2018, ജനുവരി 31, ബുധനാഴ്‌ച

Kumarakom - വേമ്പനാട് തീരത്തെ വേനൽ സ്മൃതികൾ ...

ഒരു  മദ്ധ്യവേനൽ  അവധിക്കാലത്താണ്  കുമരകം  എന്ന  കായലോര  സുഖവാസ  കേന്ദ്രത്തിൽ  ഞങ്ങൾ  എത്തിയത് .
കേരവൃക്ഷങ്ങൾ  തണൽ വിരിക്കുന്ന  കായലോരങ്ങൾ ....
സമൃദ്ധിയുടെ  ഹരിതാഭ  നിറഞ്ഞ  വയലേലകൾ .....
നോക്കെത്താ ദൂരത്തോളം  പരന്നുകിടക്കുന്ന  വേമ്പനാട്  കായലിൻറ്റെ  ദൃശ്യവിസ്മയങ്ങൾ ....
കായലോരത്തെ  കണ്ടൽക്കാടിൻറ്റെ  കുളിർ തേടിയെത്തുന്ന  ദേശാടന പക്ഷികൾ  .....
കായൽ  മത്സ്യങ്ങളുടെ   രുചിഭേദങ്ങൾ .....
പിന്നെ  കായൽപ്പരപ്പിൻറ്റെ  നിറഭേദങ്ങളറിഞ്  ,കായൽക്കാറ്റിൻറ്റെ  കുളിർ നുകർന്ന്   ഒരു  ബോട്ടുയാത്ര  ....
അതെ  , ഇതെല്ലാമാണ്  വേമ്പനാട്  കായൽത്തീരത്തെ  കുമാരകമെന്ന  മനോഹര  ഗ്രാമത്തെ  സഞ്ചാരികളുടെ  പറുദീസയാക്കി  മാറ്റുന്നത് .
 ഏതാണ്ട്  14 കിലോമീറ്റർ  വീതിയും  97 കിലോമീറ്റർ  നീളവുമുള്ള  വേമ്പനാട് കായൽ  ഇന്ത്യയിലെ  ഏറ്റവും  നീളം  കൂടിയതും  കേരളത്തിലെ  ഏറ്റവും  വലുതുമായ  ലവണ ജലതടാകങ്ങളിൽ  ഒന്നാണ് . വേമ്പനാട്  കായൽ  തീരങ്ങളെ   ഹരിതസമൃദ്ധമാക്കി  കുമാരകമെന്ന  മനോഹര  ഗ്രാമം  സ്ഥിതിചെയ്യുന്നു .......കേരളത്തിൻറ്റെ  അക്ഷര നാഗരിയായായ  കോട്ടയത്തുനിന്നും  ഏതാണ്ട്  16 കിലോമീറ്റർ  അകലെ  ....
വേനലിൻറ്റെ  വറുതിയിലും  ഇവിടെ  കായൽക്കാറ്റിൻറ്റെ   കുളിർമ നുകരാം ..
കായൽക്കാറ്റേറ്റ്‌  മധുരക്കള്ളിന്റെ  മധു  നുകരാം .....
കക്കയും  ,കൊഞ്ചും , കരിമീനും  ഉൾപ്പെടെയുള്ള  കായൽ  വിഭവങ്ങളുടെ  സ്വാദറിയാം  .....
പച്ചപ്പട്ടണിഞ്ഞ  നെൽവയലുകൾക്കു  നടുവിൽ നിന്ന്  കൊയ്ത്തു പാട്ടിൻറ്റെ  ഈണങ്ങൾക്കു  കാതോർക്കാം ....
വഞ്ചിപ്പാട്ടിൻറ്റെ   വരികൾക്കിടയിലെ  വർണാഭമായ  കാഴ്ചകൾ  കാണം ....
പിന്നെ  കൊതുമ്പുവള്ളം  തുഴഞ്ഞുപോകുന്ന  നാട്ടിൻപുറത്തിന്റെ  വിശുദ്ധികാണാം  .....
 എൻറ്റെ  കൗമാര സ്വപ്‌നങ്ങളുടെ  കളിനിലമായിരുന്നു   കുമരകത്തെ  കായലോരങ്ങൾ  ; പക്ഷെ  ഭാര്യ  ലളിതാംബികയ്ക്കും  മക്കൾ  അരുന്ധതിക്കും ,അതീന്ദ്രയ്ക്കും  കായൽ  തീരങ്ങളും  ഇവിടുത്തെ  ഹരിത സമൃദ്ധിയും  പുതിയ  ഒരു  അനുഭവമായിരുന്നു ...
കോട്ടയത്തുനിന്നും  താഴത്തങ്ങാടിയും , അയ്‌മനവും  പിന്നിട്ട്  മീനച്ചിലാറിന്റെ  തീരങ്ങളിലൂടെ  ഒരു  യാത്ര ...
അയ്‌മനം  എന്ന  ഗ്രാമ വിശുദ്ധിയിലൂടെ  കടന്നുപോകുമ്പോൾ  മകൾ  അരുന്ധതി  ചോദിക്കുന്നുണ്ടായിരുന്നു
" അരുന്ധതി  റോയിയുടെ  നാടല്ലേ  ഇത്  ? "
 ഒരുനിമിഷം  ഞാനൊന്ന്  അമ്പരന്നു ....അരുന്ധതി റോയിയും  , 
'ഗോഡ്  ഓഫ്  സ്മാൾ  തിങ്‌സു'മെല്ലാം  മനസിലൂടെ  മിന്നിമറഞ്ഞു ....
മീനച്ചിലാറിൻറ്റെ  തീരങ്ങളിൽ  പാലാട്ട് അച്ചാറിൻറ്റെ  മണം പരക്കുന്നത്  ഞാനറിഞ്ഞു ...റാഹേലും , എസ്തപ്പാനും , അമ്മുവും , വെളുത്തയും , ബേബിക്കൊച്ചമ്മയുമെല്ലാം  മീനച്ചിലാറിൻറ്റെ  തീരങ്ങളിൽ  നിരന്നു നിൽക്കുന്നതുപോലെ  എനിക്കു തോന്നി ...
മകളുടെ  ഓർമ്മപ്പെടുത്തൽ  എന്നെ  ശരിക്കും  അത്ഭുതപ്പെടുത്തി  .ഞാൻ  അവളോട്  പറഞ്ഞു :
"അരുന്ധതി റോയിക്കു  'ബുക്കർ പ്രൈസ്'  ലഭിച്ചു  ഒരു വര്ഷം കഴിഞ്ഞാണ്  നീ  ജനിച്ചത് ....അതുകൊണ്ടാണ്  നിനക്ക്  ഞാൻ  അരുന്ധതി  എന്ന് പേരിട്ടത്.
  ആ  രഹസ്യം  കേട്ടപ്പോൾ  മകളുടെ  മുഖത്ത് വിരിഞ്ഞത്  'ബുക്കർ പ്രൈസ്' ലഭിച്ച സന്തോഷമാണ് ....
കുളിർക്കാറ്റേറ്റ്‌  വയലേലകൾക്കു  നടുവിലൂടെയുള്ള  യാത്ര  കുട്ടികൾക്ക്  നന്നേ  ബോധിച്ചു .
കുമരകത്തിൻറ്റെ  ഹൃദയമായ  ചന്തക്കവലയിൽ  എത്തിയപ്പോൾ  നേരിയ  തിരക്കനുഭവപ്പെട്ടു .ഗ്രാമത്തിൻറ്റെ  ജീവവാഹിനിയായ  പുഴ  ഇരുകാരകളെയും  മുറിച്ചു  ചന്തക്കവലയുടെ  ഹൃദയത്തിലൂടെ  ഒഴുകുന്നു .ഒരുകരയിൽ  കച്ചവട  സ്ഥാപനങ്ങൾ  മറുകരയിൽ  സ്‌കൂളുകളും  ആരാധാനാലയങ്ങളും   താമസസ്ഥലങ്ങളും  ....പണ്ടൊക്കെ  വള്ളങ്ങളിൽ  കച്ചവട  സാധനങ്ങളുമായി  കച്ചവടക്കാർ  ഈ  പുഴയിലൂടെ  എത്തിയിരുന്നു .പക്ഷെ ഇന്ന്  അപൂർവം  ചില  മീൻ കച്ചവടക്കാരെ  മാത്രമേ  പുഴയിൽ  കാണാനായുള്ളു .
ഈ  പുഴയിലാണ്  ശ്രീ നാരായണ  ജയന്തിയോട്  അനുബന്ധിച്ചു    വർണാഭമായ  കുമരകം  ജലമേള  നടക്കുന്നത് .നിരവധി  കളി ഓടങ്ങൾ  പങ്കെടുക്കുന്ന  പ്രസിദ്ധമായ  കുമരകം  ബോട്ട് റൈസ്  ഈ  ജലമേളയുടെ  ഭാഗമാണ് .
പുഴയുടെ  തീരങ്ങളിൽ  സഞ്ചാരികൾക്കായി  പുതിയ  റിസോർട്ടുകളും  ഹോട്ടലുകളും  രൂപപ്പെട്ടു  കഴിഞ്ഞിരിക്കുന്നു .
ചന്തക്കവലയും  പിന്നിട്ട്  കുമരകം  ബോട്ട് ജെട്ടിയിൽ  എത്തുമ്പോൾ  വിശാലമായ  വേമ്പനാട്  കായൽ  ദൃശ്യമായിത്തുടങ്ങും . ഇവിടെനിന്നും  കേരളാ  വാട്ടർ  ട്രാൻസ്‌പോർട്ട്  ഡിപ്പാർട്ടുമെൻറ്റിൻറ്റ്   വക  യാത്രാ ബോട്ടുകൾ  കായൽ പ്പരപ്പിലൂടെ  കുമാരകത്തെയും  ആലപ്പുഴ  ജില്ലയിലെ  മുഹമ്മയെയും  ബന്ധിപ്പിച്ചു  സർവീസ്  നടത്തുന്നു .
ബോട്ടു ജെട്ടിയെ  കായലുമായി  ബന്ധിപ്പിക്കുന്ന പുഴയിലൂടെ  ഒഴുകിനീങ്ങുന്ന  ബോട്ടുകൾ ....
പുഴയോരത്തെ  ഫലസമൃദ്ധമായ  കേരവൃക്ഷങ്ങൾ .....
പുഴകടന്നെത്തുന്ന  കായൽക്കാറ്റിൻറ്റെ  കുളിരലകൾ .....
എല്ലാം  കുട്ടികൾ  ആസ്വദിക്കുന്നുണ്ടായിരുന്നു .

പക്ഷെ  അപ്പോഴും  ഒരു  മഹാ  ദുരന്തത്തിൻറ്റെ  ഓർമ്മകൾ  എന്നെ  അസ്വസ്ഥനാകുന്നുണ്ടായിരുന്നു .....2002  ജൂലൈ  27 ന്  വേമ്പനാട് കായൽ തീരത്തെ  കണ്ണീർ ക്കടലാക്കിയ  ഒരു  മഹാ ദുരന്തത്തിൻറ്റെ  ഓർമ്മകൾ ....
മുഹമ്മയിൽ  നിന്നും  ഏതാണ്ട്  300 ഓളം  യാത്രക്കാരുമായി  കുമാരകത്തേക്കു  വന്ന  കേരളാ വാട്ടർ  ട്രാൻപോർട്ട്  ഡിപ്പാർട്ട്മെൻറ്റ്  വക യാത്രാ ബോട്ട്  കുമരകം  ജെട്ടിക്കു സമീപം  കായലോളങ്ങളിൽ  മുങ്ങിത്താണു . പതിനാലു സ്ത്രീകളും  രണ്ടു കുട്ടികളും  ഉൾപ്പെടെ  ഏതാണ്ട്  29 ഓളം ജീവനുകളാണ്  അന്ന്  ഈ  കായലോളങ്ങളിൽ  പിടഞ്ഞുമരിച്ചത് .
കായലോളങ്ങളിൽ  മുങ്ങിത്താണ   ഹതഭാഗ്യരുടെ  ജീവനുവേണ്ടിയുള്ള  അവസാന  നിലവിളികൾ  കായൽക്കാറ്റിൽ   ഇപ്പോഴും  അലയടിക്കുന്നതായി  എനിക്കുതോന്നി ....
കുട്ടികളുടെ  സന്തോഷത്തിനു  ക്ഷതമേൽപ്പിക്കാതെ  നൊമ്പരപ്പെടുത്തുന്ന  ഓർമകളിൽ  നിന്നും  കണ്ണിനേയും  മനസിനേയും  ഞാൻ  പിൻവലിച്ചു .
ആ ഓർമകളുടെ  നൊമ്പരങ്ങൾ  വെച്ചൊഴിഞ്ഞത്  കുമരകം  ജെട്ടിക്കു  സമീപമുള്ള  ശ്രീ  കുമാരമംഗലം  സുബ്രഹ്മണ്യ സ്വാമി   ക്ഷേത്രത്തിൻറ്റെ  പടിക്കലാണ് .
വേമ്പനാടുകായലിൻറ്റെ  വിളിപ്പാടകലെ  പുഴയോരത്തെ  ഹരിത സമൃദ്ധിയിൽ  സ്ഥിതിചെയ്യുന്ന  മനോഹരമായ  ക്ഷേത്രം .ഏതാണ്ട്  100 വർഷത്തിലേറെ  പഴക്കമുള്ള  ഈ  പുണ്ണ്യ ക്ഷേത്രം  1903 ൽ  ശ്രീ നാരായണ  ഗുരു ദേവനാൽ  സ്ഥാപിക്കപ്പെട്ടതാണ് .
ക്ഷേത്രത്തിനു  മുന്നിലുള്ള  പുഴയിൽ  ചെറുതും  വലുതുമായ  ഹൗസ് ബോട്ടുകൾ  സ്ഥാനം  പിടിച്ചിരിക്കുന്നു .
ബോട്ടുജെട്ടിയിൽ  നിന്നും  ഞങ്ങൾ  പോയത്  പള്ളിച്ചിറ  എന്ന  ഗ്രാമഹൃദയത്തിലേക്കാണ് .ക്രിസ്ത്യൻ  പള്ളികൾ  സ്ഥിതിചെയ്യുന്ന  തുരുത്തായതുകൊണ്ടാവും   ഈ  പ്രദേശത്തിന്  പള്ളിച്ചിറ  എന്ന  പേരുവന്നത് .
കായലോരങ്ങളെ   തൊട്ടുരുമി നിൽക്കുന്ന  ബേദൽഹെം ചർച്ചിൻറ്റെ  സമീപത്ത് നിന്നുള്ള  കായൽ  കാഴ്ചകൾ  മനോഹരമായിരുന്നു .
കായലിൻറ്റെ   ഓളപ്പരപ്പുകളിൽ  തെന്നി നീങ്ങുന്ന  ചെറുവള്ളങ്ങൾ  .....
അങ്ങിങ്ങായി  കാണുന്ന  പച്ചത്തുരുത്തുകൾ ....
തെങ്ങോലത്തലപ്പുകൾക്ക്   മുകളിലൂടെ  പറന്നു നീങ്ങുന്ന  പക്ഷി കൂട്ടങ്ങൾ...
പക്ഷെ  കുട്ടികളെ  ഏറെ  ആകർഷിച്ചത്  ഏതാണ്ട്  ആറടിയോളം  ഉയരത്തിൽ  സ്വർണ വർണ  കുലകളുമായി  നിൽക്കുന്ന  ഗൗളി ഗാത്ര  തെങ്ങുകളാണ്  .
അവർ  തെങ്ങിൻ  കുലകളിൽ  തലോടി  അവരുടെ  ആഹ്ലാദം  അറിയിച്ചു . അതിനിടയിൽ  പച്ചത്തുരുത്തിനു  നടുവിലെ  കൊച്ചു കവുങ്ങിൽ  ചാടിക്കയറാനും  അതീന്ദ്ര  മറന്നില്ല .
പള്ളിച്ചിറയിൽ  നിന്നും  കുമാരകത്തിൻറ്റെ  ഗ്രാമ സൗഭാഗ്യങ്ങളിലൂടെ  വീണ്ടും  ഒരു  യാത്ര ......കുമരകം  ടൂറിസ്റ്റ്  സങ്കേതത്തിൻറ്റെ സിരാകേന്ദ്രമായ കവണാ റിൻ  തീരത്തേക്ക് ....
കവണാറ്റിൻ കരയിൽ  കേരളാ ടൂറിസ്റ്  ഡെവലപ്പ് മെൻറ്റ്  കോർപറേഷൻ (KTDC ) വക  ബാക്ക് വാട്ടർ  റിസോർട്ടും  പക്ഷി സങ്കേതവുമാണ്  ഞങ്ങളെ  വരവേൽറ്റത് .
കവണാറിൻറ്റെ  ഓളങ്ങളിൽ  സഞ്ചാരികളെ  കാത്തുകിടക്കുന്ന  ചെറുതും  വലുതുമായ  നിരവധി  ഹൗസ് ബോട്ടുകൾ ....കായൽപ്പരപ്പിൽ  ഒഴുകി നീങ്ങുന്ന  ചെറിയ  ആഡംബര ഭവനങ്ങൾ ....
ബാക് വാട്ടർ  റിസോർട്ടിന്  സമീപം  തന്നെയാണ്  പ്രസിദ്ധമായ  കുമരകം  പക്ഷി  സങ്കേതം .കവണാറിൻറ്റെ  ഹരിത തീരങ്ങളിലായി ഏതാണ്ട്  14  കിലോമീറ്റർ  വിസ്തൃതിയിൽ  കായൽ തീരങ്ങളെ  തൊട്ടുരുമി  പക്ഷിസങ്കേതം  വ്യാപിച്ചുകിടക്കുന്നു  .
കണ്ടൽക്കാടുകളുടെ  സമൃദ്ധിയും  വൃക്ഷ  ലതാതികളും  നിറഞ്ഞ  ഈ  ഹരിത തീരങ്ങൾ  സൈബീരിയൻ  കൊക്കുകൾ  ഉൾപ്പെടെയുള്ള  നിരവധി  ദേശാടന പക്ഷികളുടെ  ആവാസകേന്ദ്രമാണ് .
ജോർജ്  ആൽഫ്രഡ്‌  ബേക്കർ ൻറ്റെ  ഉടമസ്ഥതയിൽ  ഉണ്ടായിരുന്ന  റബ്ബർ എസ്റ്റേറ്റ്  ആണ്  പിന്നീട്  പക്ഷിസങ്കേതവും  ടൂറിസ്റ്റ്  കോപ്ലക്‌സുമെല്ലാമായി  വികസിച്ചത് . 'കാരീ സായിപ്പ് ' എന്ന്  നാട്ടുകാർ  വിളിച്ചിരുന്ന  ബേക്കർ  സായിപ്പിന്റെ  സ്മരണകളുമായി  ഇപ്പോഴും  ദേശാടന പക്ഷികൾ  കാതങ്ങൾ താണ്ടി   കടൽ കടന്ന്   ഇവിടെയെത്തുന്നു  ..
..
കായൽ കാറ്റേറ്റ്  , കാടിൻറ്റെ  കുളിരറിഞ്ഞു ,കാഴ്ചയുടെ  വിരുന്നൊരുക്കുന്ന  ദേശാടന  പക്ഷികളെക്കണ്ട്  കായൽകാഴ്ചയുടെ  തീരങ്ങളിലൂടെ  ഒരു യാത്ര .
   പക്ഷി സങ്കേതത്തിൻറ്റെ  കുളിർ നിലങ്ങളിൽ  നിന്നും  പുറത്തു കടക്കുമ്പോൾ  വേമ്പനാട്  കായൽ തീരത്ത്  വെയിൽ  കനത്തുതുടങ്ങി ...എങ്കിലും  കായൽക്കാറ്റിൻറ്റെ   കുളിരലകളിൽ  ചൂടറിയുന്നില്ല .
 കവണാറിൻ   തീരത്ത്  കായൽപ്പരപ്പിലേക്ക്  ഒഴുകാൻ  തയ്യാറായി നിൽക്കുന്ന  നിരവധി  ഹൗസ് ബോട്ടുകൾ ....
സത്യത്തിൽ  ഈ  ഹൗസ് ബോട്ടുകളാണ്  വേമ്പനാട്  കായൽ  തീരത്തെ  പ്രധാന ആകർഷണം .യാത്രക്കാരൻറ്റെ  കീശയുടെ  ഘനമനുസരിച്ചു സാധാരണ  ബോട്ടുകൾ  മുതൽ  അത്യാഢംബര പൂർണമായ  ബോട്ടുകൾ വരെ   ലഭ്യമാണ് . പഴയകാലത്തെ  കെട്ടുവള്ളങ്ങളാണ്  രൂപഭേദങ്ങൾ  സംഭവിച്ചു  ഹൗസ് ബോട്ടുകളായി  പരിണമിച്ചത് .
അത്യാവശ്യം  ആഡംബരങ്ങൾ  ഉള്ള  ഒരു  ഇടത്തരം  ബോട്ടാണ്  ഞങ്ങൾ  യാത്രയ്ക്കായി   തിരഞ്ഞെടുത്തത് . കുട്ടികൾ  ബോട്ടിനുള്ളിൽ  പ്രവേശിച്ചത് തന്നെ  അത്ഭുതത്തോടെയാണ് .വെള്ളത്തിൽ  ഒഴുകി നീങ്ങുന്ന  മനോഹരമായ  ഒരു  വീടിനുള്ളിൽ  കയറിയ  ആഹ്ലാദമായിരുന്നു  അവർക്ക് .
കയറിച്ചെല്ലുന്നതു തന്നെ  ഇരിപ്പാടങ്ങളിട്ടു  മനോഹരമാക്കിയ  സ്വീകരണ  മുറിക്കു  സമാനമായ  ചെറിയ ഹാളിൽ .ഡൈനിങ്  ടേബിളും  ചെയറുമെല്ലാം  അതിൻറ്റെ  ഓരത്ത്  സജ്ജീകരിച്ചിരിക്കുന്നു .LED ടിവിയും  AC  യുമുൾപ്പെടെയുള്ള  എല്ലാ ആധുനിക സൗകര്യങ്ങളും അവിടെയുണ്ട് .
ഹാളിൽ  നിന്നും  മനോഹരമായ  ഇടനാഴി  നയിക്കുന്നത്  ബെഡ് റൂമിലേക്കാണ് .ഒരു  ചെറിയ കുടുംബത്തിന്  താമസിക്കാൻ  പാകത്തിൽ  മനോഹരമായി  സജ്ജീകരിച്ചിരിക്കുന്ന  കിടപ്പുമുറി .കിടപ്പുമുറിയോടു ചേർന്ന് തന്നെ  ആധുനിക  സൗകര്യങ്ങളുള്ള  ടോയിലറ്റും  സജ്ജീകരിച്ചിരിക്കുന്നു .
കിടപ്പുമുറിക്ക്  പുറത്ത്  ഇടനാഴിയിൽ  തന്നെ  മനോഹരമായ  വാഷ് ബേസിൻ  ക്രമീകരിച്ചിരിക്കുന്നു . അതിനുമപ്പുറമാണ്  ചെറിയ  അടുക്കള . യാത്രക്കാരുടെ  താൽപ്പര്യമനുസരിച്  ഈ അടുക്കളയിൽ  പാകം ചെയ്‌ത  ചൂടുമാറാത്ത  രുചികരമായ  ഭക്ഷണം  തീന്മേശയിൽ  എത്തും .
മനോഹരമായ  ഇടനാഴിയുടെ  തുടക്കത്തിൽ തന്നെയാണ്  ബോട്ടിൻറ്റെ  മുകൾത്തട്ടിലേക്ക്  നയിക്കുന്ന  തടിയിൽ  തീർത്ത  പടിക്കെട്ടുകൾ  .ഈ പടിക്കെട്ടുകൾ  കയറി  മുകൾത്തട്ടിൽ  എത്തിയാൽ  ചെറുതും  എന്നാൽ  വിശാലവുമായ  ഒരു  ഹാളാണ് .അവിടെയും  കസേരകളും  മാറ്റ്  സജ്ജീകരണങ്ങളുമുണ്ട്  .ഹാളിൻറ്റെ  ഏറ്റവും  അറ്റത്തായി  കിടക്കയോട്  സമാനമായ  സോഫ  ക്രമീകരിച്ചിരിക്കുന്നു .ഇവിടെ  കിടന്നുകൊണ്ട്  കായൽക്കാഴ്ചകൾ  ആസ്വദിക്കാം .
കായൽ പരപ്പിലൂടെ  ഒഴുകി നീങ്ങുന്ന  മനോഹരമായ  ഈ  ഹൗസ്  ബോട്ടിലിരുന്ന്  കായൽക്കാഴ്ചകൾ  കാണുക  എന്നത് ഒരു  പ്രത്യേക  അനുഭൂതിയാണ് .
കവണാറിൻറ്റെ  ഇരുകരകളിലും  കുടപിടിച്ചുനിൽക്കുന്ന  ഹരിത കേരങ്ങൾ,
അതിനുമപ്പുറം  വയലേലകളുടെ  ഹരിത  സമൃദ്ധി ....ഇതിനെല്ലാമിടയിൽ  നാട്ടിൻപുറത്തിന്റെ  നന്മകൾ  നിറഞ്ഞ  നാടുവാഴികൾ .....
ഗ്രാമ ജീവിതത്തിൻറ്റെ  ശുദ്ധതയെ  തൊട്ടുരുമി  വേമ്പനാട്  കായലിൻറ്റെ  ഹൃദയത്തിലേക്ക്  കടന്നാൽ  വിശാലമായ  ജലപ്പരപ്പിൻറ്റെ  വിവരിക്കാൻപറ്റാത്ത  സൗന്ദര്യം ....
   തടസങ്ങളൊന്നുമില്ലാതെ  വീശിയടിക്കുന്ന  കായൽക്കാറ്റിൻറ്റെ  കുളിരലകൾ  ...
പല  ഹൗസ്  ബോട്ടുകളും  രാത്രികാലങ്ങളിൽ  സഞ്ചാരികളെയും കൊണ്ട്  കായലിൻറ്റെ   നടുവിൽ  നങ്കൂരമിടാറുണ്ടത്രെ ....
നിലാവുപെയ്യുന്ന  വേനൽ  രാത്രികളിൽ  വിശാലമായ  കായലിൻറ്റെ  നടുവിൽ  ഒരു രാത്രി .
ചുറ്റും  നിശ്ചലമായ  ജലപ്പരപ്പിൻറ്റെ  അപാരത ....മുകളിൽ  നക്ഷത്രങ്ങൾ  വിരിഞ്ഞ  ആകാശത്തിൻറ്റെ  ദൃശ്യവിസ്‌മയം .....ഒരു കിനാവിൻറ്റെ  ചാരുത പോലെ  സുന്ദരമായ  രാത്രി ....
പക്ഷെ  ആ  സുന്ദര  രാത്രിക്കുവേണ്ടി  കാത്തുനിൽക്കാതെ  വെയിൽ  ആറുന്നതിനുമുമ്പു  ഞങ്ങളുടെ  ബോട്ട്  കരയ്ക്കടുത്തു .
ഇനി  തിരയൊഴിഞ്ഞ  കായൽ  തീരങ്ങളിലൂടെ  സ്വപ്ന തുല്യമായ യാത്രയുടെ  ഓർമകളുമായി  ഒരു  മടക്കയാത്ര
.
സ്നേഹപൂർവ്വം
ഗിരീഷ്  മാന്നാനം

2018, ജനുവരി 18, വ്യാഴാഴ്‌ച

DEVPRAYAG - ഇത് ദേവസംഗമ ഭൂമി .....

           

ഇത്  ദേവപ്രയാഗ് ....
തിബത്തൻ  അതിർത്തികളിലെ  കുളിരലകളുമായി അൾകാപുരിയിൽ നിന്നും  ഉത്ഭവിക്കുന്ന  അളകനന്ദയും  ഹിമഗിരികളുടെ  വിശുദ്ധിയുമായി  ഗംഗോത്രിയിൽ  നിന്നും ഉത്ഭവിക്കുന്ന  ഭാഗീരഥി  നദിയും  സംഗമിച്ചു  വിശുദ്ധ  ഗംഗയായി  പരിണമിക്കുന്നത്  ഇവിടെ .....
മുപ്പത്തി മുക്കോടി  ദേവകളും  സാക്ഷ്യം  വഹിച്ച  പുണ്ണ്യ സംഗമം ....
ഗിദ്ധനാഞ്ചൽ  ,  ,ദശരഥനാഞ്ചൽ ,  നരസിംഹൻചാൽ  എന്നീ  മൂന്നു  പർവ്വതനിരകൾ  അതിരുകാക്കുന്ന  പുണ്ണ്യ  തീർത്ഥം ...
ദേവഭൂമി  ഉത്തരാഖണ്ഡിലെ  വിശുദ്ധ നദികളുടെ  പഞ്ചസംഗമങ്ങളിൽ  ഒന്നാണ്  ദേവപ്രയാഗ്  ..... അളകനന്ദ  നദിയുടെ  അവസാനത്തെ  സംഗമസ്ഥലമാണിത് .
ശിവാലിക്ക്  കുന്നുകളുടെ  താഴ്വരയിലെ  വിശുദ്ധ  നഗരമായ  ഋഷികേശിൽ  നിന്നും ഏതാണ്ട്  74 കി .മീ അകലെ ....
2016 ലെ  വസന്താരംഭത്തിൽ , ഉത്തരാഖണ്ഡിലെ  ഹിമാലയൻ  മലനിരകളിൽ   സ്ഥിതിചെയ്യുന്ന  ബദരീനാഥിലേക്കുള്ള  യാത്രാമദ്ധ്യേയാണ്   ഞങ്ങൾ  ദേവപ്രയാഗിൽ  എത്തിയത്  .
ഋഷികേശിൽ  നിന്നും  തിബത്തൻ  അതിർത്തിയിൽ  സ്ഥിതിചെയ്യുന്ന  ഇന്ത്യയുടെ  അവസാനത്തെ  ഗ്രാമമായ  'മാന ' വരെ  നീണ്ടുപോകുന്ന  നാഷണൽ  ഹൈവേ  58  ലൂടായിരുന്നു   ഞങ്ങളുടെ  യാത്ര.
ദേവപ്രയാഗിൻറ്റെ  തീരങ്ങളിൽ  വെയിൽ  തിളയ്ക്കുന്ന  ഒരു  നട്ടുച്ച . നാഷണൽ ഹൈവേ  58 ൻറ്റെ  ഓരത്ത്  ഞങ്ങൾ  വാഹനമൊതുക്കി .
ഉത്തരാഖണ്ഡിലെ  തെഹ്‌രി  ഗർവാൾ  ഡിസ്ട്രിക്ടിൽ പ്പെട്ട ചെറുപട്ടണമാണ്  ഇന്ന്  ദേവപ്രയാഗ് . പട്ടണത്തിൻറ്റെ  പ്രൗഡി ഒന്നും  ഇല്ലെങ്കിലും  ഗർവാൾ  ഗ്രാമത്തിൻറ്റെ   വിശുദ്ധി  ഇവിടെ  നിലനിൽക്കുന്നു .
റോഡിൽ  നിന്നുതന്നെ  കാണാം   മലയടിവാരത്തെ  ദേവസംഗമത്തിന്റെ  ഭ്രമിപ്പിക്കുന്ന  കാഴ്ച്ച ...അളകനന്ദയും  ഭാഗീരഥിയും  ഒന്നിച്ചു  ഗംഗയായി  പരിണമിക്കുന്ന  മനോഹര  കാഴ്ച്ച  .... 
ദേവപ്രയാഗിൻറ്റെ   തീരങ്ങളിൽ  മലമുകളിലെ  ഗ്രാമത്തിൻറ്റെ   ഉത്തംഗമായ  ഭാഗത്താണ്  പടുകൂറ്റൻ  കരിങ്കല്ലിൽ  തീർത്ത  പ്രസിദ്ധമായ  രഘുനാഥ് ജി  ക്ഷേത്രം  സ്ഥിതിചെയ്യുന്നത്  . ക്ഷേത്രത്തിൻറ്റെ   വിദൂരദർശനം   ദേവപ്രയാഗിൻറ്റെ   തീരങ്ങളിലേക്ക്  സ്വാഗതമരുളുന്നു ...
പ്രസിദ്ധമായ  ഈ  ശ്രീ രാമ ക്ഷേത്രത്തിന്റെ  ചരിത്രം  ആദിഗുരു  ശ്രീ  ശങ്കരാചാര്യരുമായി    ബന്ധപ്പെട്ടുകിടക്കുന്നു .....ശ്രീ  ശങ്കരാചാര്യരുടെ  ആസേതു  ഹിമാചലം  വരെയുള്ള  യാത്രയ്ക്കിടയിൽ  ദേവപ്രയാഗിൻറ്റെ   തീരത്ത്  അദ്ദേഹം  ശ്രീ  രാമ പ്രതിഷ്‌ഠ  നടത്തിയത്രെ  .... അതാണ്  ഇന്നുകാണുന്ന  രഘുനാഥ് ജി  ക്ഷേത്രം ...
ഈ  യാത്രയിൽ  ദക്ഷിണേന്ത്യയിൽ  നിന്നുമുള്ള  ചില  ബ്രാഹ്മണ  പണ്ഡിതരും  ഇദ്ദേഹത്തെ  അനുഗമിച്ചിരുന്നുവത്രെ .
അന്നത്തെ  ഗർവാൾ  രാജാവാണ്  ക്ഷേത്രം  നിർമിച്ചതെന്നും  ആദി ശങ്കരനൊപ്പം  എത്തിയ  പണ്ഡിത   ശ്രേഷ്ഠരെ  ഈ  ക്ഷേത്രത്തിൽ  പൂജയ്ക്കായി  നിയോഗിച്ചുവെന്നും  ചരിത്രം . ഈ ബ്രാഹ്മണരെയാണ്  പിന്നീട്  പാണ്ഡകൾ  എന്ന്  അറിയപ്പെട്ടു  തുടങ്ങിയത് .
ജഗത് ഗുരു ശ്രീ  ശങ്കരാചാര്യരാൽ  സ്ഥാപിക്കപ്പെട്ട  ബദരീനാഥ്‌  ഉൾപ്പെടെയുള്ള  ക്ഷേത്രങ്ങളിൽ  ഇന്നും  പൂജകൾ  നടത്തുന്നത്  ഈ  പാണ്ഡ പരമ്പരകളാണ്  . അതുകൊണ്ടുതന്നെ  ദേവപ്രയാഗ്  പാണ്ഡകളുടെ (പൂജാരികളുടെ ) വാസസ്ഥലം  കൂടിയാണ് .അതിശൈത്യത്തിൽ  ബദരീനാഥ്‌  ഉൾപ്പെടെയുള്ള  ക്ഷേത്രങ്ങൾ അടച്ചിടുന്നു  സമയത്ത്  പാണ്ഡകൾ   കൂട്ടത്തോടെ  സ്വന്തം  വാസസ്ഥലമായ  ദേവപ്രയാഗിൽ  എത്തുന്നു  .മഞ്ഞുരുകി  ക്ഷേത്രങ്ങൾ  തുറന്നുകഴിഞ്ഞു  മാത്രമേ  വീണ്ടും  ഇവർ  മലകയറുകയുള്ളു .
 നാഷണൽ  ഹൈവേയിൽ  നിന്നും  പൂജാദ്രവ്യങ്ങൾ  വിൽക്കുന്ന  ഒരു  ഇടുങ്ങിയ  തെരുവിലൂടാണ്  ഞങ്ങൾ  ദേവപ്രയാഗിന്റെ  തീരങ്ങളിലേക്ക്  ഇറങ്ങിയത് .
താഴേക്കുള്ള  യാത്രയിൽ  നീലനിറത്തിൽ  പതഞ്ഞൊഴുകുന്ന  ഭാഗീരഥി  നദിയുടെ   ചേതോഹരമായ  കാഴ്ചയാണ്  ഞങ്ങളെ  വരവേറ്റത് ......
ഭാഗീരഥി  നദിക്കു  കുറുകെ  ഇരുമ്പുകമ്പികളിൽ  തൂക്കിയിട്ടിരിക്കുന്ന  പാലം  കടന്നുവേണം  ദേവ സംഗമ  സ്ഥാനത്തേക്ക്  പോകാൻ .
പാലത്തിലൂടെ  നടക്കുമ്പോൾ  മക്കൾ  അരുന്ധതിയും  അതീന്ദ്രയും  ഭാഗീരഥിയുടെ  ആക്രോശങ്ങൾ   ആസ്വദിക്കുന്നുണ്ടായിരുന്നു ....ഭാര്യ  ലളിതാംബികയാണെങ്കിൽ  കാഴ്ചകളുടെ  വിസ്‌മയത്തിലും .....
 പ്രയാഗ്  തീരത്തേക്ക്  ഇറങ്ങുന്നതിനു  മുൻപ്  മലയിടുക്കിലൂടെ  ഒഴുകിയെത്തുന്ന  അളകനന്ദയെ  ഒരുനിമിഷം  ഞാൻ  നോക്കിനിന്നു .
ഹിമമുടികളിലൂടെ   ആർത്തലച്ചു ഒഴുകിയെത്തുന്ന  അളകനന്ദ  സംഗമസ്ഥാനത്തെത്തുമ്പോൾ  ശാന്തയായി കണ്ടു .ഇളം ചുവപ്പുകലർന്ന  പച്ചനിറമാണ്  അളകാനന്ദയ്ക്ക് .
അളകനന്ദയുടെ  തെളിനീരലകളിൽ  നീന്തിനടക്കുന്ന  മത്സ്യങ്ങൾ  കുട്ടികളുടെ  കണ്ണുകൾക്ക്  വിരുന്നൊരുക്കി .  
iഇൻഡോ  തിബത്തൻ  അതിർത്തിയിലെ  'മാനാ ' ഗ്രാമത്തിൽ നിന്നും  ഉത്ഭവിക്കുന്ന  സരസ്വതി  നദി  ഭൂമിക്കടിയിലൂടെ  ഒഴുകി  രഘുനാഥ  ഭഗവാൻറ്റെ   പാദങ്ങൾക്കടിയിലൂടെ   പ്രവഹിച്ചു  ഈ  സംഗമത്തിൽ  ലയിക്കുന്നു   എന്ന്   വിശ്വസിക്കുന്നു  .

അപൂർവമായ  ദേവ സംഗമത്തിൻറ്റെ   മാസ്മരിക  ഭാവം  കണ്ടുനിൽക്കുന്നതിനിടെ   പാണ്ഡകൾ   പിന്നാലെ  കൂടി  .ഈ  പുണ്ണ്യ  സംഗമത്തിൽ  പിതൃ  തർപ്പണം  നടത്തുന്നതിൻറ്റെ   മഹത്വത്തെ  ക്കുറിച്ചു  അവർ  പറഞ്ഞുകൊണ്ടിരുന്നു  .അവസാനം  ഏതോ  ഒരു  ശാസ്ത്രികൾ  എന്ന്   സ്വയം   പരിചയപ്പെടുത്തിയ   പാണ്ഡയുടെ   മുന്നിൽ  ഞാൻ    പിതൃ തർപ്പണത്തിനു  തയ്യാറായി  .
പരിപാവനമായ  ഭാഗീരഥിയെയും  അളകാനന്ദയെയും  സാരസ്വതിയെയും  സാക്ഷിയാക്കി  ഗംഗയുടെ  ഉത്ഭവ  സ്ഥാനത്ത്  മൺമറഞ്ഞുപോയ  പിതൃ  പാരമ്പരകൾക്കായി  ഒരു  സാങ്കല്പിക   ബലിതർപ്പണം  .
 ബലിതർപ്പണത്തിനു  ശേഷം  ദേവപ്രയാഗിൻറ്റെ   ഓളങ്ങളിലേക്ക്   ഇറങ്ങുമ്പോൾ   ഭാര്യ  ലളിതാംബികയും  കുട്ടികളും  ദേവ സംഗമത്തിൻറ്റെ  കുളിരലകളുടെ   സ്പർശന  സുഖം  നുകരുന്നതു  കണ്ടു .പുണ്ണ്യ സംഗമത്തിൽ  നിരവധിപ്പേർ   പ്രാർത്തനകളോടെ  മുങ്ങി നിവരുന്നുണ്ട്.....
ദേവ സംഗമത്തിൻറ്റെ  ഓളങ്ങളെ  തൊട്ടുവണങ്ങുമ്പോൾ   അടുത്തുനിന്ന  ശാസ്ത്രികൾ സ്നേഹപൂർവ്വം   ഓർമപ്പെടുത്തി :
" സൂക്ഷിക്കണം  .... അവസാന  ശ്വാസവുമെടുത്ത്  ഒട്ടേറെ  ജീവനുകൾ  ഇവിടെ  മുങ്ങി താഴുന്നത്  ഞങ്ങൾ  കണ്ടിട്ടുണ്ട്  ....ചിലർ  സ്വന്തഇഷ്ടത്തിന്    ഓളങ്ങളിൽ  മോക്ഷപ്രാപ്തി  തേടുന്നു ... ചിലർ  അബദ്ധത്തിൽ  ഒഴുക്കിൽ പ്പെടുന്നു  .... "

  ശാസ്ത്രികളുടെ  മുന്നറിയിപ്പ്  മുഖവിലയ്ക്കെടുത്ത് വളരെ  സൂക്ഷിച്ചാണ്  ദേവ സംഗമങ്ങളുടെ  ഓളങ്ങളിലേക്ക്  ഇറങ്ങിയത്  .....
  ദേവസംഗമ ഭൂമിയിൽ  നിൽക്കുമ്പോൾ  മനസ്സിനുള്ളിൽ  നിറയുന്നത്  തീർത്ഥ പ്രവാഹങ്ങളുടെ  തിരത്തള്ളൽ  ....
തിരകളിൽ  മഞ്ഞിൻറ്റെ   കുളിരലകളുമായി  ഒഴുകുന്ന  ഭാഗീരഥിയുടെ  കിന്നാരവും  ശാന്തയല്ലാത്ത  അളകനന്ദയുടെ അട്ടഹാസവും  ഞാൻ  കേൾക്കുന്നു .....

പ്രകൃതിയിലാകെ  നിറയുന്ന  പ്രലോഭനങ്ങൾ  ഭക്തിസാന്ദ്രമായി  പരിണമിക്കുന്നത്  ഞാൻ  തിരിച്ചറിയുന്നു  ....
.
കൈക്കുമ്പിളിൽ  ഒതുങ്ങിയ  ഭാഗീരഥിയും  അളകനന്ദയും  കർണപുടങ്ങളിലൂടെ  ഒഴുകിയിറങ്ങിയപ്പോൾ   ഹിമനിരകളുടെ  കുളിര്   ഞാൻ  തിരിച്ചറിഞ്ഞു ......

  പ്രവാഹ  തീരത്ത്  നിന്നും സമതലങ്ങളിലേക്ക്  ഒഴുകുന്ന  ഗംഗയുടെ  ഓളങ്ങളെ  തോട്ടുവണങ്ങി  പടികൾ  കയറുമ്പോൾ  മലമുളിലെ രഘുനാഥ് ജി  മന്ദിറിൽ  നിന്നും  സാഫല്യത്തിന്റെ  മണി മുഴങ്ങുന്നത്  ഞാൻ കേട്ടു  ..... 

 വിത്യസ്തനിറങ്ങളിൽ  വിത്യസ്ത  ഭാഗങ്ങളിലൂടെ  ഒഴുകിയെത്തി  ഒന്നായിത്തീരുന്ന   ഭാഗീരഥിയും  അളകാനന്ദയും  അനിർവചനീയമായ  ഒരു  ദൃശ്യ വിരുന്നാണ്  സമ്മാനിച്ചത്  .
ദേവപ്രയാഗിൻറ്റെ   പടികൾ കയറുമ്പോൾ  അപൂർവമായ  ആ  ദേവസംഗമം  ഒരിക്കൽക്കൂടി  ഞാൻ  കൺകുളിർക്കെ  കണ്ടുനിന്നു .ചരിത്രവും  ഐതീഹ്യവും  എന്തുതന്നെ  ആയാലും  ഈ  പുണ്ണ്യ സംഗമക്കാഴ്ച്ച  അനിവചനീയമായ  ഒരു  ആത്മ നിർവൃതിയാണ്  നൽകുന്നത് 
സ്നേഹപൂർവ്വം 
ഗിരീഷ് മാന്നാനം