിരലകളിൽ  ചൂടറിയുന്നില്ല .
 കവണാറിൻ   തീരത്ത്  കായൽപ്പരപ്പിലേക്ക്  ഒഴുകാൻ  തയ്യാറായി നിൽക്കുന്ന  നിരവധി  ഹൗസ് ബോട്ടുകൾ ....
സത്യത്തിൽ  ഈ  ഹൗസ് ബോട്ടുകളാണ്  വേമ്പനാട്  കായൽ  തീരത്തെ  പ്രധാന ആകർഷണം .യാത്രക്കാരൻറ്റെ  കീശയുടെ  ഘനമനുസരിച്ചു സാധാരണ  ബോട്ടുകൾ  മുതൽ  അത്യാഢംബര പൂർണമായ  ബോട്ടുകൾ വരെ   ലഭ്യമാണ് . പഴയകാലത്തെ  കെട്ടുവള്ളങ്ങളാണ്  രൂപഭേദങ്ങൾ  സംഭവിച്ചു  ഹൗസ് ബോട്ടുകളായി  പരിണമിച്ചത് .
അത്യാവശ്യം  ആഡംബരങ്ങൾ  ഉള്ള  ഒരു  ഇടത്തരം  ബോട്ടാണ്  ഞങ്ങൾ  യാത്രയ്ക്കായി   തിരഞ്ഞെടുത്തത് . കുട്ടികൾ  ബോട്ടിനുള്ളിൽ  പ്രവേശിച്ചത് തന്നെ  അത്ഭുതത്തോടെയാണ് .വെള്ളത്തിൽ  ഒഴുകി നീങ്ങുന്ന  മനോഹരമായ  ഒരു  വീടിനുള്ളിൽ  കയറിയ  ആഹ്ലാദമായിരുന്നു  അവർക്ക് .
കയറിച്ചെല്ലുന്നതു തന്നെ  ഇരിപ്പാടങ്ങളിട്ടു  മനോഹരമാക്കിയ  സ്വീകരണ  മുറിക്കു  സമാനമായ  ചെറിയ ഹാളിൽ .ഡൈനിങ്  ടേബിളും  ചെയറുമെല്ലാം  അതിൻറ്റെ  ഓരത്ത്  സജ്ജീകരിച്ചിരിക്കുന്നു .LED ടിവിയും  AC  യുമുൾപ്പെടെയുള്ള  എല്ലാ ആധുനിക സൗകര്യങ്ങളും അവിടെയുണ്ട് .
ഹാളിൽ  നിന്നും  മനോഹരമായ  ഇടനാഴി  നയിക്കുന്നത്  ബെഡ് റൂമിലേക്കാണ് .ഒരു  ചെറിയ കുടുംബത്തിന്  താമസിക്കാൻ  പാകത്തിൽ  മനോഹരമായി  സജ്ജീകരിച്ചിരിക്കുന്ന  കിടപ്പുമുറി .കിടപ്പുമുറിയോടു ചേർന്ന് തന്നെ  ആധുനിക  സൗകര്യങ്ങളുള്ള  ടോയിലറ്റും  സജ്ജീകരിച്ചിരിക്കുന്നു .
കിടപ്പുമുറിക്ക്  പുറത്ത്  ഇടനാഴിയിൽ  തന്നെ  മനോഹരമായ  വാഷ് ബേസിൻ  ക്രമീകരിച്ചിരിക്കുന്നു . അതിനുമപ്പുറമാണ്  ചെറിയ  അടുക്കള . യാത്രക്കാരുടെ  താൽപ്പര്യമനുസരിച്  ഈ അടുക്കളയിൽ  പാകം ചെയ്‌ത  ചൂടുമാറാത്ത  രുചികരമായ  ഭക്ഷണം  തീന്മേശയിൽ  എത്തും .
മനോഹരമായ  ഇടനാഴിയുടെ  തുടക്കത്തിൽ തന്നെയാണ്  ബോട്ടിൻറ്റെ  മുകൾത്തട്ടിലേക്ക്  നയിക്കുന്ന  തടിയിൽ  തീർത്ത  പടിക്കെട്ടുകൾ  .ഈ പടിക്കെട്ടുകൾ  കയറി  മുകൾത്തട്ടിൽ  എത്തിയാൽ  ചെറുതും  എന്നാൽ  വിശാലവുമായ  ഒരു  ഹാളാണ് .അവിടെയും  കസേരകളും  മാറ്റ്  സജ്ജീകരണങ്ങളുമുണ്ട്  .ഹാളിൻറ്റെ  ഏറ്റവും  അറ്റത്തായി  കിടക്കയോട്  സമാനമായ  സോഫ  ക്രമീകരിച്ചിരിക്കുന്നു .ഇവിടെ  കിടന്നുകൊണ്ട്  കായൽക്കാഴ്ചകൾ  ആസ്വദിക്കാം .
കായൽ പരപ്പിലൂടെ  ഒഴുകി നീങ്ങുന്ന  മനോഹരമായ  ഈ  ഹൗസ്  ബോട്ടിലിരുന്ന്  കായൽക്കാഴ്ചകൾ  കാണുക  എന്നത് ഒരു  പ്രത്യേക  അനുഭൂതിയാണ് .
കവണാറിൻറ്റെ  ഇരുകരകളിലും  കുടപിടിച്ചുനിൽക്കുന്ന  ഹരിത കേരങ്ങൾ,
അതിനുമപ്പുറം  വയലേലകളുടെ  ഹരിത  സമൃദ്ധി ....ഇതിനെല്ലാമിടയിൽ  നാട്ടിൻപുറത്തിന്റെ  നന്മകൾ  നിറഞ്ഞ  നാടുവാഴികൾ .....
ഗ്രാമ ജീവിതത്തിൻറ്റെ  ശുദ്ധതയെ  തൊട്ടുരുമി  വേമ്പനാട്  കായലിൻറ്റെ  ഹൃദയത്തിലേക്ക്  കടന്നാൽ  വിശാലമായ  ജലപ്പരപ്പിൻറ്റെ  വിവരിക്കാൻപറ്റാത്ത  സൗന്ദര്യം ....
   തടസങ്ങളൊന്നുമില്ലാതെ  വീശിയടിക്കുന്ന  കായൽക്കാറ്റിൻറ്റെ  കുളിരലകൾ  ...
പല  ഹൗസ്  ബോട്ടുകളും  രാത്രികാലങ്ങളിൽ  സഞ്ചാരികളെയും കൊണ്ട്  കായലിൻറ്റെ   നടുവിൽ  നങ്കൂരമിടാറുണ്ടത്രെ ....
നിലാവുപെയ്യുന്ന  വേനൽ  രാത്രികളിൽ  വിശാലമായ  കായലിൻറ്റെ  നടുവിൽ  ഒരു രാത്രി .
ചുറ്റും  നിശ്ചലമായ  ജലപ്പരപ്പിൻറ്റെ  അപാരത ....മുകളിൽ  നക്ഷത്രങ്ങൾ  വിരിഞ്ഞ  ആകാശത്തിൻറ്റെ  ദൃശ്യവിസ്‌മയം .....ഒരു കിനാവിൻറ്റെ  ചാരുത പോലെ  സുന്ദരമായ  രാത്രി ....
പക്ഷെ  ആ  സുന്ദര  രാത്രിക്കുവേണ്ടി  കാത്തുനിൽക്കാതെ  വെയിൽ  ആറുന്നതിനുമുമ്പു  ഞങ്ങളുടെ  ബോട്ട്  കരയ്ക്കടുത്തു .
ഇനി  തിരയൊഴിഞ്ഞ  കായൽ  തീരങ്ങളിലൂടെ  സ്വപ്ന തുല്യമായ യാത്രയുടെ  ഓർമകളുമായി  ഒരു  മടക്കയാത്ര
.
സ്നേഹപൂർവ്വം
ഗിരീഷ്  മാന്നാനം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ